Asianet News MalayalamAsianet News Malayalam

മുസ്ലീം വിരുദ്ധ ട്വീറ്റ്; ട്രംപിനെതിരെ പ്രതിഷേധം ശക്തം

Trump retweets anti Muslim videos
Author
First Published Nov 30, 2017, 8:23 AM IST

വാഷിംഗ്ടണ്‍: മുസ്ലീം വിരുദ്ധ വീഡിയോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടണിലെ തീവ്രവലതു പക്ഷ സംഘടനയായ ബ്രിട്ടണ്‍ ഫസ്റ്റിന്റെ നേതാവ് ജയ്ഡ ഫ്രാന്‍സന്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്രംപ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രംപിന്റേത് തെറ്റായ നടപടിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പ്രതികരിച്ചു. 

ബ്രിട്ടന്‍ ഫസ്റ്റ് എന്ന തീവ്രദേശിയവാദികളുടെ നേതാവ് ജയ്ഡ ഫ്രാന്‍സന്‍ ആണ് മുസ്ലിം വിരുദ്ധ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനെതിരായി നിലപാടെടുത്തിട്ടുള്ള ട്രംപ്, ജയ്ഡ ഫ്രാന്‍സന്‍റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. അതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു. ബ്രിട്ടിഷ് പാര്‍ലമെന്റിലെ പ്രതിപക്ഷമടക്കം ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനമാണുന്നയിച്ചിരിക്കുന്നത്. 

എന്നാല്‍ ബ്രിട്ടനിലെ ദേശീയവാദികള്‍ ട്രംപിനെ അഭിനന്ദിച്ചു. ബ്രിട്ടനിലെ മത രാഷ്ട്രീയ വിഷയങ്ങളില്‍ ട്രംപ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ആദ്യമായല്ല. ഭീകരാക്രമണത്തില്‍ ലണ്ടന്‍ മേയറെ വിമര്‍ശിച്ചതായിരുന്നു  ആദ്യത്തെ സംഭവം. അമേരിക്ക ആദ്യം, അമേരിക്കയെ സുരക്ഷിതമാക്കൂ എന്ന തന്റെ പ്രചാരണവാചകം ആവര്‍ത്തിച്ചുറിപ്പിക്കാനാണ് ട്രംപ് ഇത്തരം വിമര്‍ശനങ്ങളിലൂടെ ശ്രമിക്കുന്നത്. 

പക്ഷേ ഇത്തവണ തിരിച്ചടി കനത്തതായി. അമേരിക്കിയലെ കു ക്ലക്‌സ് ക്ലാന്‍ നേതാവ് ഡേവിഡ് ഡ്യൂക്കും ട്വിറ്ററിലൂടെ പ്രസിഡന്റിനെ അഭിനന്ദിച്ചതോടെ പ്രശ്‌നം രൂക്ഷമായിരിക്കയാണ്. അതേസമയം വിവാദത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ് മാധ്യമവിഭാഗം രംഗത്തെത്തി. അതിര്‍ത്തി സുരക്ഷ, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടാനാണ് ട്വീറ്റിലൂടെ ട്രംപ് ശ്രമിച്ചതെന്നായിരുന്നു വിശദീകരണം.
 

Follow Us:
Download App:
  • android
  • ios