Asianet News MalayalamAsianet News Malayalam

അറുപത് പിന്നിട്ട സന്യാസിമാര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

നേരത്തെ, അഗതികളായവര്‍ക്ക് 400 രൂപ പെന്‍ഷനാണ് യുപി സര്‍ക്കാര്‍ നല്‍കി വന്നിരുന്നത്. ഇത് 500 ആക്കി ഉയര്‍ത്തുകയാണെന്നും സന്യാസികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു

yogi adithyanath govt announces pension to sadhus in up
Author
Uttar Pradesh, First Published Jan 21, 2019, 5:42 PM IST

ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിന്ദു വോട്ടുകള്‍ ബിജെപിയില്‍ നിന്ന് ചോര്‍ന്ന് പോകാതിരിക്കാനുള്ള പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ സന്യാസിമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് പ്രയാഗ്‍രാജില്‍ കുംഭമേള നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കുംഭമേളയുടെ ഭാഗമായി ലക്ഷക്കണത്തിന് സന്യാസികളാണ് പ്രയാഗ്‍രാജില്‍ എത്തിയിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം അറുപത് വയസ് പിന്നിട്ട ഹിന്ദു സന്യാസികള്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 30വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സന്യാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ, അഗതികളായവര്‍ക്ക് 400 രൂപ പെന്‍ഷനാണ് യുപി സര്‍ക്കാര്‍ നല്‍കി വന്നിരുന്നത്. ഇത് 500 ആക്കി ഉയര്‍ത്തുകയാണെന്നും സന്യാസികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.

എന്നാല്‍, യോഗി സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. യോഗി ഹിന്ദു പ്രീണനത്തിനായാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയെന്നാണ് ആക്ഷേപം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ പ്രഖ്യാപനത്തിന്‍റെ ലക്ഷ്യം പ്രീണനമാണെന്ന് മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.  ഇനി രാമന്‍റെയും സീതയുടെയും എന്തിന് രാവണന്‍റെ പോലും വേഷം ചെയ്ത കലാകാരന്മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios