Asianet News MalayalamAsianet News Malayalam

മുസ്‌ലിം സമുദായത്തിലും നല്ല  ആളുകളുണ്ടെന്ന് സെന്‍ കുമാര്‍

TP senkumar controversial interview in Samakalika Malayalam weekly
Author
Thiruvananthapuram, First Published Jul 8, 2017, 11:52 AM IST

'മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍'-പി.എസ് റംഷാദ് നടത്തിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. 

'മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം'-സെന്‍കുമാറിന്റെ അഭിമുഖത്തില്‍ പറയുന്നു.  

'ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളു. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്. എനിക്ക് വാട്ട്‌സാപ്പില്‍ കിട്ടിയ ഒരു ദൃശ്യമുണ്ട്. ഇസ്രയേലിനെതിരേ ഐക്യരാഷ്ട്രസഭയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇറാന്‍, സിറിയ, ഈജിപ്റ്റ്, ലബനോന്‍, പാക്കിസ്ഥാന്‍ എന്നിവരൊക്കെയുണ്ട്. ഇസ്രയേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രയേലിന്റെ മറുപടി എന്താണെന്നോ. 'ഇസ്രയേലില്‍ ഒന്നര ദശലക്ഷം മുസ്‌ലിംകളുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, സമുഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാകുന്നു. പക്ഷേ, ലിബിയയില്‍ എത്ര ജൂതന്മാരുണ്ട്? മുമ്പ് ഇത്രയുണ്ടായിരുന്നു, ഇപ്പോഴെത്ര. സൗദിയില്‍,  ഈജിപ്തില്‍‍.. നേരത്തേ എത്ര ജൂതന്മാരുണ്ടായിരുന്നു, ഇപ്പോഴെത്രയുണ്ട്.' ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജിഹാദ് അങ്ങനെയല്ലെന്നും എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്നും മനസിലാക്കിക്കൊടുക്കണം. ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്‌ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളു. മദ്രസയിലോ പള്ളിയിലോ പോയി പൊലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ. അതുകൊണ്ട് മുസ്‌ലിം പുരോഹിതരും സമുദായത്തില്‍ സ്വാധീനമുള്ളവരും മനസിലാക്കിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം'-അഭിമുഖത്തില്‍ പറയുന്നു. 

'എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും'-അഭിമുഖത്തില്‍ സെന്‍ കുമാര്‍ ചോദിക്കുന്നു. 

'ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്. അവര്‍ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും പകര്‍ത്തുകയാണ്. ഓം നമശിവായ പോലെ ഓം ക്രിസ്തുവായ നമ വരെയുണ്ട്. അതു ശരിയല്ല. ഓരോ മതത്തിനും സ്വന്തം വ്യക്തിത്വമുണ്ടാകണം. പക്ഷേ, എന്തുകൊണ്ടാണ് അത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ്. രണ്ടും ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കാനാണ്. അതാണ് ഞാന്‍ നേരത്തേ പറഞ്ഞത്, കുറേ സത്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്നോട്ടു പോകണം. എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളില്‍ തൈലം പുരട്ടിയിട്ടു കാര്യമില്ല'-അഭിമുഖത്തില്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios