Asianet News MalayalamAsianet News Malayalam

തളിപ്പറമ്പ് സ്വത്ത് തട്ടൽ കേസ്: സിനിമയെ വെല്ലുന്ന തിരക്കഥ

two arrested for snatching assets using fake documents
Author
First Published Oct 24, 2017, 11:17 PM IST

കണ്ണൂര്‍: കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാനായി 37 വർഷം പിറകിലുള്ള വ്യാജവിവാഹ രേഖയുണ്ടാക്കിയത് മുതൽ ആസൂത്രിതമായി നടന്ന തട്ടിപ്പുകളുടെയും കൃത്രിമങ്ങളുടെയും ആകെത്തുകയാണ് പ്രമാദമായ തളിപ്പറമ്പ് സ്വത്ത് തട്ടൽ കേസ്. തന്‍റെ അഭിഭാഷക പദവിയുപയോഗിച്ച് പ്രധാന പ്രതി ശൈലജ നടത്തിയ തട്ടിപ്പുകളുടെ നാൾവഴി ഇങ്ങനെയാണ്.

തളിപ്പറമ്പ് തൃച്ഛംബരത്തെ ഡോ കുഞ്ഞമ്പുവിന്റെ കോടികൾ വിലയുള്ള സ്വത്തുക്കൾ. അവകാശികൾ 3 ആൺമക്കളടക്കം 7 മക്കൾ. കുഞ്ഞമ്പുവിന്‍റെ മരണശേഷവും ആരും തിരിഞ്ഞ് നോക്കാതെ കാടുകയറിയ ദേശീയപാതയോരത്തെ 4 ഏക്കറും ബംഗ്ലാവുമടക്കം ഈ സ്വത്താണ് തട്ടിപ്പിന്‍റെ പശ്ചാത്തലം.  ഒരു കേസുമായി ബന്ധപ്പെട്ട് മക്കളിൽ ഒരാളായ രമേശനിൽ നിന്ന് ഈ സ്വത്തിന്‍റെ രേഖകൾ ശൈലജയ്ക്ക് കിട്ടിയതാണ് സ്വത്ത് തട്ടിപ്പിലേക്ക് വാതിൽ തുറന്നത്. 

പിന്നീട് കുഞ്ഞമ്പു നായരുടെ രണ്ടാമത്തെ മകനും അവിവാഹിതനുമായ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണനെ കേന്ദ്രീകരിച്ചായിരുന്നു അഭിഭാഷകയായ ശൈലജ ആസൂത്രണം ചെയ്ത സിനിമാക്കഥയെ വെല്ലുന്ന സ്വത്ത് തട്ടൽ. ഇളയ സഹോദരന്‍ രമേശനുമായുള്ള തർക്കത്തെത്തുടർന്ന് ബാലകൃഷ്ന്‍റെ സഹോദരി വിജയലക്ഷ്മി 2004ൽ ഫയൽ ചെയ്ത കേസിലൂടെ  മുഴുവൻ സ്വത്തിന്‍റെയും രേഖകൾ മറ്റൊരഭിഭാഷകന്‍റെ ജൂനിയറായ ശൈലജയുടെ കൈയിലെത്തി.   ഇതോടെ ബാലകൃഷണനുമായി ബന്ധം സ്ഥാപിച്ച് ശൈലജ തട്ടിപ്പിന് വഴിയൊരുക്കി.  

സ്വത്ത് എഴുതിയെടുക്കാൻ അവസരം കാത്തിരിക്കെ  2011ൽ തിരുവനന്തപുരത്ത് വെച്ച് ബാലകൃഷ്ണൻ അസുഖം മൂർച്ഛിച്ച് കിടപ്പിലായി.  ഈയവസ്ഥയിൽ ബാലകൃഷ്ണനെ ശൈലജയും ഭർത്താവ് കൃഷ്ണകുമാറും ചേർന്ന് കണ്ണൂരിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് തട്ടിപ്പിന്റെ ആദ്യ സുപ്രധാന കരുനീക്കം. മരണത്തിനുമുന്‍പേ ഇയാളുടെ സ്വത്തുക്കള്‍ എഴുതിവാങ്ങാനായിരുന്നു യാത്രയിൽ  വഴിയിൽ വെച്ച് ബാലകൃഷ്ണൻ മരിച്ചതോടെ നീക്കം പാളി. ആരുമറിയാതെ മൃതദേഹം സംസ്കരിച്ചു.  

