Asianet News MalayalamAsianet News Malayalam

ട്രെയിന്‍ കൊള്ള: അന്വേഷണം കൊച്ചിയിലേക്കും

train robbery
Author
First Published Aug 16, 2016, 5:21 AM IST

കൊച്ചി: ട്രെയിനില്‍ കൊണ്ടു പോവുകയായിരുന്ന ആറു കോടി രൂപ കൊള്ളയടിച്ച കേസില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ  അന്വേഷണം കൊച്ചിയിലും. സേലം-ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസിന്റെ പ്രത്യേക കോച്ചിനു മുകളില്‍ ദ്വാരം ഉണ്ടാക്കിയാണു കവര്‍ച്ച നടത്തിയത്.

കൊള്ള നടന്നതിനു രണ്ടു ദിവസം മുന്‍പ് ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തി പരിശോധിച്ചു. ഇവിടെ വെച്ചാണോ ബോഗിക്ക് മുകളില്‍ ദ്വാരം ഉണ്ടാക്കിയതെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും ഈ ദിവസങ്ങളിലെ സംശയകരമായ ടെലിഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചു. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നു റെയില്‍വേ അറിയിച്ചു.

മൂന്നു കോച്ചുകളിലായി 342 കോടി രൂപയാണുണ്ടായിരുന്നത്. ഇതില്‍ മധ്യഭാഗത്തുള്ള കോച്ചില്‍ നിന്നാണു പണം കൊള്ളയടിക്കപ്പെട്ടത്. സേലത്തുനിന്നു പുറപ്പെട്ട ട്രെയിന്‍ 10 സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. ഈ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios