Asianet News MalayalamAsianet News Malayalam

ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമം; ഇന്ത്യക്കാരിയെ യുഎഇ പൊലീസ് രക്ഷിച്ചു

അല്‍ നഹ്ദയിലെ ഫ്ലാറ്റിലാണ് ഷാര്‍ജ പൊലീസ് സംഘം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അര്‍ദ്ധരാത്രിയെത്തിയത്. വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

UAE based Indian girl plans live video of suicide rescued
Author
Sharjah - United Arab Emirates, First Published Dec 22, 2018, 3:24 PM IST

ഷാര്‍ജ: സോഷ്യല്‍ മീഡിയ വഴിയുള്ള അപമാനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ 20കാരിയെ ഷാര്‍ജ പൊലീസ് രക്ഷിച്ചു. മരിക്കുന്നത് ലൈവായി എല്ലാവരെയും കാണിക്കാനായിരുന്നു ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തില്‍ മറ്റുള്ളവര്‍ മോശം കമന്റുകളിട്ടതിന്റെ പേരിലായിരുന്നു ആത്മഹത്യാ ശ്രമം.

അല്‍ നഹ്ദയിലെ ഫ്ലാറ്റിലാണ് ഷാര്‍ജ പൊലീസ് സംഘം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അര്‍ദ്ധരാത്രിയെത്തിയത്. വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് താന്‍ ഇത് ചെയ്യുന്നതെന്നും യുവതി പറഞ്ഞിരുന്നു. ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ ഇവര്‍ ഷാര്‍ജ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയ പൊലീസ് സംഘം അല്‍ നഹ്ദയിലെ ഫ്ലാറ്റിലെത്തി. വാതിലില്‍ മുട്ടിയപ്പോള്‍ കുട്ടിയുടെ അച്ഛനാണ് പുറത്തുവന്നത്. പൊലീസിനെ കണ്ട് അമ്പരന്ന അച്ഛനോട് മകളെ രക്ഷിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് സംഘം എത്തിയപ്പോള്‍ മുറയില്‍ ഒറ്റയ്ക്ക് ഇരുട്ടത്തിരുന്ന് ആത്മഹത്യക്കുള്ള തയ്യാറെടുപ്പുകള്‍ പെണ്‍കുട്ടി തുടങ്ങിയിരുന്നു. പൊലീസിനെ കണ്ടതോടെ സമനില തെറ്റിയെങ്കിലും തങ്ങള്‍ സഹായിക്കാനാണ് വന്നതെന്ന് അറിയിച്ച് ഉദ്ദ്യോഗസ്ഥര്‍ സമാധാനിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രത്തോട് ആളുകള്‍ മോശമായി പ്രതികരിക്കുകയും മാനസികമായി തകര്‍ത്തുകളയുന്ന തരത്തില്‍ കമന്റുകള്‍ ഇടുകയും ചെയ്തതാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ കാരണമായി പൊലീസിനോട് പറഞ്ഞത്. കുട്ടിക്ക് ഉടന്‍ തന്നെ മാനസിക രോഗ വിദഗ്ദരുടെ സേവനം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു. ദുബായ്-ഷാര്‍ജ പൊലീസ് സേനകളുടെ സഹകരണമാണ് അപകടമെന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കള്‍ ഒറ്റയ്ക്കാക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അപരിചിതരുമായുള്ള ആശയവിനിമയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios