Asianet News MalayalamAsianet News Malayalam

ഭാവി അറിയണോ ? കണ്ണന്‍ വൈദ്യര്‍ പറയും ; മുറവും അരിമണിയും കൊണ്ട്

want to know your future
Author
First Published Dec 13, 2017, 8:12 PM IST

കാസര്‍കോട് : എഴുത്തും വായനയും അറിയാത്ത 90 കഴിഞ്ഞ ആദിവാസി മൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ വൈദ്യര്‍ അരിമണി കൊണ്ട് ആളുകളുടെ ഭാവി പറയുമ്പോള്‍ അത് പ്രവചന വഴിയിലെ വേറിട്ട കാഴ്ച്ചയാവുന്നു.  കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെ കൊളത്തുകാട് മലവെട്ടുവ കോളനിയിലാണ് തടുപ്പ (മുറം) ജോതിഷത്തിലൂടെ കണ്ണന്‍ മൂപ്പന്‍ പ്രവചനവഴി തേടുന്നവരുടെ താരമാകുന്നത്. കര്‍ണ്ണാട മുന്‍മുഖ്യമന്ത്രി ബംഗാരപ്പ ഉള്‍പ്പടെ പോളണ്ടില്‍ നിന്നുള്ള സംഘം വരെ കണ്ണന്‍ മൂപ്പന്റെ തടുപ്പ ജോതിഷത്തിന്റെ അറിവ് തേടി കുളത്തുകാടെ മലമുകളിലെത്തിയിട്ടുണ്ട്.

സാധാരണ ജ്യോതിഷത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് കണ്ണന്‍ മൂപ്പന്റെ തടുപ്പ ജ്യോതിഷം. ചാണകം മെഴുകിയ തടുപ്പയില്‍ അരിമണികള്‍ കൊണ്ടാണ് മൂപ്പന്‍ രാശി പറയുന്നത്. തന്റെ മുന്നിലിരിക്കുന്ന ആളിന്റെ പേര് ചോദിച്ചറിഞ്ഞ് ആദിവാസി ഉപാസനാ മൂര്‍ത്തികളെ മനസ്സില്‍ ധ്യാനിച്ച് ഭാവി പറയുന്ന കണ്ണന്‍ മൂപ്പന് ഫീസൊന്നും വേണ്ട. പകരം വീട്ടുമുറ്റത്തെ കുടുംബ ക്ഷേത്ര ഭണ്ഠാരത്തില്‍ കാണിക്ക നല്‍കിയാല്‍ മതി. അതിനും കണക്കില്ല. അഞ്ചു രൂപയില്‍ കുറയരുതെന്നുമാത്രം. അതിനുമുണ്ട് കാരണം. കണ്ണന്‍ മൂപ്പന്റെ പ്രധാന ഉപാസനമൂര്‍ത്തികള്‍ അഞ്ചാണ്. 

തടുപ്പ ജ്യോതിഷത്തില്‍ ശ്രദ്ധേയനാകുന്ന ഈ ആദിവാസി മൂപ്പന്‍ നാട്ടുചികിത്സയിലും കേമനാണ്. എഴുത്തും വായനയും അറിയാത്ത കണ്ണന്‍ മൂപ്പന് പാരമ്പര്യമായി കൈവന്നതാണ് തടുപ്പ ജ്യോതിഷത്തിലെ അറിവുകള്‍. സ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്ത ഈ ആദിവാസി ഗോത്ര  മൂപ്പന്‍ പത്താം വയസില്‍ പിതാവ് കാവേരിയില്‍ നിന്നുമാണ് ആദിവാസി ജ്യോതിഷവും നാടന്‍ ചികിത്സാ രീതികളും സ്വായത്തമാക്കിയത്. അമ്മാവന്‍ ചങ്കരാന്തിയാണ് മൂപ്പന്റെ ഗുരു. 90 കഴിഞ്ഞ കണ്ണന്‍ മൂപ്പന് ശിഷ്യന്മാരായി ഇപ്പോള്‍ പതിനെഞ്ച് പേരുണ്ട്.

കാസര്‍കോടിന്റെ കിഴക്കന്‍ മലയോര പ്രദേശത്തെ കോളനിയില്‍ തടുപ്പ ജ്യോതിഷവും നാട്ടുവൈദ്യവുമായി കഴിഞ്ഞ കണ്ണന്‍ മൂപ്പന്‍ ബംഗാരപ്പയുടെ വരവോടെയാണ് നാട്ടില്‍ പ്രസിദ്ധനായത്. ജീപ്പ് മാത്രം കയറിയിറങ്ങുന്ന കണ്ണന്‍ മൂപ്പന്റെ മലമുകളിലെ കുടിലിലേക്ക് കര്‍ണ്ണാടക മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും വന്നപ്പോള്‍ നാട്ടിലാര്‍ക്കും ആദ്യം ഒന്നും പിടികിട്ടിയില്ല. പിന്നീടാണ് കോളനി മൂപ്പന്‍ ആളൊരു പുലിയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. വാര്‍ദ്ധക്യത്തിലും കര്‍ണ്ണാടകയില്‍ നിന്നും മഹാരാഷ്ടയില്‍ നിന്നുമുള്ളവര്‍ വിളിച്ചാല്‍ കണ്ണന്‍ മൂപ്പന്‍ അവിടേക്കു ചെന്ന് അരിമണി വിതറിയുള്ള പ്രവചനം പറയുന്നു.

ജില്ലയിലെ തല മുതിര്‍ന്ന ആദിവാസി ഗോത്ര മൂപ്പനായ നെല്ലിക്കാടന്‍ കണ്ണനെ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ആദരിക്കുക കൂടി ചെയ്തതോടെ കോളത്തുകാട് കോളനിയിലേക്ക് പ്രവചനം തേടി എത്തുന്നവരുടെ എണ്ണവുംകൂടി. തടുപ്പ ജോതിഷം ബിസിനസാക്കിയിട്ടില്ലാത്ത കണ്ണന്‍ മൂപ്പന്‍ ഇപ്പോഴും നിലം പൊത്താറായ ഷെഡില്‍ നിന്നുമാണ് ഭാവി പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദിവാസി ഗോത്ര സമൂഹത്തെ പ്രതിനിധീകരിച്ച് കണ്ണന്‍ മൂപ്പന്‍ മത്സരിച്ചിരുന്നു. 5000 ത്തോളം വോട്ടുകള്‍ നേടി കണ്ണന്‍ മൂപ്പന്‍ അവിടെയും താരമായി. മദ്യപാനമോ പുകവലിയോ ശീലമാക്കാത്ത കണ്ണമൂപ്പന്‍ വെറ്റില മുറുക്ക് പാരമ്പര്യ മായി കൊണ്ടു നടക്കുന്നുണ്ട്. ഇതിനായി ചെറിയ തുണി സഞ്ചി മൂപ്പന്റെ കയ്യില്‍കാണും. 92 വയസായ കണ്ണന്‍ മൂപ്പന് കാഴ്ച്ച ശക്തിക്കും ആരോഗ്യത്തിനും ഇന്നും കുറവൊന്നുമില്ല. ഉപാസനാ മൂര്‍ത്തികള്‍ തരുന്ന ആയുസ് വരെ തന്റെ രീതികള്‍ തുടരുമെന്ന് നെല്ലിക്കാടന്‍ കണ്ണന്‍ മൂപ്പന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios