Asianet News MalayalamAsianet News Malayalam

വിദേശത്ത് തൊഴില്‍ വേണോ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

വിദേശത്ത് തൊഴിൽതേടി പോകുന്ന ഇന്ത്യക്കാർക്ക് അടുത്ത വര്‍ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. 18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്കാണ്...

online registration compulsory for abroad jobs
Author
Delhi, First Published Nov 22, 2018, 12:16 AM IST

ദില്ലി: വിദേശത്ത് തൊഴിൽതേടി പോകുന്ന ഇന്ത്യക്കാർക്ക് അടുത്ത വര്‍ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. 18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് ആണ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തൊഴിൽ വിസയിൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്നവർ www.emigrate.gov.in എന്ന വെബ്‌സൈറ്റിൽ തങ്ങളുടെ പൂർണ വിവരങ്ങൾ രേഖപെടുത്തണം. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, അഫ്‌ഗാനിസ്ഥാൻ, ഇൻഡോനേഷ്യ, ഇറാക്ക്, ജോർദാൻ, ലെബനോൻ, ലിബിയ, മലേഷ്യ, സുഡാൻ, തെക്കൻ സുഡാൻ, സിറിയ, തായ്‌ലൻഡ്, യെമൻ, എന്നീ രാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നവർക്കാണ് ഈ നിബന്ധന.

ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർമുമ്പ് രജിസ്‌ട്രേഷൻനടപടികൾ പൂർത്തികരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾക്കും ക്ലിയറൻസ് ആവശ്യമുള്ളവർക്കും ഈ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്തവരെ വിദേശത്തേക്കുള്ള യാത്ര തുടരുവാൻ അനുവദിക്കുകയില്ല എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്താൻ 2015 മുതലാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ ആരംഭിച്ചത്. എന്നാൽ തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾ ഉള്ളവർക്കും കൂടി ഇപ്പോൾ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.

നിലവിൽ വിദേശത്ത് തൊഴിൽ ചെയ്തുവരുന്നവർ ഇന്ത്യയിൽ വന്ന് മടങ്ങി പോകുന്നതിനു മുൻപ് ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചിരിക്കണം. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും.

Follow Us:
Download App:
  • android
  • ios