Asianet News MalayalamAsianet News Malayalam

യുഎഇ ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാം

പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിങ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവാം. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്കാകും

UAE driving lessons to be available in India
Author
Abu Dhabi - United Arab Emirates, First Published May 16, 2019, 10:46 AM IST

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നതെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേന്‍ എം.ഡി ഡോ. മനീഷ് കുമാര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിങ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവാം. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരിച്ച ചിലവ് കാരണം യുഎഇയിലെ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ പല പ്രവാസികള്‍ക്കും സാധിക്കാറില്ല. ടെസ്റ്റുകളുടെ എണ്ണത്തിനുസരിച്ച് 5000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ചിലവ്. പ്രവാസികള്‍ കൂടുതലുള്ള കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലായിരിക്കും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിലവിലുള്ള ഡ്രൈവിങ് സ്കൂളുകളില്‍ ലെഫ്റ്റ് ഹാന്റ് ‍ഡ്രൈവിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കുകയായിരിക്കും ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളുടെ ഡ്രൈവിങ് പരിശീലനം തുടങ്ങുന്ന തരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമിച്ചിട്ടുണ്ടെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേന്‍ അറിയിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios