Asianet News MalayalamAsianet News Malayalam

ഹര്‍ത്താല്‍: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം

ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു. 

violence in harthal
Author
Thiruvananthapuram, First Published Jan 3, 2019, 7:49 AM IST

കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ആക്രമിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. 

പാലക്കാട് വെണ്ണക്കരയില്‍ ഇന്നലെ അര്‍ധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതര്‍ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെ മലപ്പുറം തവനൂരിലുള്ള സിപിഎം തവനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും ഒരു സംഘം തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. 

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയ റോഡിലും  ഹർത്താലാനുകൂലികൾ റോഡിൽ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു. 

പാലക്കാടും തൃശ്ശൂരും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു.  കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്‍റെ ചില്ല് തകര്‍ന്നു. 

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പന്പയിലേക്ക് മാത്രമാണ് കെഎസ്ആര്ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. അതേസമയം നിലക്കലിൽ നിന്ന് ചെങ്ങന്നൂർ,കോട്ടയം,-കുമളി ,തിരുവനന്തപുരം  ബസ്സുകൾ കോൺവോയി ആയി സർവ്വീസ് പുറപ്പെട്ടു.

ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി.നസ്റുദ്ദീന്റെ വീടിന് പോലീസ് കാവൽ ഏര്‍പ്പെടുത്തി . കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തെ ബി ജെ പി എതിർത്ത സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. അതേസമയം ഹർത്താൽ പരാജയപ്പെടുത്താൻ വേണ്ട പിന്തുണയോ പോലീസ് സഹായമോ വ്യാപാരികൾക്ക് കിട്ടുന്നില്ലെന്ന് ടി.നസറുദ്ദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികളുടെ ഭീഷണിയുണ്ട്. ഹർത്താൽ വിമുക്ത കേരളം പ്രഖ്യാപനം ഫലം കാണുമോയെന്ന് ആശങ്കയുണ്ടെന്നും ടി.നസ്റുദ്ദീൻ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios