Asianet News MalayalamAsianet News Malayalam

യാഥാര്‍ത്ഥ്യമാകുന്നത് പ്രവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം; മൃതദേഹങ്ങള്‍ ഇനി തൂക്കിനോക്കില്ല

തൂക്കിനോക്കി വാങ്ങിയിരുന്ന നിരക്ക് പോലും കഴിഞ്ഞ സെപ്തംബറില്‍ എയര്‍ ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. ഒപ്പം എംബസി ആവശ്യപ്പെട്ടാല്‍ പോലും ആരുടെയും മൃതദേഹം സൗജന്യമായി കൊണ്ടുപോകാനാവില്ലെന്ന പ്രഖ്യാപനവും വന്നു. 

Air India announces fixed cost for repatriation of human remains
Author
Dubai - United Arab Emirates, First Published Jan 4, 2019, 7:39 PM IST

ദുബായ്: ജീവിതമാര്‍ഗം തേടി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്ന പ്രവാസികള്‍ അവിടെ മരണപ്പെട്ടാല്‍ മൃതദേഹത്തോട് പോലും ക്രൂരമായ സമീപനം സ്വീകരിക്കുന്ന അവസ്ഥ മാറണമെന്നത് ഏറെനാളായുള്ള ആവശ്യമായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനായി മൃതദേഹം തൂക്കിനോക്കി ഭാരത്തിന്റെ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കുന്ന രീതിയാണ് എയര്‍ ഇന്ത്യ അവസാനിപ്പിച്ചത്. ഇനി ഏകീകൃത നിരക്കായിരിക്കും രാജ്യത്ത് എല്ലായിടത്തേക്കും മൃതദേഹം എത്തിക്കുന്നതിന്.

തൂക്കിനോക്കി വാങ്ങിയിരുന്ന നിരക്ക് പോലും കഴിഞ്ഞ സെപ്തംബറില്‍ എയര്‍ ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. ഒപ്പം എംബസി ആവശ്യപ്പെട്ടാല്‍ പോലും ആരുടെയും മൃതദേഹം സൗജന്യമായി കൊണ്ടുപോകാനാവില്ലെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ പ്രവാസികള്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തിയതോടെ ഈ രണ്ട് തീരുമാനങ്ങളും എയര്‍ ഇന്ത്യക്ക് പിന്‍വലിക്കേണ്ടി വന്നു. കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കിലോയ്ക്ക് 30 ദിര്‍ഹവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹവും പ്രഖ്യാപിച്ച് മൃതദേഹങ്ങളെ പ്രാദേശികതയുടെ പേരിലും വേര്‍തിരിക്കുന്നതായിരുന്നു എയര്‍ ഇന്ത്യ അന്ന് പ്രഖ്യാപിച്ച നിരക്ക് വര്‍ധന.

ബംഗ്ലാദേശും പാകിസ്താനും പോലുള്ള  രാജ്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍  മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി സ്വന്തം നാട്ടിലെത്തിക്കുമ്പോഴായിരുന്നു എയര്‍ ഇന്ത്യയുടെ തീവെട്ടിക്കൊള്ള. ഇപ്പോള്‍ പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യം ഭാഗികമായെങ്കിലും അംഗീകരിക്കപ്പെടുകയാണ്. യുഎഇയില്‍ നിന്ന് 12 വയസിന് താഴെയുള്ളവരുടെ മൃതദേഹം കൊണ്ടുവരാന്‍ ഇനി 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹം അടക്കണം. കാര്‍ഗോ ഏജന്‍സികളെ എയര്‍ ഇന്ത്യ പുതിയ നിരക്കുകള്‍ അറിയിച്ചു.

യുഎഇക്ക് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കെല്ലാം എയര്‍ഇന്ത്യ ഏകീകൃത നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനില്‍ നിന്ന് 160 റിയാല്‍, കുവൈറ്റില്‍ നിന്ന് 175 ദിനാര്‍, സൗദിയില്‍ നിന്ന് 2200 റിയാല്‍, ബഹ്റൈനില്‍ നിന്ന് 225 ദിനാര്‍, ഖത്തറില്‍ നിന്ന് 2200 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. ജനുവരി അഞ്ച് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

Follow Us:
Download App:
  • android
  • ios