പിന്നീട് തന്‍റെ സഹോദരി ജാനകിയുമായി ബാലകൃഷ്ണന്‍റെ വിവാഹം നടന്നെന്ന് വ്യാജരേഖയുണ്ടാക്കി ശൈലജയുടെ അടുത്ത നീക്കം. വിവാഹരേഖയുണ്ടാക്കാൻ 37 വർഷം പിറകിലോട്ട് സഞ്ചരിച്ചു ശൈലജയുടെ ബുദ്ധി.  സാധാരണ 1 വർഷമെങ്കിലും താമസമെടുക്കുന്ന പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ശൈലജ ഒരുമാസം കൊണ്ടാണ് തയ്യാറാക്കി എടുത്തു. രേഖകൾ തയ്യാറാക്കി നൽകിയ തഹസിൽദാറും വില്ലേജ് ഓഫീസറും കേസിൽ നാലും അഞ്ചും പ്രതികളാണ്.  

മക്കൾക്കിടയിൽ വീതം വെക്കാൻ കോടതി 2010ൽ പറഞ്ഞ സ്വത്തുവകകളിലൊന്നും പെടാത്ത അമ്മാനപ്പാറയിലെ 6 ഏക്കർ, ബാലകൃഷ്ണന്‍റെ കുടംബ പെൻഷൻ, അക്കൗണ്ടിലെ അരലക്ഷത്തിലധികം രൂപ. ഇങ്ങനെ പോകുന്നു ജാനകി വഴി ശൈലജ തട്ടിയെടുത്തവ.  തിരുവനന്തപുരത്തെ വീടും സ്ഥലവും കൈക്കലാക്കി മറിച്ചുവില്‍ക്കുകയും ചെയ്തു,   മുറിച്ചെടുത്ത് വിറ്റ മരങ്ങൾ വേറെ.

 ഇതിനിടെ ബാക്കി സ്വത്തുക്കൾ കൂടി കൈക്കലാക്കാനുള്ള ശ്രമം പക്ഷെ നാട്ടുകാരറിഞ്ഞു. ആക്ഷൻ കൗൺസിൽ പൊലീസിനെ സമീപിച്ചു. ഇതിനിടെ  തൃച്ഛംബരത്തെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ വന്നയാളെ ഷൈലജ ഭീഷണിപ്പെടുത്തുന്ന ഫോൺസംഭാഷണവും പുറത്തുവന്നു. ഇതോടെ  നൂലാമാലകൾ നിറഞ്ഞ കേസ് ആദ്യം അവഗണിച്ച പൊലീസ് ഗൗരവം തിരിച്ചറിഞ്ഞതോടെ പൊളിഞ്ഞത് വലിയ തട്ടിപ്പിന്‍റെ കഥയായിരുന്നു.

കേസിൽ  ആദ്യം അറസ്റ്റിലായത് ശൈലജയുടെ സഹോദരി ജാനകി.  ആഗസ്റ്റ് രണ്ടിനായിരുന്നു അറസ്റ്റ്. ബാലകൃഷ്ണനുമായി വിവാഹം നടന്നിട്ടില്ലെന്നും, എല്ലാം ശൈലജയുടെ തന്ത്രമായിരുന്നെന്നും ജാനകി പറഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. പക്ഷെ ഇതിനിടെ മുങ്ങിയ ശൈലജയെയും ഭർത്താവിനെയും പിടികിട്ടാൻ പൊലീസിന് പാടുപെടേണ്ടി വന്നു..16 ദിവസങ്ങൾക്ക് ശേഷം  ആഗസ്റ്റ് പതിനെട്ടിന് രാവിലെ പ്രതികൾ കീഴടങ്ങിയത് വഴിത്തിരിവായി.

ഒടുവിൽ ബാലകൃഷ്ണനെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് കൊണ്ടുവരാൻ നടത്തിയ ശ്രമത്തിന് മനപൂർവമല്ലാത്ത മനഹത്യക്ക് കേസെടുത്ത് ശൈലജയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇതോടെ കേസന്വേഷണത്തിൽ പ്രധാനഘട്ടം പൂർത്തീകരിച്ചിരിക്കുകയാണ് പൊലീസ്. തങ്ങളുടെ ദൗത്യത്തിൽ വലിയ ഭാഗം കഴിഞ്ഞെന്ന ആശ്വാസത്തിലാണ് ആക്ഷൻ കൗൺസിലും. എങ്കിലും കാടുമൂടിയ ബംഗ്ലാവ് നിലനിൽക്കുന്ന ദുരൂഹതകളുടെ ഭൂമിയിൽ ഇനിയെന്തൊക്കെ കഥകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കാത്തിരുന്ന് കാണണം.ശൈലജയുടെ മറുവാദങ്ങളും തന്ത്രങ്ങളും എന്തൊക്കെയാണെന്നും.
 

Follow Us:
Download App:
  • android
  • ios