Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

water level increases in idukki dams
Author
First Published Sep 18, 2017, 7:00 AM IST

തൊടുപുഴ : മഴ കനത്തതോടെ ഇടുക്കി ഡാം പകുതി നിറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 125 അടി കടന്നു. അതിര്‍ത്തി പ്രദേശങ്ങളിലും മഴ ശക്തമാണ്.

ഇടുക്കി ഡാമിലെ ജലം സംഭരണശേഷിയുടെ 50 ശതമാനത്തിന് മുകളിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ മൂന്നടി കൂടുതല്‍. കാലവര്‍ഷത്തിന്‍രെ ആദ്യ മൂന്ന് മാസങ്ങളില്‍ മഴ കാര്യമായി പെയ്യാത്തത് മൂലം അണക്കെട്ടിലെ ജലനിരപ്പ് വൈദ്യുതി വകുപ്പിനെ ആശങ്കപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ മഴയിലാണ് ജലനിരപ്പ് കൂടിയത്. ഇതോടെ വൈദ്യുതി ഉത്പാദനം കാര്യമായി കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ ദിനംപ്രതി ഏതാണ്ട് 35 ലക്ഷം യൂണിറ്റ് മുകളില്‍ ഉത്പാദനുമുണ്ട്. ഡാമിന്റെ വൃഷ്ടിപ്രപദേശങ്ങളില്‍ മഴ കാര്യമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരും. ലോവര്‍പെരിയാര്‍, ഇടമലയാര്‍, പൊന്‍മുടി, നേര്യമംഗലം ഡാമുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം കൂടുതലുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെല്ലാം കൂടി ഏതാണ്ട് 56 ശതമാനം വെള്ളമുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും കാര്യമായി ഉയര്‍ന്നിട്ടുണ്ട്. 125.50 അടി ജലമാണ് അണക്കെട്ടിലുള്ളത്. സെക്കന്റില്‍ 676 ഘനഅടി വെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് 218 ഘന അടി വെള്ളമാണ് കൊണ്ടുപോകുന്നത്. 130 അടിക്ക് മുകളില്‍ ജലനിരപ്പുയര്‍ന്നാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. അതിര്‍ത്തി ജില്ലകളായ കമ്പം, തേനി എന്നിവടങ്ങളിലും ശക്തമായി മഴ പെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios