Asianet News MalayalamAsianet News Malayalam

നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും അന്ത്യാഞ്ജലി; സംസ്കാരം നാളെ

സിനിമാമോഹവുമായി ആലപ്പാട്ടെ തീരപ്രദേശത്തുനിന്നും തലസ്ഥാനത്തേക്കെത്തിയ നയന ലെനിൻ രാജേന്ദ്രൻ സിനിമകളുടെ കടുത്ത ആരാധികയായിരുന്നു. മീനമാസത്തിലെ സൂര്യനോടുള്ള ഇഷ്ടമാണ് പേരിൽ സൂര്യൻ ചേർക്കാനുള്ള കാരണം.

young film director Nayana Sooryan passes away
Author
Thiruvananthapuram, First Published Feb 24, 2019, 4:01 PM IST

തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്‍റെ സന്തത സഹചാരിയും ദീർഘനാൾ സംവിധാന സഹായിയും ആയിരുന്ന നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും യാത്രാമൊഴി. നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സംസ്ക്കാരം നാളെ സ്വദേശമായ ആലപ്പാട് നടക്കും.

ലെനിൻ രാജേന്ദ്രൻ വിടവാങ്ങി 41 ദിവസം പിന്നിടുമ്പോൾ തന്‍റെ ഇരുപത്തിയൊൻപതാം പിറന്നാൾ ദിനത്തിലാണ് നയനയും യാത്രയായത്. ഇന്നലെ അർദ്ധരാത്രി വഴുതക്കാട്ടെ വീട്ടുമുറിയിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയിലെ 'പക്ഷിയുടെ മണം' എന്ന സിനിമ നയന സംവിധാനം ചെയ്തു. കമൽ, ഡോക്ടർ ബിജു, ജീത്തു ജോസഫ് എന്നിവർക്കൊപ്പവും സംവിധാന സഹായിയിരുന്നു. നിരവധി പരസ്യചിത്രങ്ങളും സ്റ്റേജ് ഷോകളും നയന ഒരുക്കിയിട്ടുണ്ട്.

സിനിമാമോഹവുമായി ആലപ്പാട്ടെ തീരപ്രദേശത്തുനിന്നും തലസ്ഥാനത്തേക്കെത്തിയ നയന ലെനിൻ രാജേന്ദ്രൻ സിനിമകളുടെ കടുത്ത ആരാധികയായിരുന്നു. മീനമാസത്തിലെ സൂര്യനോടുള്ള ഇഷ്ടമാണ് പേരിൽ സൂര്യൻ ചേർക്കാനുള്ള കാരണം. മകരമഞ്ഞ് മുതൽ ലെനിൻ സിനിമകളുടെ സഹായിയായിരുന്നു. തിരുവനന്തപുരത്തെ ബദൽ സിനിമാ കൂട്ടായ്മകളിലും ഐഎഫ്എഫ്കെ വേദികളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു നയന. ആലപ്പാട്ടെ കരിമണൽ ഖനനനത്തിനെതിരെയുള്ള പ്രചാരണപ്രവർത്തനങ്ങളിലും നയന സജീവമായി പങ്കെടുത്തിരുന്നു.

ലെനിൻ രാജേന്ദ്രൻറെ മൃതശരീരം ചലച്ചിത്ര അക്കാദമിക്ക് മുമ്പിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടികരഞ്ഞുകൊണ്ട് നിന്ന നയന സൂര്യനെ തിരുവനന്തപുരത്തെ സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. അതിന് ശേഷം നയന പൊതുവിടങ്ങളിൽ അത്ര സജീവമല്ലായിരുന്നു. ഗുരുവിൻറെ മരണം അത്രയേറെ നയനയെ ഉലച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

Follow Us:
Download App:
  • android
  • ios