Asianet News MalayalamAsianet News Malayalam

51 യുവതികൾ ശബരിമല കയറി; പേരും ആധാർ നമ്പറും അടക്കം വിശദമായ പട്ടികയുമായി സർക്കാർ സുപ്രീംകോടതിയിൽ

ഇതുവരെ മല കയറിയ 51 യുവതികളുടെ ആധാർ നമ്പറും പേരും അടക്കമുള്ള വിവരങ്ങളാണ് കോടതിയിൽ സർക്കാർ നൽകിയിരിക്കുന്നത്. 

till now 51 women climbed sabarimala claims government in sabarimala
Author
Supreme Court of India, First Published Jan 18, 2019, 12:53 PM IST

ദില്ലി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ സർക്കാർ പട്ടിക നൽകിയത്. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 

പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. പുനഃപരിശോധനാഹർജികൾ എന്ന് പരിഗണിക്കുമെന്ന കാര്യം ഇപ്പോഴും ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടില്ല.

സർക്കാർ നൽകിയ പട്ടിക ഇവിടെ:

till now 51 women climbed sabarimala claims government in sabarimala

till now 51 women climbed sabarimala claims government in sabarimala

ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. മതിയായ സുരക്ഷ ഇപ്പോൾത്തന്നെ നൽകുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സർക്കാരിനോട് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി.

ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസരിയയാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായത്. 

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ബിന്ദുവും കനകദുർഗയും സുപ്രീംകോടതിയെ സമീപിച്ചത്. പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗാണ് ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടി ഇന്ന് ഹാജരായത്. പൌരൻമാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസർക്കാരാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, അത് ഉറപ്പാക്കണമെന്ന് സംസ്ഥാനസർക്കാരിന് നിർദേശവും നൽകി. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ആദ്യ ഹർജിയാണിത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.

എന്നാൽ ഈ ഹർജിയെ 22-ന് ശേഷം വാദം കേൾക്കാനിരിക്കുന്ന പുനഃപരിശോധനാഹർജികളുമായി ചേർക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

 

Follow Us:
Download App:
  • android
  • ios