Asianet News MalayalamAsianet News Malayalam

വേമ്പനാട്ട് കായല്‍ മരണാസന്ന; ജലത്തിന് നിറം മാറ്റം, മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നു

  • വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്റ്ററി പുറം തള്ളുന്ന മാലിന്യമാണ് ഇതില്‍ പ്രധാനമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു.
Vembanad Lake The color of the water changes and the fish stagnates

ആലപ്പുഴ: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കായലാണ് വേമ്പനാട്ട് കായല്‍. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പരന്നു കിടക്കുന്ന കായല്‍ പക്ഷേ ഇപ്പോള്‍ വിഷമയമാണ്. കായലിലേക്ക് കൈവഴിയായെത്തുന്ന നദികളിലെല്ലാം വന്‍കിട കെമിക്കല്‍ ഫാക്റ്ററികള്‍ വന്നതും മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ഫാക്റ്ററികള്‍ കാണിക്കുന്ന ഭീതിതമായ നിശബ്ദതയും കായലിനെ നാള്‍ക്കുനാള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

2016 ലെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്)  -ന്റെ പഠനത്തില്‍ 50 വര്‍ഷമാണ് വേമ്പനാട്ട് കായലിന്റെ ആയുസ് പറഞ്ഞിരിക്കുന്നത്. മറ്റൊരു പഠനമായ അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് ദി എന്‍വറോണ്‍മെന്റ് ( എടിആര്‍ഇഇ) -ന്റെ പഠനത്തില്‍ വേമ്പനാട്ട് കായലിലെ എക്കലില്‍ ഓക്‌സിജന്റെ അളവില്‍ ഭീകരമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ആല്‍ഫ്രഡ് വെഗേണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ മറ്റൊരു പഠനത്തില്‍, വേമ്പനാട് കായലിന്റെ പല ഭാഗങ്ങളില്‍ നിന്ന് എടുത്ത ജല സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ അമിത സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇങ്ങനെ വേമ്പനാട്ട് കായലിനെക്കുറിച്ച് നടന്ന എല്ലാ പഠനത്തിലും കായലില്‍ ഒരോ ദിവസം കഴിയുമ്പോഴും വിഷം നിറയുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ഇടവിട്ടുള്ള ദിവസങ്ങളില്‍ വേമ്പനാട് കായലില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കായല്‍ ജലത്തില്‍ നിറവ്യത്യാസം കണ്ട് തുടങ്ങിയത്. ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്ന മലിന ജലത്തിന് ഇളം തവിട്ട് നിറമാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്റ്ററി പുറം തള്ളുന്ന മാലിന്യമാണ് ഇതില്‍ പ്രധാനമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. മൂവാറ്റുപുഴ ആറ്റില്‍ പതിക്കുന്ന മലിനജലം കൈവഴിയായ ഇത്തിപ്പുഴ ആറ്റിലൂടെ വേമ്പനാട്ട് കായലിലെത്തുകയാണെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. 

മലിനജലം മൂലം പുഴയിലെ ശുദ്ധജല മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായും തൊഴിലാളികള്‍ പറഞ്ഞു. നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശ്രയിക്കുന്ന വേമ്പനാട്ട് കായലില്‍ മലിനജലം കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. കായലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഇലച്ചില്‍, ഉറത്തല്‍, തെരണ്ടി എന്നിവയും ചെമ്മീന്‍, മലഞ്ഞീന്‍ വര്‍ഗ്ഗങ്ങള്‍, ചെറിയ കണമ്പ് ഇനങ്ങള്‍, കടക്കാരി, കൂരി തുടങ്ങിയ മത്സ്യ ഇനങ്ങളും വ്യാപകമായി വംശനാശ ഭീക്ഷണി നേരിടുകയാണ്. ഇത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. എടിആര്‍ഇഇയുടെ പഠനത്തില്‍ എക്കലിലെ ഓക്‌സിജന്റെ അളവില്‍ ഭീകരമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എക്കലിലെ ഓക്‌സിജന്റെ കുറവാണ് കായലിന്റെ അടിത്തട്ടിലെ ചെറു ജീവികളുടെ വംശനാശത്തിന് ഇടയാക്കുന്നത്. 

ഇതരസംസ്ഥാനത്ത് നിന്നും ചെമ്മീന്‍ വരവ് നിലച്ചതോടെ പീലിംഗ് മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. കടല്‍ മേഖല പ്രകൃതിക്ഷോഭ ഭീക്ഷണി നേരിടുന്നതിനാല്‍ അനുബന്ധ തൊഴിലും നിശ്ചലമായി. ദൈനംദിന ജീവിതത്തിന്റെ പ്രതീക്ഷയും മലിനജലം തകര്‍ത്തതോടെ തീരം വറുതിയിലകപ്പെട്ടിരിക്കുകയാണ്. മലിനജല ഭീക്ഷണിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിനൊപ്പം, ജലാശയത്തിലേയ്ക്ക് മലിനജലം ഒഴുക്കുന്ന കമ്പനിക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios