Asianet News MalayalamAsianet News Malayalam

നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യു; അഭിനവ് ബിന്ദ്രയ്ക്ക് മറുപടിയുമായി മേരി കോം

അദ്ദേഹം അദ്ദേഹത്തിന്റെ പണി ചെയ്യട്ടെ. ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ. ബോക്സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയന്റ് സമ്പ്രദായത്തെക്കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. അതുകൊണ്ടുതന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും മേരി കോം

Mary Kom replies to Abhinav Bindra on Nikhat Zareen controversy
Author
Delhi, First Published Oct 19, 2019, 6:24 PM IST

ദില്ലി: മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തില്‍ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിംഗ് താരവും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രക്ക് മറുപടിയുമായി ബോക്സിംഗ് താരം മേരി കോം. ബോക്സിംഗിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത അഭിനവ് ബിന്ദ്ര ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചതിമെന്ന് മേരി കോം പറഞ്ഞു.

അദ്ദേഹം അദ്ദേഹത്തിന്റെ പണി ചെയ്യട്ടെ. ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ. ബോക്സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയന്റ് സമ്പ്രദായത്തെക്കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. അതുകൊണ്ടുതന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും മേരി കോം പറഞ്ഞു.

യുവതാരം നിഖാത് സരീന്‍ തന്റെ പേര് വീണ്ടും വീണ്ടും എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നറിയില്ലെന്നും മേരി കോം വ്യക്തമാക്കി. എന്താണ് അവരുടെ ഉദ്ദേശം എന്ന് എനിക്കറിയില്ല. പ്രശസ്തിയാണ് ലക്ഷ്യമെങ്കില്‍ അതില്‍ എനിക്കൊന്നും പറയാനില്ല. ഒളിംപിക്സിന് ആരെ അയക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബോക്സിംഗ് ഫെഡറേഷന്‍ ആണ്.  അവര്‍ തീരുമാനിക്കട്ടെ, ആര് മെഡലുമായി തിരിച്ചുവരണമെന്ന്.

ഫെഡറേഷനോട് ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നോ ഒളിംപിക്സിന് എന്നെ അയക്കണമെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിംഗ് ഉചിതമായ തീരുമാനം എടുക്കട്ടെ. ഫെഡറേഷന്‍ ആവശ്യപ്പെട്ടാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും മേരി കോം വ്യക്തമാക്കി.

ലോക ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയിൽ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്സിംഗ് ഫെഡറേഷന്‍റെ പ്രഖ്യാപനം.

എന്നാല്‍ ലോകചാംപ്യന്‍ഷിപ്പിലെ മെഡൽ ജേതാക്കള്‍ക്ക് ദില്ലിയിൽ ഒരുക്കിയ സ്വീകരണത്തിൽ, സെമിയിൽ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയക്കുമെന്ന് ഫെഡറേഷന്‍ നിലപാട് മാറ്റി. ഇത് നടപ്പായാല്‍ മേരി കോമിന് , ഇന്ത്യയിലെ ട്രയൽസിൽ മത്സരിക്കാതെ ചൈനയിലെ ടൂര്‍ണമെന്‍റിന് യോഗ്യത നേടാം. ഈ തീരുമാനത്തെയാണ് യുവതാരം നിഖാത് സരീന്‍ ചോദ്യം ചെയ്യുന്നത്.

മേരി കോമിനെ പോലെ 51 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന നിഖാത് സരീന്‍ , ട്രയൽസിലൂടെ മാത്രമേ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാവൂ എന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കായിക മന്ത്രിയല്ല ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു റിജ്ജുവിന്റെ മറുപടി.

മേരി കോമിനോട് ബഹുമാനമുണ്ടെങ്കിലും സ്പോര്‍ട്സില്‍ ഇന്നലെകള്‍ക്ക് പ്രസക്തിയില്ലെന്ന് സരിനെ പിന്തുണച്ച് ബിന്ദ്ര കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡൽ ജേതാവായ നിഖാത് സരീന്‍ , മെയിൽ ഇന്ത്യ ഓപ്പണിൽ മോരി കോമിനോട് തോറ്റിരുന്നു.

Follow Us:
Download App:
  • android
  • ios