Asianet News MalayalamAsianet News Malayalam

പ്രിവിലേജ് ഇഖാമയ്ക്ക് അംഗീകാരം; പ്രവാസികള്‍ക്ക് സ്പോണ്‍സറില്ലാതെ താമസിക്കാം

പുതിയ നിയമമനുസരിച്ച് പ്രിവലേജ് ഇഖാമ ലഭിക്കുന്നയാളിന് സൗദിയില്‍ ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ഒപ്പം ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സന്ദര്‍ശക വിസയെടുക്കാം. ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരികയും സ്വന്തം പേരിൽ വീടുകളോ കെട്ടിടങ്ങളോ സ്വന്തമാക്കുകയും വാഹനങ്ങള്‍ വാങ്ങുകയും ചെയ്യാം.

saudi cabinet approves special Privilege Iqama
Author
Riyadh Saudi Arabia, First Published May 15, 2019, 3:59 PM IST

റിയാദ്: സൗദിയില്‍ പ്രിവലേജ് ഇഖാമ അനുവദിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസികള്‍ക്ക് സ്‍പോണ്‍സറില്ലാതെ രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും അവസരം നല്‍കുന്ന ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായിട്ടാണെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

പുതിയ നിയമമനുസരിച്ച് പ്രിവലേജ് ഇഖാമ ലഭിക്കുന്നയാളിന് സൗദിയില്‍ ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ഒപ്പം ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സന്ദര്‍ശക വിസയെടുക്കാം. ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരികയും സ്വന്തം പേരിൽ വീടുകളോ കെട്ടിടങ്ങളോ സ്വന്തമാക്കുകയും വാഹനങ്ങള്‍ വാങ്ങുകയും ചെയ്യാം. വ്യവസ്ഥകൾക്ക് വിധേയമായി വിദേശികൾക്ക് രണ്ടു തരത്തിലുള്ള പ്രിവിലേജ് ഇഖാമ അനുവദിക്കാനാണ് തീരുമാനം. പ്രത്യേക കാലാവധി നിശ്ചയിക്കാത്ത ഇഖാമയും ഒരു വര്‍ഷം കാലാവധിയുള്ള ഇഖാമയും ഈ വിഭാഗത്തിലുണ്ടാവും. ഇത് പിന്നീട് ദീര്‍ഘിപ്പിക്കാനുമാവും. പ്രിവിലേജ് ഇഖാമയ്ക്ക് പ്രത്യേക ഫീസ് അടയ്‌ക്കേണ്ടിവരും. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

പ്രിവിലേജ് ഇഖാമ അനുവദിക്കുന്നതിനും ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും പ്രത്യേക കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനം. ഫീസ് അടക്കമുള്ള എല്ലാ കാര്യങ്ങളും ഈ സെന്ററായിരിക്കും നിശ്ചയിക്കുക. മൂന്ന് മാസത്തിനകം ഇക്കാര്യങ്ങളില്‍ അന്തിമരൂപമുണ്ടാക്കും. പാസ്‍പോര്‍ട്ടും ആവശ്യമായ സാമ്പത്തിക ശേഷിയും ഹെല്‍ത്ത് റിപ്പോര്‍ട്ടും. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സാക്ഷ്യപത്രവുമാണ് പ്രിവിലേജ് ഇഖാമയ്ക്ക് വേണ്ടത്. 

പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന വിദേശികൾക്ക് സ്വദേശികൾക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. എന്നാൽ സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല താമസ രേഖയുള്ളവർക്കും അവരുടെ ആശ്രിതർക്കും ജോലിചെയ്യാൻ വിലക്കുണ്ടാകും.  മക്കയിലും മദീനയിലും രാജ്യത്തിൻറെ അതിർത്തി പ്രദേശങ്ങളിലും കെട്ടിടങ്ങളും ഫ്ലാറ്റുകളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതിയുണ്ടാകില്ല. സ്വദേശികൾക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും പ്രയോജനപ്പെടുത്തി സൗദിയിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പ്രിവിലേജ് ഇഖാമ പദ്ധതി നടപ്പിലാക്കുന്നത്. 

Follow Us:
Download App:
  • android
  • ios