Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 18 കോടിയുടെ ലോട്ടറിയടിച്ച ഇന്ത്യക്കാരന്‍ ഭാഗ്യം പരീക്ഷിച്ചത് നൂറിലേറെ തവണ

നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ സമ്മാനവിവരം അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

Indian who won 10 million bought raffle ticket over 100 times
Author
Abu Dhabi - United Arab Emirates, First Published Apr 11, 2019, 5:01 PM IST

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ ഇക്കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ഇന്ത്യക്കാരന്‍ 18 വര്‍ഷത്തിനിടെ നൂറിലേറെ തവണയാണ് ഭാഗ്യം പരീക്ഷിച്ചത്. ഒന്നാം സമ്മാനമായി ഒരു കോടി ദിര്‍ഹം നേടിയ ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറാണ് ഇക്കാര്യം ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞത്. ഒടുവില്‍ സമ്മാനം ലഭിച്ചതും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം തന്നെ. നറുക്കെടുപ്പിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് അദ്ദേഹം ബിഗ് ടിക്കറ്റ് അധികൃതരുമായി സംസാരിച്ചത്. 

നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ സമ്മാനവിവരം അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി. എന്നാല്‍ ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്നും പറഞ്ഞെങ്കിലും നാളെ വിളിക്കാനായിരുന്നു മകള്‍ പറഞ്ഞത്. ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞിരുന്നു.

ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായയാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിന് പിന്നാലെ ബിഗ് ടിക്കറ്റ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഏതാനും ദിവസങ്ങള്ഡക്ക് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 30 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന അദ്ദേഹം നാട്ടിലേക്ക് വരുന്ന വഴിയാണ് ടിക്കറ്റെടുത്തത്. മംഗളുരു സ്വദേശിയായ രവീന്ദ്ര തീര്‍ത്ഥാടനത്തിനായി മഹാരാഷ്ട്രയിലായിരുന്നതിനാലാണ് ഫോണില്‍ ലഭിക്കാതിരുന്നത്. 18 വര്‍ഷമായി അബുദാബി ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. നൂറിലധികം ടിക്കറ്റുകള്‍ ഇതുവരെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവധിക്ക് ശേഷം ഈ മാസം 27ന് അദ്ദേഹം അബുദാബിയിലേക്ക് മടങ്ങും. 

Follow Us:
Download App:
  • android
  • ios