Asianet News MalayalamAsianet News Malayalam

ആകാശത്തുവെച്ച് യാത്രക്കാരി പ്രസവിച്ചു; അബുദാബിയില്‍ നിന്നുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി

ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ ഇ.വൈ 474 വിമാനം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അബുദാബിയില്‍ നിന്ന് യാത്ര തിരിച്ചത്. വഴിമദ്ധ്യേ യാത്രക്കാരിയുടെ പ്രസവത്തെ തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള വിമാനത്താവളമെന്ന നിലയില്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. 

Flight diverted from Abu Dhabi as woman delivers baby  mid air
Author
Mumbai Airport (BOM), First Published Oct 25, 2018, 12:00 PM IST

അബുദാബി: അബുദാബിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന യുവതി യാത്രയ്ക്കിടെ പ്രസവിച്ചതാണ് അടിയന്തര ലാന്റിങിന് കാരണം. അമ്മയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങിയത്.

ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ ഇ.വൈ 474 വിമാനം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അബുദാബിയില്‍ നിന്ന് യാത്ര തിരിച്ചത്. വഴിമദ്ധ്യേ യാത്രക്കാരിയുടെ പ്രസവത്തെ തുടര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള വിമാനത്താവളമെന്ന നിലയില്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്ന് യുവതിയെ അന്ധേരിയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി കാരണം അടിയന്തര ലാന്റിങ് നടത്തേണ്ടിവന്നു എന്ന് മാത്രമാണ് ഇത്തിഹാദ് ഔദ്ദ്യോഗികമായി അറിയിച്ചത്. വിമാനം വൈകിയത് കൊണ്ട് യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ച കമ്പനി, യാത്രക്കാരുടെയും ജീവനക്കരുടെയും സുരക്ഷക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അറിയിച്ചു.

Follow Us:
Download App:
  • android
  • ios