Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായി 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന്റെ അരയ്ക്കു താഴെ തളർന്നു

youth paralysed after playing video game
Author
First Published Feb 3, 2018, 9:21 AM IST

ബെയ്ജിങ് : ഇടവേളകള്‍ പോലും എടുക്കാതെ വീഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴെ തളര്‍ന്നു. ജനുവരി 27 ന് വൈകീട്ട് ഇന്റര്‍നെറ്റ് കഫേയിലിരുന്ന് ഗെയിം കളിക്കാന്‍ തുടങ്ങിയ യുവാവ് ഇരുപത് മണിക്കൂറിന്  ശേഷം ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോളാണ് അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. 

ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ്ങിലാണ് സംഭവം. സുഹൃത്തുക്കൾ ഇടപെട്ട് ആംബുലൻസിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങളിലുണ്ട്. എന്നാൽ, യുവാവിന്റെ പേരും കളിച്ചിരുന്നത് ഏതു ഗെയിമാണെന്ന വിവരവും പുറത്തുവിട്ടിട്ടില്ല. 

യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ചും കൂടുതൽ വിവരങ്ങളില്ല. ഇടയ്ക്കു നിർത്തേണ്ടി വന്ന ഗെയിം പൂർത്തിയാക്കാൻ, ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇയാൾ സുഹൃത്തുക്കളോട് അഭ്യർഥിച്ചതായും റിപ്പോർട്ടിലുണ്ട്. ഒരു ദിവസം മുഴുവൻ മൊബൈ‍ൽ ഫോണിൽ വിഡിയോ ഗെയിം കളിച്ച ഇരുപത്തൊന്നുകാരിക്കു കുറച്ചുനാൾ മുൻപു കാഴ്ച നഷ്ടപ്പെട്ടിരുന്നു. 

‘കിങ് ഓഫ് ഗ്ലോറി’ എന്ന വിഡിയോ ഗെയിമിനാണു ചൈനയിൽ ഏറ്റവുമധികം ആരാധകരുള്ളത്. അഞ്ചു കോടിയിലേറെ പേരാണ് ഒരേസമയം ഇതു കളിക്കുന്നതെന്നാണു റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസം 10 വയസ്സുകാരൻ വീട്ടിലറിയാതെ ഈ ഗെയിം കളിച്ച്, അമ്മയുടെ സമ്പാദ്യം മുഴുവൻ (ഒന്നരലക്ഷം യുവാൻ – ഏകദേശം 15 ലക്ഷംരൂപ) നഷ്ടപ്പെടുത്തിയതു ചൈനയിൽ വൻ വാർത്തയായിരുന്നു.
 

Follow Us:
Download App:
  • android
  • ios