Asianet News MalayalamAsianet News Malayalam

അഗസ്ത്യാർകൂടത്തിലേക്ക് ട്രക്കിംഗ് തുടങ്ങി; മല കയറുന്ന ആദ്യ വനിത ധന്യാ സനൽ

ആദിവാസിഗോത്രമഹാസഭ സ്ത്രീകളെ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോൾ അവരെ തടയുന്ന പ്രതിഷേധമുണ്ടായില്ല. 

trekking starts to agasthyamala dhanya sanal to be the first women who treks the agasthyamala
Author
Thiruvananthapuram, First Published Jan 14, 2019, 11:10 AM IST

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തിൽ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യാർകൂടത്തിലെ ആദ്യട്രക്കിംഗ് സംഘത്തിലെ ഏക വനിത. ഇതോടെ ഏറെക്കാലത്തിന് ശേഷം അഗസ്ത്യമല കയറുന്ന ആദ്യ സ്ത്രീയായി ധന്യാ സനൽ.

ആദിവാസിഗോത്രമഹാസഭ സ്ത്രീകൾ പ്രവേശിച്ചാൽ തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോൾ പ്രതിഷേധമൊന്നുമുണ്ടായില്ല. പകരം ആദിവാസികൾ അവരുടെ പരമ്പരാഗതക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധയജ്ഞം നടത്തുകയാണ്.

മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയിൽ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്. നൂറ് സ്ത്രീകളാണ് ആദ്യസീസണിൽ ട്രക്കിംഗിന് ബുക്ക് ചെയ്തിരിക്കുന്നത്. ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേർ. 

ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന‌് ബോണക്കാടുനിന്ന‌് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയിൽ അവസാനിക്കും. സ‌്ത്രീകൾക്ക‌് അതിരുമലയിൽ വനംവകുപ്പ‌് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. രണ്ടാംദിവസം ഏഴുകിലോമീറ്റർ സഞ്ചരിച്ച‌ാൽ അഗസ‌്ത്യാർകൂടത്തിന്റെ നെറുകയിലെത്താം. 

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ‌് സ്ത്രീകൾക്കും അഗസ‌്ത്യമല കയറാമെന്ന‌് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത‌്. ആചാരങ്ങളുടെ പേരിൽ സ‌്ത്രീകൾക്ക‌് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ‌്ത്യ മലയിലേക്ക‌് സ‌്ത്രീകൾക്ക‌് അനുവാദം നൽകാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട‌്  സ‌്ത്രീകൾ താൽപര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാൽ  കുറേ വർഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങൾ നടത്തുന്നനിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.

ഈ വർഷം രജിസ‌്ട്രേഷൻ ആരംഭിച്ചപ്പോൾ മൂവായിരത്തിലധികം സ‌്ത്രീകൾ അപേക്ഷിച്ചു. ഇതിൽ നൂറുപേർക്കാണ‌് അനുമതി നൽകിയിട്ടുള്ളത‌്. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസ‌്ത്യാർകൂട മലയുടെ മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്. 
     
എന്നാൽ മലയുടെ ഏറ്റവും മുകളിൽ വരെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്.

Follow Us:
Download App:
  • android
  • ios