Asianet News MalayalamAsianet News Malayalam

മകനെ സ്കൂളില്‍ വിട്ട് തിരികെ വന്നപ്പോള്‍ കാര്‍ കാണാനില്ല; ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് കള്ളനെ പൊക്കിയത് ഇങ്ങനെ

മോഷണം പോയ കാര്‍ ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി ദുബായ് പൊലീസ്. വേഗതയ്ക്കും ജോലിയോടുള്ള പ്രതിബദ്ധതയ്ക്കും ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ദുബായ് പൊലീസ് മേധാവി

Dubai police recover a stolen car within an hour
Author
Dubai - United Arab Emirates, First Published Oct 2, 2019, 1:25 PM IST

ദുബായ്: മോഷണം പോയ കാര്‍ ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ദുബായ് പൊലീസ്. സ്കൂളിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങി കുട്ടിയെ സ്കൂളില്‍ കൊണ്ടുവിട്ട് തിരികെ വരുന്ന സമയത്തിനുള്ളില്‍ കള്ളന്‍ കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് കാറുടമ പൊലീസിനോട് പറഞ്ഞത്. വേഗം തിരികെയെത്തുമെന്നതിനാല്‍ കാറിന്റെ എഞ്ചിന്‍ ഓഫ് ചെയ്തിരുന്നില്ല. കാര്‍ മോഷണം പോയെന്ന് അറിഞ്ഞയുടന്‍ തന്നെ ഉടമ പൊലീസുമായി ബന്ധപ്പെട്ടു.

അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ദുബായ് പൊലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം ലഭിച്ച് മിനിറ്റുകള്‍ക്കം തന്നെ കാറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന ബുള്ളറ്റിന്‍ അധികൃതര്‍ തയ്യാറാക്കി. ഇത് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പട്രോളിങ് സംഘങ്ങള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാപകമായ തെരച്ചിലാണ് പട്രോള്‍ സംഘങ്ങള്‍ നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഒരു പട്രോളിങ് വാഹനം കാര്‍ കണ്ടെത്തി, കള്ളനെ കൈയോടെ പിടികൂടുകയും ചെയ്തു.

സമയബന്ധിതമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറി നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തു. ഫസ്റ്റ് കോര്‍പറല്‍ ഖാലിദ് ഇബ്രാഹിം അല്‍ മസ്‍മി, പൊലീസുകാരനായ അബ്ദുല്‍ റഹീം ഹുസൈന്‍ എന്നിവര്‍ക്കാണ് അഭിനന്ദനപത്രം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പ്രചോദനമാകണമെന്ന് പൊലീസ് മേധാവി പറഞ്ഞു. ജോലിയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കാനുള്ള പ്രോത്സാഹനമാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ പൊലീസുകാര്‍ പറഞ്ഞു.  വാഹനങ്ങളുടെ എഞ്ചിന്‍ ഓഫ് ചെയ്യാതെ പുറത്തിറങ്ങിപ്പോകരുതെന്ന് ദുബായ് പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഷോപ്പിങ് മാളുകളുടെയും വീടുകളുടെയും മുന്നില്‍ ഇത്തരത്തില്‍ നിര്‍ത്തിയിട്ടുപോകുന്ന കാറുകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios