Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിര്‍ത്താതെ പോയ വിദേശി കുടുങ്ങി

സ്വന്തം പിഴവ് കാരണമാണ് അപകടമുണ്ടായതെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ ഏഷ്യക്കാരന്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. യുഎഇയിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഇത് ഗുരുതരമായ കുറ്റമാണ്. 

Police in UAE arrest hit and run driver within 3 hours
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Oct 17, 2018, 12:48 PM IST

റാസല്‍ഖൈമ: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ പിക് അപ് ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് കുടുക്കി. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന യുഎഇ പൗരനെയാണ് അശ്രദ്ധമായി വാഹനം ഓടിച്ച ഏഷ്യക്കാരന്‍ റോഡില്‍ ഇടിച്ചിട്ടത്.

സ്വന്തം പിഴവ് കാരണമാണ് അപകടമുണ്ടായതെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ ഏഷ്യക്കാരന്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. യുഎഇയിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഇത് ഗുരുതരമായ കുറ്റമാണ്. അപകടമുണ്ടായാല്‍ വാഹനം നിര്‍ത്താകെ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ്  ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി അറിയിച്ചു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍ വിഭാഗത്തെയും ആംബുലന്‍സ്, പാരാമെഡിക്കല്‍ ഉദ്ദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നിര്‍ത്താതെ പോയ ഡ്രൈവറെ കണ്ടെത്താന്‍ വന്‍ സന്നാഹത്തോടെയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.  മൂന്ന് മണിക്കൂറിനകം തന്നെ ഇയാളെയും വാഹനത്തെയും പൊലീസ് പിടികൂടി. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ചെറിയ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയാല്‍ 500 ദിര്‍ഹം പിഴയും എട്ട് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും. വലിയ വാഹനമാണെങ്കില്‍ 1000 ദിര്‍ഹം ശിക്ഷയും 16 ബ്ലാക് പോയിന്റുകളും ലഭിക്കും.  വാഹനം നിശ്ചിത കാലത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.-

Follow Us:
Download App:
  • android
  • ios