Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് അമ്മ മരിച്ചു

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

17 year old indian boy runs over mother in UAE
Author
Sharjah - United Arab Emirates, First Published Nov 5, 2019, 2:43 PM IST

ഷാര്‍ജ: യുഎഇയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് സ്വന്തം അമ്മയ്ക്ക് ദാരുണാന്ത്യം. 17 വയസ് പ്രായമുള്ള ഇയാള്‍ ലൈസന്‍സില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച മുവൈലയില്‍ വെച്ചായിരുന്നു സംഭവം.

രാവിലെ 8.58നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സ്, ട്രാഫിക്,  പട്രോള്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഈ മാസം ഇയാള്‍ക്ക് 18 വയസ് തികയുമെന്നും ലൈസന്‍സ് നേടുന്നതിനായി ഡ്രൈവിങ് പരിശീലനം നടത്തി വരികയായിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ഇവരുടെ കുടുംബം. ഫോര്‍ വീല്‍ ഡ്രൈവ് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്സിലറേറ്റര്‍ ചവിട്ടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. തൊട്ടടുത്തുള്ള പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന അമ്മയുടെ ശരീരത്തിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. വാഹനം ഓടിച്ചയാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Us:
Download App:
  • android
  • ios