Asianet News MalayalamAsianet News Malayalam

പനിയുടെ മറവില്‍ നഴ്‌സുമാരുടെ സമരം അട്ടിമറിക്കാനുള്ള നീക്കം പൊളിക്കാന്‍ യു.എന്‍.എയുടെ പുതിയ നിര്‍ദേശം

UNA offers free service in hospital as a form of protest
Author
First Published Jun 21, 2017, 1:46 PM IST

തൃശൂര്‍: പകര്‍ച്ചപ്പനി ഉള്‍പ്പെടെ മഴക്കാല രോഗങ്ങളെ ചൂണ്ടിക്കാണിച്ച് നഴ്‌സുമാരുടെ സമരത്തെ അട്ടിമറിക്കാനുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റു ശ്രമങ്ങള്‍ക്കെതിരെ നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ). സമരത്തെ സേവനമായി മാറ്റി സര്‍ക്കാരിനെ സഹായിക്കാമെന്ന നിര്‍ദേശവുമായി യു.എന്‍.എ രംഗത്തെത്തി. പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ സംഘടന അറിയിക്കും. 

വേതനവര്‍ദ്ധനവില്ലാതെ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവില്ലെന്ന നിലപാടില്‍ നഴ്‌സുമാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സമരം തീരുന്നത് വരെ സൗജന്യ സേവനം നടത്തുമെന്നാണ് നഴ്‌സുമാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയ്‌ക്ക് സൗകര്യക്കുറവുണ്ടെന്നത് വസ്തുതയാണെങ്കില്‍, സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലെ മെഡിസിന്‍ വാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുക്കാന്‍ തയ്യാറാവണം. അവിടെ നഴ്‌സുമാര്‍ പകര്‍ച്ചപ്പനി ബാധിതരെ സൗജന്യമായി പരിചരിക്കാന്‍ ആരോഗ്യവകുപ്പിനൊപ്പം നില്‍ക്കും. സ്വകാര്യ ആശുപത്രികളിലെ ഒരു വിഭാഗം ഡോക്ടര്‍മാരും നഴ്‌സുമാരുടെ ഈ ഉദ്യമത്തിന് ഒപ്പം നില്‍ക്കുമെന്നും യു.എന്‍.എ അറിയിച്ചിട്ടുണ്ട്. അതുമല്ലെങ്കില്‍ പനിക്കാലത്ത് സൗജന്യമായി രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറായാല്‍ അതിനോടും സഹകരിക്കും. മറിച്ച് ജനവികാരം ഇളക്കിവിട്ട് പനി ബാധിതരെ കൊള്ളയടിക്കാന്‍ മാനേജ്‌മെന്റുകളെ അനുവദിക്കില്ല.

നഴ്‌സുമാരുടെ സമരം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്കാണെന്നാണ് പറയുന്നത്.  ആവശ്യത്തിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഇല്ലാത്തതാണ് സര്‍ക്കാര്‍ ആശുപത്രികളെ വലയ്‌ക്കുന്നതെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ഭരണതലപ്പത്തുള്ളവരും വ്യക്തമാക്കുന്നുണ്ട്. ഇക്കാരണത്താല്‍ നഴ്‌സുമാര്‍ പണിമുടക്ക് പിന്‍വലിക്കണമെന്ന ആവശ്യം സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ് യു.എന്‍.എയുടെ നിഗമനം. നഴ്‌സുമാരുടെ നിര്‍ദ്ദേശത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രടടിപ്പിക്കുമെന്നാണ് യു.എന്‍.എയുടെ പ്രതീക്ഷ. പനി ബാധിച്ചെത്തുന്നവരെ വന്‍ ബില്ലുനല്‍കി പിഴിയുന്ന മാനേജ്‌മെന്റുകളെ നിലയ്‌ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെയാണ് നീക്കമെങ്കില്‍ പ്രതികരിക്കേണ്ടത് പൊതു സമൂഹമാണെന്നും യു.എന്‍.എ അഭിപ്രായപ്പെട്ടു.

അതേസമയം, നഴ്‌സുമാര്‍ തുടരുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വേതന വര്‍ദ്ധനവ് വരുത്തിയ ദയ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നു. മറ്റു ആശുപത്രികളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കൂടുതല്‍ ആശുപത്രികളുടെ മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരും. ജില്ലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്ത് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗവും ഇന്ന് ചേരും. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും യു.എന്‍.എ സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. 27ന് നടക്കുന്ന യോഗത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അന്നത്തെ നൈറ്റ് ഷിഫ്റ്റ് മുതല്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് നഴ്‌സുമാരുടെ തീരുമാനം. ഇതിന് മുന്നോടിയായി നാളെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ചും 26ന് തിരുവന്തപുരത്ത് പ്രകടനത്തോടെ സമരപ്രഖ്യാപന കണ്‍വന്‍ഷനും നടത്തുമെന്നും യു.എന്‍.എ അറിയിച്ചു.

Follow Us:
Download App:
  • android
  • ios