Asianet News MalayalamAsianet News Malayalam

ദേവികുളം സബ് കളക്ടറോട് മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രൻ എംഎൽഎ; സ്പീക്കർക്ക് പരാതി നൽകും

''അവള് ബുദ്ധിയില്ലാത്തവള്..  ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.'' എന്നാണ് എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞത്.

will not apologise to renu raj ias says devikulam sub collector
Author
Devikulam, First Published Feb 9, 2019, 9:05 PM IST

മൂന്നാർ: ദേവികുളം സബ് കളക്ടർ രേണു രാജിനെ ബുദ്ധിയില്ലാത്തവളെന്ന് പരസ്യമായി വിളിച്ചതിന് മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രൻ എംഎൽഎ. സ്പീക്കർക്ക് രേണു രാജിനെതിരെ പരാതി നൽകും. എന്‍റെ ഫോൺ കട്ട് ചെയ്യാൻ സബ് കളക്ടർക്ക് അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും പരാതി നൽകുകയെന്നും എസ് രാജേന്ദ്രൻ എംഎൽഎ 'ന്യൂസ് അവറി'ൽ പറ‍ഞ്ഞു. 

'മാപ്പ് പറയേണ്ടതുണ്ടെങ്കിൽ മാപ്പ് പറയുന്നതിൽ തെറ്റില്ലെന്നാണ് എന്‍റെ നിലപാട്. എന്നാൽ ഇവിടെ മാപ്പ് പറയില്ല. ചില സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ പറയേണ്ടി വരും. ഇവിടെ സർക്കാർ ഒരു നിലപാട് എടുത്തിട്ടുണ്ട്. സബ് കളക്ടർ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? പദ്ധതി പൂർത്തിയാക്കുന്ന സമയത്തല്ല എതിർപ്പ് പറയേണ്ടത്', എന്നാണ് എസ് രാജേന്ദ്രന്‍റെ മറുപടി.

'ഞാൻ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോൾ തന്‍റെ കാര്യം താൻ നോക്ക്, എന്‍റെ കാര്യം ഞാൻ നോക്കാം' എന്നാണ് രേണു രാജ് പറഞ്ഞതെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. അങ്ങനെയുള്ള വാക്കുകൾ തന്നെയാണോ പറഞ്ഞതെന്ന് അവതാരകൻ വിനു വി ജോൺ വീണ്ടും ചോദിച്ചപ്പോൾ, എസ് രാജേന്ദ്രൻ ആരോപണം ആവർത്തിക്കുകയായിരുന്നു. തന്‍റെ പ്രായമെങ്കിലും മാനിക്കണമെന്നും എസ് രാജേന്ദ്രൻ.

മൂന്നാറിൽ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്‍റെ കെട്ടിട നിർമ്മാണം തടഞ്ഞതാണ് എംഎൽഎയുടെ ആക്ഷേപത്തിന് കാരണം. എംഎൽഎയുൾപ്പടെയുള്ളവർ നിന്ന് അനധികൃത നിർമ്മാണ ജോലികൾ നടത്തിക്കുകയും ചെയ്തു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്‍റെ നടപടി. എന്നാൽ പഞ്ചാത്തിന്‍റെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎൽഎ സബ്ബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചത്.

''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്..  ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിംഗ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല..  അവള്ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറ‌ഞ്ഞത്. 

എസ് രാജേന്ദ്രൻ ന്യൂസ് അവറിൽ നടത്തിയ പ്രതികരണം ചുവടെ:

"

Follow Us:
Download App:
  • android
  • ios