Asianet News MalayalamAsianet News Malayalam

140 കി.മി വേഗതയില്‍ ക്രൂസ് കണ്‍ട്രോള്‍ പിഴച്ചു; യുഎഇയില്‍ മരണം മുഖാമുഖം കണ്ട ഡ്രൈവറെ പൊലീസ് സാഹസികമായി രക്ഷിച്ചത് ഇങ്ങനെ

വാഹനം നിര്‍ത്താനോ വേഗത കുറയ്ക്കാനോ കഴിയാതായപ്പോള്‍ തന്റെ ജീവിതം റോഡില്‍ അപ്പോള്‍ തന്നെ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. വാഹനം ന്യൂട്രലിലേക്ക് മാറ്റിയും മറ്റും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പൊലീസിന്റെ സഹായം തേടി ഫോണ്‍ വിളിക്കുകയായിരുന്നു. സാഹചര്യം മനസിലാക്കിയ ഉദ്യോഗസ്ഥര്‍, പരിഭ്രമിക്കേണ്ടതില്ലെന്നും മനഃസാന്നിദ്ധ്യം കൈവിടാതെ വാഹനം നിയന്ത്രിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു.

Driver loses control of car at 140kmph in UAE as cruise control fails
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Mar 14, 2019, 11:48 AM IST

റാസല്‍ഖൈമ: 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി വേഗത കുറയ്ക്കാന്‍ കഴിയാതിരുന്ന ഡ്രൈവറെ പൊലീസ് സാഹസികമായി രക്ഷപെടുത്തി. റാസല്‍ഖൈമ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രാത്രിയായിരുന്നു സംഭവം. സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രൂസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായതിന് പിന്നാലെ ബ്രേക്കുകളും പ്രവര്‍ത്തിക്കാതാവുകയായിരുന്നു.

വാഹനം നിര്‍ത്താനോ വേഗത കുറയ്ക്കാനോ കഴിയാതായപ്പോള്‍ തന്റെ ജീവിതം റോഡില്‍ അപ്പോള്‍ തന്നെ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. വാഹനം ന്യൂട്രലിലേക്ക് മാറ്റിയും മറ്റും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പൊലീസിന്റെ സഹായം തേടി ഫോണ്‍ വിളിക്കുകയായിരുന്നു. സാഹചര്യം മനസിലാക്കിയ ഉദ്യോഗസ്ഥര്‍, പരിഭ്രമിക്കേണ്ടതില്ലെന്നും മനഃസാന്നിദ്ധ്യം കൈവിടാതെ വാഹനം നിയന്ത്രിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു. സഹായത്തിന് ഉടന്‍ പൊലീസ് എത്തുമെന്നും പറഞ്ഞ് സമാധാനിപ്പിച്ച് വാഹനം അപകടത്തില്‍ പെടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതേസമയം വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് പട്രോള്‍ വാഹനങ്ങള്‍ കാറിനെ കണ്ടെത്താനായി കുതിച്ചു.

ഹൈവേയില്‍ വാഹനം കണ്ടെത്തിയ പൊലീസ് മുന്നിലുള്ള തടസങ്ങള്‍ നീക്കുകയും മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വഴി സുഗമമാക്കുകയുമാണ് ആദ്യം ചെയ്തത്. സുരക്ഷിതമായ സ്ഥലത്തെത്തിയപ്പോള്‍ മുന്നിലുള്ള പൊലീസ് വാഹനം വേഗത കുറച്ച് കാറില്‍ മുട്ടിച്ചു. പൊലീസ് വാഹനത്തിന്റെ പിന്നിലിടിച്ച് കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. പൊലീസ് വേഗത കുറച്ചതോടെ കാറിന്റെയും വേഗത കുറഞ്ഞു.  വേഗത കുറച്ചുകൊണ്ടുവന്ന് സുരക്ഷിതമായി റോഡില്‍ വാഹനം നിര്‍ത്തുകയും ചെയ്തു. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ റോഡില്‍ മറ്റൊരു സ്വദേശി യുവതി ഓടിച്ചിരുന്ന കാറിനും ഇതേ തരത്തില്‍ തകരാര്‍ സംഭവിച്ചിരുന്നു. പൊലീസ് സഹായത്തോടെയാണ് അന്നും ഡ്രൈവറെ രക്ഷിച്ചത്. അബുദാബി-അല്‍ഐന്‍ റോഡില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ സമാന രീതിയില്‍ തകരാറിലായ മറ്റൊരു വാഹനത്തെ രക്ഷിക്കാന്‍ 15ഓളം പൊലീസ് പട്രോള്‍ വാഹനങ്ങളാണ് അണിനിരന്നത്.

Follow Us:
Download App:
  • android
  • ios