Asianet News MalayalamAsianet News Malayalam

വിവാദ പ്രസംഗം; കോടതിയില്‍ പോകാന്‍ ശ്രീധരന്‍ പിള്ളക്ക് അവകാശമുണ്ട്: തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

Thushar Vellappally support sreedharan pillai in approaching court
Author
Kozhikode, First Published Nov 10, 2018, 3:50 PM IST

കോഴിക്കോട്: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പിന്തുണയ്ക്കുന്നതായി  ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ പോയത് എന്‍ഡിഎയുമായി ആലോചിച്ചല്ല. വ്യക്തിപരമായി അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ലെന്ന് ശ്രീധരന്‍ പിള്ളയും പറഞ്ഞിരുന്നു. വ്യക്തിപരമായ അവകാശത്തിന്‍റെ പുറത്താണ് ഹര്‍ജി നല്‍കിയത്. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിലുണ്ട്. എന്നാല്‍ യുവമോർച്ച പരിപാടിയിലെ പ്രസംഗം ദുരുദ്ദേശത്തോടെ ഉള്ളതല്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലുള്ളത്.

തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios