Asianet News MalayalamAsianet News Malayalam

സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇനി ഒരുലക്ഷം റിയാൽ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ

അടിയന്തിര ഘട്ടങ്ങളിൽ സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനാണ് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ തീരുമാനം. 

foreign tourists to get insurance coverage worth SAR one lakh in saudi arabia
Author
Riyadh Saudi Arabia, First Published Oct 10, 2019, 12:59 PM IST

റിയാദ്: സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് ഇനി ഒരുലക്ഷം റിയാൽ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ. വിദേശ വിനോദ സഞ്ചാരികൾക്കു പരമാവധി ഒരു ലക്ഷം റിയാൽ വരെ ചികിത്സാ കവറേജ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.

അടിയന്തിര ഘട്ടങ്ങളിൽ സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനാണ് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ തീരുമാനം. ഇതുപ്രകാരം ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുന്ന ആശുപത്രികളിൽ ചികിത്സ തേടുന്നതിന് വിനോദ സഞ്ചാരികൾ പണം നൽകേണ്ടതില്ല. ഇൻഷുറൻസ് കമ്പനി നിശ്ചയിച്ചതല്ലാത്ത ആശുപത്രികളിൽ ചികിത്സ തേടാന്‍ നിർബന്ധിതരാകുന്നപക്ഷം വിദേശ വിനോദ സഞ്ചാരികൾക്ക്  പോളിസി വ്യവസ്ഥകൾ പ്രകാരം ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകുകയും ചെയ്യും.

വാഹനാപകടങ്ങളിലെ പരിക്കുകൾ, അടിയന്തര സാഹചര്യങ്ങളിൽ ഡയാലിസിസ്, കിടത്തി ചികിത്സ,  ആംബുലൻസ് സേവനം, അടിയന്തര സാഹചര്യങ്ങളിൽ അയ്യായിരം റിയാൽ വരെ ചിലവ് വരുന്ന ഗർഭ-പ്രസവ പരിചരണം തുടങ്ങിയ ആരോഗ്യ ഇൻഷുറസ് പരിരക്ഷ വിനോദ സഞ്ചാരികൾക്ക് ലഭിക്കും. കൂടാതെ വിനോദ സഞ്ചാരി മരിച്ചാൽ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് പരമാവധി 10,000 റിയാലും മൃതദേഹത്തെ അനുഗമിക്കുന്നതിന് കുടംബാംഗത്തിനു പരമാവധി 5000 റിയാൽ വരെയും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. 

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്കായി 140 റിയാലാണ് വിദേശ വിനോദ സഞ്ചാരികൾ നൽകേണ്ടത്. 300 റിയാലാണ് നിലവില്‍ ടൂറിസ്റ്റ് വിസയ്ക്ക് ഫീസ് ഈടാക്കുന്നത്. കഴിഞ്ഞ മാസമാണ് 49 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് സൗദിയിൽ ഓൺ അറൈവൽ വിസ സംവിധാനം നിലവിൽ വന്നത്.

Follow Us:
Download App:
  • android
  • ios