Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകൾ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

Watch Video Of Pakistani Bunker Being Destroyed Released By BSF
Author
Srinagar, First Published Nov 2, 2016, 2:08 PM IST

ദില്ലി: അതിര്‍ത്തിയില്‍ പാകിസ്ഥാൻ ബങ്കറുകൾക്കുനേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്ന് ഒരു മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിനാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്നലെ സാംബ, റജൗരി എന്നിവിടങ്ങളിലുണ്ടായ പാകിസ്ഥാൻ വെടിവയ്പ്പിൽ രണ്ട് കുട്ടികളുൾപ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നമ്മള്‍ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ല. ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് സേനയുടെ നിഗമനം.

അതിനിടെ, ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ ചോര്‍ത്തിയ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ നാല് ഉദ്യോഗസ്ഥരെ പാകിസ്ഥാൻ തിരിച്ച് വിളിച്ചു. തന്ത്രപ്രധാന പ്രതിരോധരഹസ്യങ്ങൾ ചോര്‍ത്തിയതിന് അനഭിമതനായി പ്രഖ്യാപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മഹ്മൂദ് അക്തറിന്റെ കൂട്ടാളികളേയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം തിരിച്ച് വിളിച്ചത്. പാകിസ്ഥാൻ ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്‍റലിജൻസിന്റെ ഹൈക്കമ്മീഷനിലെ തലവൻ മുദ്ദസര്‍ ഇഖ്ബാൽ ചീമ എന്നിവരുൾപ്പെടെ നാലുപേരെയാണ് തിരിച്ച് വിളിച്ചത്. വാഗാ അതിര്‍ത്തി വഴിയാണ് നാലുപേരും ഇന്ത്യ വിട്ടത്. മഹ്മൂദര്‍ അക്തര്‍ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ 16 പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി പൊലീസ് തേടിയിരിക്കെയാണ് ഉദ്യോഗസ്ഥരെ പാകിസ്ഥാൻ പിൻവലിച്ചത്.

ഇതിന് പകരം വീട്ടാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശം പാകിസ്ഥാൻ നൽകിയേക്കും. അതിനിടെ ജമ്മു കശ്മീരിൽ ജനവാസകേന്ദ്രം ലക്ഷ്യമാക്കിയുള്ള പാകിസ്ഥാൻ സൈന്യത്തിന്‍റെ ആക്രമണം തുടരുകയാണ്. മെന്ദര്‍ മേഖലിൽ പാകിസ്ഥാൻ റേഞ്ചേഴ്സിന്‍റെ വെടിവയ്പ്പിൽ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതതല സുരക്ഷാ യോഗം  സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നാളെ ജമ്മു കശ്മീരിലെത്തും.

Follow Us:
Download App:
  • android
  • ios