Asianet News MalayalamAsianet News Malayalam

ബുലന്ദ്ഷെഹര്‍ കൊലപാതകത്തില്‍ മൗനം; പശുക്കളെ കൊന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗി

ഗോവധത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇന്നലെ രാത്രി അടിയന്തിരമായി നടത്തിയ യോഗത്തിന് ശേഷം പുറത്തുവിട്ട ഉത്തരവില്‍ പൊലീസ് ഓഫീസറുടെ കൊലപതകത്തെ കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു

Yogi Adityanath Orders Arrests Over Cow Slaughter, Silent On Cop Killing
Author
Lucknow, First Published Dec 5, 2018, 4:25 PM IST

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിൽ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ശ്രദ്ധ ഗോവധം നടത്തിയവരില്‍. ഗോവധത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. 

ഇന്നലെ രാത്രി അടിയന്തിരമായി നടത്തിയ യോഗത്തിന് ശേഷം പുറത്തുവിട്ട ഉത്തരവില്‍ പൊലീസ് ഓഫീസറുടെ കൊലപതകത്തെ കുറിച്ച് ആദിത്യനാഥ് മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പൊലീസ് ഓഫീസറുടെ ബന്ധുക്കളെ ആദിത്യനാഥ് സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നാണ് അധിക്ഷേപം. 

അതേസമയം ഉത്തർപ്രദേശിൽ വീണ്ടും വർഗ്ഗീയ വികാരം ആളികത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവാകുകയാണ് ബുലന്ദ്ഷഹറിലെ അക്രമമെന്ന്  ഇൻസ്പെക്ടർ സുബോധ് കുമാര്‍ സിംഗിന്‍റെ സഹോദരി പറഞ്ഞു. പശുക്കളെ കുറിച്ച് മാത്രം സംസാരിക്കുന്ന ആദിത്യനാഥ് ഈ കൊലപാതകത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് കുടുംബം ചോദിക്കുന്നു. 

അഖ്‍ലാഖ് വധക്കേസിൽ 18 പേരെ പ്രതിചേർത്ത് കുറ്റപത്രം നല്‍കിയ ഇൻസ്പെക്ടറെ മാത്രം ജനക്കൂട്ടം തെരഞ്ഞെ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു വിഭാഗത്തിന്‍റെ മതാഘോഷം 40 കിലോമീറ്റർ അകലെയാണ് നടന്നത്. എന്നാൽ ചത്ത പശുക്കളുടെ അവശിഷ്ടം അക്രമം നടന്നിടത്ത് എത്തിയത് ദുരൂഹമാണ്. 

തോക്കുൾപ്പടെയുള്ള ആയുധങ്ങൾ അക്രമികളുടെ കൈയ്യിലുണ്ടായിരുന്നു. സ്വന്തം ഇൻസ്പെക്ടറെ ജനക്കൂട്ടം അക്രമിച്ചപ്പോഴും മറ്റു പൊലീസുകാർ രക്ഷിക്കാൻ ശ്രമിക്കാതെ പലായനം ചെയ്തു. രാജസ്ഥാനിൽ പ്രചരണം നാളെ അവസാനിക്കാനിരിക്കെയാണ് ഉത്തർപ്രദേശ് വീണ്ടും കത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്രനിലപാടുമായി പ്രചരണ രംഗത്തുണ്ട്. ആർ എസ് എസും വി എച്ച് പി യുമാണ് അക്രമത്തിനു പിന്നിലെന്ന് സഖ്യകക്ഷിയുടെ മന്ത്രിയായ ഓംപ്രകാശ് രാജ്ബർ ആരോപിച്ചത് ആദിത്യനാഥിന് തലവേദനയായിരിക്കുകയാണ്. 


 

Follow Us:
Download App:
  • android
  • ios