Asianet News MalayalamAsianet News Malayalam

പോരാട്ടങ്ങളുടെ പ്രതീകങ്ങളായി വനിത മാധ്യമപ്രവര്‍ത്തകര്‍

  • പോരാട്ടങ്ങളുടെ പ്രതീകങ്ങളായ ചില  മാധ്യമപ്രവർത്തകരുടെ ജീവിതങ്ങളിലേക്ക്. തൊഴിലിടങ്ങളിലെ കടുത്ത വിവേചനം മുതൽ സത്യം വിളിച്ചുപറഞ്ഞതിന് ജീവൻ നഷ്ടപ്പെട്ടവർ വരെ ചരിത്രത്തിന്റെ ഭാഗമാണ്
womens day women journalist

വനിതാദിനത്തിൽ  പോരാട്ടങ്ങളുടെ പ്രതീകങ്ങളായ ചില  മാധ്യമപ്രവർത്തകരുടെ ജീവിതങ്ങളിലേക്ക്. തൊഴിലിടങ്ങളിലെ കടുത്ത വിവേചനം മുതൽ സത്യം വിളിച്ചുപറഞ്ഞതിന് ജീവൻ നഷ്ടപ്പെട്ടവർ വരെ ചരിത്രത്തിന്റെ ഭാഗമാണ്

ഒന്നല്ല, രണ്ടല്ല. ഏഴ് ബുള്ളറ്റുകൾ ഗൗരി ലങ്കേഷിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയിട്ട് ഈ വനിതാദിനത്തിൽ ആറ് മാസം, മൂന്ന് ദിവസം. ഹിന്ദുത്വ, വർഗീയശക്തികൾക്കെതിരെ നിരന്തരം എഴുതിയ ഗൗരിയെ ആര് കൊന്നു? എന്തിന്? ഇന്നും ആർക്കുമറിയില്ല. ഒരു ഗൗരിയിൽ അവസാനിക്കുന്നില്ല, രാജ്യത്തെ വനിതാമാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ. ഒറ്റ മാനത്തിൽ അത് ഒതുങ്ങുന്നുമില്ല. 

ഇന്ത്യയുടെ ചുവപ്പ് ഇടനാഴിയായ ഛത്തീസ് ഗഢിൽ നിന്ന് നിരന്തരം വാർത്തകളെഴുതുന്ന മാലിനി സുബ്രഹ്മണ്യത്തെ പരിചയമുണ്ടോ? ബസ്‍തറിൽ ജീവൻ പണയപ്പെടുത്തി സഞ്ചരിച്ച്, മാവോയിസ്റ്റുകളുടെയും സൈന്യത്തിന്‍റെയും  മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച  മാലിനിക്കുനേരെയും വന്നിരുന്നു വധഭീഷണികൾ. എങ്കിലും, ബസ്‍തറിൽ നിന്ന് മടങ്ങാൻ മാലിനി തയ്യാറല്ല. 

അഭിപ്രായങ്ങൾ സധൈര്യം എഴുതുകയും പറയുകയും ചെയ്യുന്ന സ്ത്രീകളെ സാക്ഷരകേരളവും വെറുതെവിട്ടിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്‍സിക്യൂട്ടീവ് എഡിറ്റർ സിന്ധുസൂര്യകുമാറിനും, മനോരമന്യൂസിലെ  മാധ്യമപ്രവർത്തക ഷാനി പ്രഭാകരനും ഓപ്പണിലെ മാധ്യമപ്രവർത്തക കെ കെ ഷാഹിനയ്ക്കും, ദ് ന്യൂസ് മിനിറ്റിലെ ധന്യാരാജേന്ദ്രനും നേരിടേണ്ടിവന്നത് സംഘടിതമായ സൈബർ ആക്രമണമാണ്. 

ലോകത്തെവിടെയും ചിത്രം ഒന്നുതന്നെയാണ്.  'രാരാമുരി' എന്ന മെക്‍സിക്കോയിലെ പ്രാചീനഗോത്രവർഗക്കാരെ കുടിയൊഴിപ്പിക്കുന്ന സർക്കാർ നയത്തെക്കുറിച്ചെഴുതിയിരുന്ന മിറോസ്‍ലാവ ബ്രീച്ചിനെ കഴിഞ്ഞ മാർച്ചിൽ കാറിൽ വെടിയേറ്റുമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉഗാണ്ടയിൽ തെരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങൾ പാലിക്കാത്ത സർക്കാരിനെതിരെ വാർത്ത നൽകിയ എൻടിവി റിപ്പോർട്ടർ ഗെർത്രൂഡ് ഒവിത്‍വാരെയെ തട്ടിക്കൊണ്ടുപോയ ഭരണാനുകൂലികൾ അവരെ ക്രൂരമായി മർദ്ദിച്ചു. മുടി വെട്ടിക്കളഞ്ഞും, മുഖത്ത് മുറിവേൽപ്പിച്ചും അപമാനിച്ചു.

ഈജിപ്‍തിലെ അൽ-നഹർ ചാനലിലെ ഒരു ടിവി ഷോയിൽ ഗർഭിണിയല്ലാതിരുന്നിട്ടും നിറവയറുമായെത്തി എന്നതാണ് ദുആ സലാഹ് എന്ന അവതാരകയ്ക്ക് നേരിടേണ്ടി വന്ന കുറ്റം. വിവാഹപൂർവലൈംഗികതയെക്കുറിച്ചും  വിവാഹിതരാവാതെ ഒറ്റയ്ക്കു കുട്ടികളെ വളർത്തുന്ന സ്ത്രീകളെക്കുറിച്ചും സംസാരിച്ച സ്ത്രീയെ കണ്ട് ഹാലിളകിയ ഈജിപ്ഷ്യൻ സാമ്പ്രദായിക കോടതി, ദുആയെ മൂന്ന് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

ക്രിസ്മസ് അവധിക്ക് ശേഷം, ബീജിംഗിലേക്ക് തിരിച്ചുപോകണമെങ്കിൽ മറ്റ് പുരുഷ എഡിറ്റർമാർക്ക് കിട്ടുന്ന അതേ ശമ്പളം, അതേ ആനുകൂല്യങ്ങൾ, കിട്ടണം. പുതുവർഷത്തിൽ കാരി ഗ്രെയ്‍സി എന്ന, ബിബിസിയുടെ ആദ്യ ചൈന എഡിറ്റർ, മാനേജ്മെന്‍റിന് മുന്നിൽ വെച്ച ഒരേയൊരാവശ്യം അത് മാത്രമാണ്. നോർത്തമേരിക്കൻ എഡിറ്ററായ ജോൻ സോഫെലിന് രണ്ടരലക്ഷം പൗണ്ട് വരെ ശമ്പളം നൽകാൻ തയ്യാറായ ബിബിസി കാരിയ്ക്ക് നൽകിയത് വെറും ഒന്നേകാൽ ലക്ഷം പൗണ്ട്. 

തുല്യശമ്പളമില്ലെങ്കിൽ രാജി വെക്കുകയാണെന്ന് പറഞ്ഞ കാരിക്ക് 33 ശതമാനം ശമ്പളവർധന വാഗ്‍ദാനം ചെയ്‍തു ബിബിസി. ഇത് നിരസിച്ചുകൊണ്ട് 13 വർഷത്തെ ബിബിസി ജീവിതം കാരി അവസാനിപ്പിച്ചു. 

രാജിവെച്ച കാരിക്കൊപ്പം ബിബിസിയിലെ സഹപ്രവർത്തകർ അവസാനമായി നടത്തിയ ഷോയിൽ ചർച്ചയായത് തുല്യവേതനമാണ്. പക്ഷേ, കാരിയോട് മാപ്പ് പറഞ്ഞുകൊണ്ട് ബിബിസി മാനേജ്‍മെന്‍റ് പുറത്തിറക്കിയ പ്രസ്‍താവനയിൽപ്പോലും, 2020ഓടെ തുല്യവേതനം ഉറപ്പാക്കാൻ ശ്രമിക്കാമെന്ന വാഗ്‍ദാനം മാത്രമേയുള്ളു.

എങ്കിലും ഈ വിവേചനങ്ങളുടെയും, ചൂഷണങ്ങളുടെയും, ആക്രമണങ്ങളുടെയും നിഴലിൽ നിന്നും, ഇപ്പോഴും ലോകമെങ്ങും വനിതാമാധ്യമപ്രവർത്തകർ സ്വന്തം ജോലി തുടരുന്നുണ്ട്. പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്. 

Follow Us:
Download App:
  • android
  • ios