Asianet News MalayalamAsianet News Malayalam

ഗാന്ധി കോലത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍

ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമായതോടെയാണ് പൊലീസ് നടപടി. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്

three arrested for shooting Mahatma Gandhi's effigy
Author
Aligarh, First Published Jan 31, 2019, 6:54 PM IST

അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്ത ഹിന്ദുമഹാസഭ പ്രവർത്തകർക്കെതിരെ നേരത്തെ അലിഗഡ് പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തിരുന്നു. 

കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമായതോടെയാണ് പൊലീസ് നടപടി.

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്.

ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവർത്തകർ  ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസ് മറ്റു വിവരങ്ങള്‍ പിന്നാലെ പുറത്ത് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, പൂജ ശകുൻ പാണ്ഡെയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു മഹാസഭ പൊലീസിന് കത്ത് നല്‍കിയെന്നും ആകാശ് കുല്‍ഹാരി പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരിൽ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാൽ ഗാന്ധിയുടെ രക്തസാക്ഷിത്വം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്. 

Follow Us:
Download App:
  • android
  • ios