Asianet News MalayalamAsianet News Malayalam

എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമലയിൽ സംഭവിക്കുന്നതെന്ത്?

റിട്ട് ഹർജികളും റിവ്യൂ ഹർജികളും തമ്മിലുള്ള വ്യത്യാസമെന്ത്? ഒരേ വിധിയ്ക്കെതിരെ എന്തിനാണ് രണ്ട് തരം ഹർജികൾ നൽകുന്നത്? തുറന്ന കോടതിയും ചേംബറും തമ്മിൽ എന്താണ് വ്യത്യാസം?

what is writ review petitons what are the differences in sabarimala case
Author
Supreme Court of India, First Published Nov 13, 2018, 12:01 PM IST

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് നോക്കാം.

റിട്ട് ഹർജികൾ എന്നാലെന്ത്? 

നിങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ സുപ്രീംകോടതിയിലോ, ഹൈക്കോടതിയിലോ നൽകാനാകുന്ന ഹർജികളാണ് റിട്ട് ഹർജികൾ. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഏത് പൗരനും ഉന്നത കോടതികളിൽ റിട്ട് ഹർജികൾ നൽകാം. എന്നാൽ ഭരണഘടനാ ബഞ്ച് വിശദമായ വാദം കേട്ട് പുറപ്പെടുവിച്ച വിധിയ്ക്കെതിരെ നേരിട്ട് റിട്ട് ഹർജികൾ നൽകാനാകില്ല. അതുകൊണ്ടാണ് ശബരിമല പ്രശ്നത്തിൽ നേരിട്ട് വിധിയെ ചോദ്യം ചെയ്യാതെ റിട്ട് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. വിധിയ്ക്കെതിരെയല്ല, വിധി നടപ്പാക്കിയാലുണ്ടാകുന്ന പ്രശ്നങ്ങളാണ് റിട്ട് ഹർജികളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ശബരിമല റിട്ട് ഹർജികളിലെ പ്രധാന വാദങ്ങൾ ഇവയാണ്:

1) 1965-ലെ ഹിന്ദു ക്ഷേത്രപ്രവേശനചട്ടപ്രകാരം ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്

2) അയ്യപ്പഭക്തൻമാരുടെ മൗലികാവകാശം സംരക്ഷിയ്ക്കണം

3) അയ്യപ്പ വിഗ്രഹത്തിന് മൗലികാവകാശമുണ്ട്; അത് സംരക്ഷിയ്ക്കണം

പുനഃപരിശോധനാ ഹർജികൾ അഥവാ റിവ്യൂ ഹർജികൾ 

ഭരണഘടനാബഞ്ചിന്‍റെയോ, മറ്റേതൊരു ബഞ്ചിന്‍റെയോ വിധിയ്ക്കെതിരെ നൽകാവുന്നതാണ് പുനഃപരിശോധനാ ഹർജികൾ. വിധിയിൽ തിരുത്തൽ വേണമെന്നാകും പുനഃപരിശോധനാഹർജികളിലെ ആവശ്യം. 

രണ്ട് സാഹചര്യങ്ങളിലാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുക: ഒന്ന്, ഹർജിക്കാർക്ക് അറിയാത്തതായ പുതിയ തെളിവ് കിട്ടുമ്പോൾ, ഇത് വിധിയെ മാറ്റി മറിയ്ക്കാൻ കെൽപുള്ളതാണെങ്കിൽ. രണ്ട്, വിധിയിൽ തെറ്റുണ്ടെന്ന് തെളിവോടെ സ്ഥാപിയ്ക്കാൻ കഴിയുമെങ്കിൽ. ഇന്ന് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണോ വേണ്ടയോ എന്നാണ് തീരുമാനിയ്ക്കുന്നത്.

ഭരണഘടനാ ബഞ്ചിന്‍റെ വിധികൾക്കെതിരെ നൽകുന്ന പുനഃപരിശോധനാ ഹർജികൾ രണ്ട് തരത്തിൽ പരിഗണിക്കാൻ കോടതിയ്ക്ക് തീരുമാനിക്കാം. ഒന്ന്, ബഞ്ച് അധ്യക്ഷന്‍റെ ചേംബറിൽ, അല്ലെങ്കിൽ തുറന്ന കോടതിയിൽ. 

എന്താണ് ചേംബർ? എന്താണ് തുറന്ന കോടതി?

ചേംബറിലാണ് ഹർജി പരിഗണിയ്ക്കാൻ തീരുമാനിക്കുന്നതെങ്കിൽ അവിടേയ്ക്ക് അഭിഭാഷകർക്കോ, മാധ്യമങ്ങൾക്കോ പ്രവേശനമുണ്ടാകില്ല. എഴുതി നൽകിയ വാദങ്ങൾ മാത്രമാകും അവിടെ ജഡ്ജിമാർ പരിഗണിക്കുക. ഭരണഘടനാബഞ്ചിലെ ജഡ്ജിമാർ കൂടിയാലോചിച്ച് തീരുമാനം സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ തീരുമാനം പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ടോ, പിറ്റേന്നോ വിധി പ്രസിദ്ധീകരിച്ചാൽ മതി. 

ശബരിമല കേസിൽ നടക്കുന്നതെന്ത്?

റിട്ട് ഹർജികൾ ആദ്യം രാവിലെ പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് പുനഃപരിശോധനാ ഹർജികൾക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഒടുവിൽ വൈകിട്ട് മൂന്ന് മണിയ്ക്ക് റിവ്യൂ ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ പരിഗണിച്ചപ്പോൾ, റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാമെന്നാണ് ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്. അതനുസരിച്ച് ജനുവരി 22-ന് തുറന്ന കോടതിയിൽ റിട്ട്, റിവ്യൂ ഹർജികൾ പരിഗണിക്കും.

Follow Us:
Download App:
  • android
  • ios