Asianet News MalayalamAsianet News Malayalam

കാണാതായിട്ട് 10 ദിവസം, അഞ്ചുവയസ്സുകാരനെ തേടി അവന്‍റെ 'സൂപ്പര്‍മാന്‍' എത്തിയില്ല; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സെപ്തംബര്‍ ഏഴിന് ദുബായിലെ ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് വെളിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് വയസുകാരനെ കണ്ടെത്തിയത്. കണ്ടാല്‍ ഇന്ത്യന്‍ വംശജനായ കുട്ടി ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. 

5-year-old boy found at mall in Dubai moved to child shelter
Author
Dubai - United Arab Emirates, First Published Sep 17, 2019, 2:53 PM IST

ദുബായ്: കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും ആ അഞ്ച് വയസ്സുകാരനെ തിരക്കി അവന്‍റെ 'സൂപ്പര്‍മാന്‍' എത്തിയില്ല. സെപ്തംബര്‍ ഏഴിന് ദുബായിലെ ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് വെളിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് വയസുകാരനെ കണ്ടെത്തിയത്. കണ്ടാല്‍ ഇന്ത്യന്‍ വംശജനായ കുട്ടി ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. കുട്ടി അച്ഛന്‍റെ പേര് സൂപ്പര്‍മാന്‍ എന്നാണ് പറയുന്നത്. സൂപ്പര്‍മാന്‍ തന്നെ കൂട്ടാന്‍ വരുമെന്നാണ് കുട്ടി ആവര്‍ത്തിച്ച് പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

നോക്കാനായി സുഹൃത്തിനെ  അമ്മ ഏല്‍പ്പിച്ച കുഞ്ഞിനെ ശല്യം സഹിക്കാതെ വന്നപ്പോള്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയോട് പിതാവിന്‍റെ പേര് സൂപ്പര്‍മാന്‍ എന്ന് പറഞ്ഞ് പഠിപ്പിച്ചത് കണ്ടെത്താതിരിക്കാന്‍ വേണ്ടിയാവാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

അല്‍ മുറാഖ്ബാത് പൊലീസ് സ്റ്റേഷനിലെ വനിതാ ഓഫീസര്‍മാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രക്ഷിതാക്കള്‍ തിരഞ്ഞെത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചൈല്‍ഡിന് കൈമാറിയിരിക്കുകയാണ് പൊലീസ്. 

കുട്ടിക്ക് ശാരീരികമായ പ്രയാസങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി.  ദുബായിലെ നിയമം അനുസരിച്ച് കുട്ടിയെ അപകടകരമായ സാഹചര്യങ്ങളില്‍ ഉപേക്ഷിച്ച് പോവുന്നവര്‍ക്ക് തടവും അയ്യായിരം ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ദിവസം കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താല്‍ പൊലീസ് പൊതു ജനങ്ങളുടെ സഹായം തേടിയിരുന്നു. 

കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവർ പോലീസുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. 901-ലോ 055526604-ലോ വിളിക്കുകയോ അൽ മുറഖബ പോലീസ് സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം. 
 

Follow Us:
Download App:
  • android
  • ios