Asianet News MalayalamAsianet News Malayalam

സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പ്രവാസിക്ക് ദുബായില്‍ വധശിക്ഷ

ദുബായിലെ ജബല്‍ അലിയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തിന് സമീപത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പ്രതികള്‍ ഇയാളെ കണ്ടെത്തി ചങ്ങാത്തം കൂടുകയായിരുന്നു. 

Man gets death penalty for raping killing man in Dubai desert
Author
Dubai - United Arab Emirates, First Published Oct 31, 2018, 2:44 PM IST

ദുബായ്: സുഹൃത്തിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്ത പ്രവാസിക്ക് ദുബായില്‍ വധശിക്ഷ. കൊലപാതകത്തില്‍ സഹായിച്ച മറ്റൊരാള്‍ക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. വിജനമായ മരുഭൂമിയില്‍ വെച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

33ഉം 21ഉം വയസുള്ള പാകിസ്ഥാന്‍ പൗരന്മാരെയാണ് ശിക്ഷിച്ചത്. ഇതില്‍ 33കാരനായ മുഖ്യപ്രതി പൊലീസിന് പിടികൊടുക്കാതെ രാജ്യം വിട്ടു. ഇയാളുടെ അസാന്നിദ്ധ്യത്തിലാണ് ശിക്ഷ വിധിച്ചത്. പാകിസ്ഥാനിലുള്ള തന്റ ബന്ധുവായ ഒരു സ്ത്രീയുടെ ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിനുള്ള പ്രതികാരമെന്ന നിലയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സമ്മതിച്ചു. എന്നാല്‍ ചിത്രങ്ങള്‍ താനല്ല പ്രചരിപ്പിച്ചതെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് ഇയാള്‍ വിളിച്ചുപറഞ്ഞിരുന്നതായും  പ്രതി പൊലീസിനോട് പറഞ്ഞു.

ദുബായിലെ ജബല്‍ അലിയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തിന് സമീപത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പ്രതികള്‍ ഇയാളെ കണ്ടെത്തി ചങ്ങാത്തം കൂടുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഒരുദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനായി ഇയാളെ പ്രതികള്‍ മരുഭൂമിയിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചില ഭക്ഷണ സാധനങ്ങളും ഇവര്‍ വാങ്ങിയിരുന്നു. മറ്റാരുടേയും ശ്രദ്ധയില്‍ പെടാത്ത സ്ഥലത്തെത്തിയപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് യുവാവിന്റെ കഴുത്തില്‍ കയറിട്ട് മുറുക്കി. രണ്ട് പേരും രണ്ട് ഭാഗത്ത് നിന്ന് ശക്തമായി വലിച്ചു. വായില്‍ മണല്‍ വാരിയിടുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് മുന്‍പ് മുഖ്യപ്രതി ഇയാളെ ലൈംഗിക പീഡനത്തിനും വിധേയമാക്കി. 

മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേര്‍ന്ന് മണലില്‍ കുഴിച്ചിട്ടു, മൊബൈല്‍ ഫോണും പഴ്സും കവരുകയും ചെയ്തു. മാര്‍ച്ച് 16നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന തരത്തില്‍ ദുബായ് പൊലീസിന് വിവരം ലഭിച്ചത്. മൃഗങ്ങള്‍ ഭക്ഷിച്ച മൃതദേഹത്തിന്റെ വിരലുകളും മുടിയും മാത്രമാണ് പൊലീസിന് ലഭിച്ചത്. അടുത്തുള്ള ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തെങ്കിലും അവരല്ല കൊലപാതകത്തിന് പിന്നിലെന്ന് മനസിലായി. ശാസ്ത്രീയമായ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയായിരുന്നു. സംഭവദിവസം ഇയാളുടെ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മുഖ്യപ്രതി രാജ്യംവിട്ടിരുന്നു.

Follow Us:
Download App:
  • android
  • ios