Asianet News MalayalamAsianet News Malayalam

വയനാട്ടിലെ അവിവാഹിത അമ്മമാർ: സംസ്ഥാനത്തിന് മനുഷ്യാവകാശ കമ്മീഷന്‍റെ രൂക്ഷവിമര്‍ശനം

Unmarried tribal mothers in wayandu
Author
First Published Jul 8, 2016, 1:50 PM IST

ന്യൂഡല്‍ഹി: വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാരുടെ ശോചനീയാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അശാസ്ത്രീയ വികസനത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു കൂടി പരിഗണിച്ചാണ് കമ്മീഷന്‍റെ നടപടി. അമ്മമാരുടെ പരിതാപരകമായ അവസ്ഥ അപലപനീയമെന്നും കമ്മീഷന്‍ പറഞ്ഞു. തെളിവെടുപ്പിനായി കമ്മീഷൻ അടുത്ത മാസം വയനാട്ടിലെത്തും. കല്‍പ്പറ്റയിലെ ആദിവാസി ഊരുകളില്‍ കൂരകള്‍ തകര്‍ന്ന് വീഴുമ്പോള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ടൈല്‍ പാകുന്നതായി  ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ കമ്മീഷന്‍ ജില്ലാഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ മാസം 28ന് അകം വിശദീകരണ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2014ലാണ് അവിവാഹിതരായ അമ്മമാരുടെ വിഷയത്തില്‍ മനുഷ്യവകാശ കമ്മീഷന് കോണ്‍ഗ്ര്സ് നേതാവ് മാത്യു കുഴല്‍നാടന്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടപടികള്‍ വിശദീകരിക്കാന്‍ കലക്ടോറ് ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 215 അമ്മമാരുണ്ടെന്നും  ഇവര്‍ക്ക് സഹായം നല്‍കാന്‍ ശ്രമിച്ചിരുന്നതായും വ്യക്തമാക്കിയരുന്നു. എന്നാല്‍ എത്രപേര്‍ക്ക് സഹായം കിട്ടി എന്നതിനുള്ള വ്യക്തമായ രേഖകള്‍ ഇല്ലെന്നുമായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട്. പണം ചിലവഴിക്കുന്നതിനു രേഖകളില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം വീഴ്ച സമ്മതിച്ചു. തുടര്‍ന്ന് കമ്മീഷന്‍ വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അവിവാഹിത അമ്മമാരുടെ പൂർണ്ണ വിവരം നല്കണമെന്നും കമ്മീഷൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ആഗസ്റ്റില്‍ വയനാട്ടിലെത്തി തെളിവെടുപ്പ് നടത്താനും കമ്മീഷന്‍ തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

വയനാട്ടിലെ അവിവാഹിതരായ അമ്മമാര്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് മന്ത്രി ഏ കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുനരധിവാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചു തൊഴില്‍ നല്‍കും. അച്ഛനില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഉദ്യോഗസ്ഥരെയും വളണ്ടിയേഴ്സിനെയും ഫലപ്രദമായി ഉപയോഗിക്കുമെന്നും ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ അഞ‌്ച് വര്‍ഷം കൊണ്ട് കുളം തോണ്ടിയ വകുപ്പ് പട്ടികജാതി വകുപ്പെന്നും ഏ കെ ബാലന്‍.  ഉത്തരവാദിത്വമില്ലാത്ത ഒരു കാലഘട്ടമായിരുന്നു. പഴയമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. എസ്‍ടി ഡയറക്ടറെ ഉപയോഗിച്ച് സമഗ്രമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. ക്രമവിരുദ്ധമായ പ്രവര്‍ത്തികള്‍ ഊരുവികസനത്തിന്‍റെ പേരില്‍ നടന്നിട്ടുണ്ട്. ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ട്. ബ്യൂറോക്രാറ്റിക്ക് സെറ്റപ്പിന്‍റെ ഇടപടല്‍ സാമ്പത്തിക ദുരുപയോഗത്തിനിടയാക്കി. തകര്‍ന്നു വീഴാറായ കൂരകളുടെ മുറ്റത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ടൈല്‍ പാകിയ സംഭവത്തില്‍ സെക്രട്ടറി തല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios