Asianet News MalayalamAsianet News Malayalam

വെടിയുതിര്‍ക്കും മുമ്പ് കോടാലികൊണ്ട് വിരലറുത്തു, തലയ്ക്കും വെട്ട്; സുബോധ് സിംഗിനെ കൊലപ്പെടുത്തിയത് ക്രൂരമായി

പൊലിസ് ഉദ്യോ​ഗസ്ഥനായ സുബോധ് കുമാർ സിം​ഗിനെ വെടിവച്ച് കൊന്നതിന്റെ പേരിൽ പ്രശാന്ത് നാട്ട് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. ബുലന്ദ്ഷഹർ-നോയിഡ അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. 

UP cop attacked with axe, stones, dragged before he was shot in point blank
Author
Delhi, First Published Dec 28, 2018, 7:29 PM IST

ദില്ലി:  ബുലന്ദ്ഷഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെട്ട പൊലിസുദ്യോഗസ്ഥന്‍ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോര്‍ട്ട്. പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിം​ഗിനെ വെടിയേല്‍ക്കുന്നതിന് മുന്‍പ് കോടാലികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും കല്ലുകള്‍ കൊണ്ടും വടി കൊണ്ടും പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ലൈസന്‍സുള്ള തോക്കുകൊണ്ടായിരുന്നു സുബോധ് കുമാര്‍ സിം​ഗിനെ വെടിവച്ചതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. പൊലിസ് എത്തിയ ജീപ്പ് കത്തിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പൊലിസ് ഉദ്യോ​ഗസ്ഥനായ സുബോധ് കുമാർ സിം​ഗിനെ വെടിവച്ച് കൊന്നതിന്റെ പേരിൽ പ്രശാന്ത് നാട്ട് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. ബുലന്ദ്ഷഹർ-നോയിഡ അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ് പിടിയിലായ പ്രശാന്ത് നാട്ട്. സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലിസ് വിശദമാക്കി. 

കോടാലി ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ നിര്‍ത്തിയായിരുന്നു വെടിയുതിർത്തതെന്ന് പൊലിസ് വിശദമാക്കി. വനത്തിന് സമീപം പശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാനായിരുന്നു സുബോധ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് എത്തിയത്. നാനൂറോളം പേര്‍ അടങ്ങിയ സംഘമായിരുന്നു പൊലിസിന് നേരെ കല്ലേറ് തുടങ്ങിയത്. ഇരച്ചെത്തിയ ആള്‍ക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചത്  ബംജ്രംഗ്ദള്‍ പ്രവര്‍ത്തകനായ യോഗേഷ് രാജ് ആയിരുന്നു. 

തലയില്‍ വെട്ടേല്‍ക്കുന്നതിന് മുന്‍പ് പൊലിസ് ഉദ്യോഗസ്ഥന്റെ വിരലുകള്‍ കോടാലി കൊണ്ട് വെട്ടിമാറ്റിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു സുബോധ് കുമാര്‍ സിംഗിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അദ്ദേഹത്തെ പ്രശാന്ത് നാട്ട് വെടിവച്ചത്. 

UP cop attacked with axe, stones, dragged before he was shot in point blank

വെടിയേറ്റ് നിലത്തുവീണ ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം വടികൊണ്ട് പരിക്കേല്‍പ്പിച്ചു. സുബോധ് കുമാര്‍ സിംഗിനെ ആശുപത്രിയിലെത്തിക്കാന്‍ നടത്തിയ ശ്രമത്തെ കല്ലെറിഞ്ഞാണ് ആള്‍ക്കൂട്ടം നേരിട്ടത്. ആൾക്കൂട്ടം വാഹനത്തിനു തീ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം തിരികെയെത്തിയാണ് സുബോധ് കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ഇടത് പുരികത്തിന് മുകളിലായാണ് സുബോധ് കുമാര്‍ സിംഗിന് വെടിയേറ്റത്. കൈകളിലും കാലുകളിലുമായി നിരവധി പൊട്ടലുകളും ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. 

27 പേരെ പ്രതികളാക്കിയാണു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയതത്. സംഭവത്തിൽ പിടിയിലായ സൈനികോദ്യോഗസ്ഥനുൾപ്പെടെ ഇതിൽപെടുമെങ്കിലും പ്രശാന്ത് നട്ടിന്റെ പേര് എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല. എന്നാൽ പ്രശാന്ത് കേസിലെ മുഖ്യപ്രതിയാണെന്നു വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾതന്നെ വ്യക്തമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios