Asianet News MalayalamAsianet News Malayalam

'നോട്ടി ബോയ്' നാളെ കുതിക്കും, ഇന്ത്യയുടെ പുതിയ കാലാവസ്ഥാ ഉപഗ്രഹവുമായി

ശ്രീഹരിക്കോട്ടയിൽ നിന്ന് ശനിയാഴ്ച വൈകീട്ട് 5.35നാണ് വിക്ഷേപണം

Naughty Boy of ISRO To Launch Indias Latest Weather Satellite Tomorrow SSM
Author
First Published Feb 16, 2024, 4:27 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം നാളെ. ഐഎസ്ആർഒയുടെ 'നോട്ടി ബോയ്' എന്നറിയപ്പെടുന്ന റോക്കറ്റാണ് ഉപഗ്രഹവുമായി കുതിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ശനിയാഴ്ച വൈകീട്ട് 5.35നാണ് ഇൻസാറ്റ്-3ഡിഎസിന്‍റെ വിക്ഷേപനം. 

ഇൻസാറ്റ്-3ഡിഎസുമായി കുതിക്കുന്ന  ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനെ (ജിഎസ്എൽവി) ഐഎസ്ആർഒ മുൻ ചെയർമാൻ നോട്ടി ബോയ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്‍റെ 15 ദൌത്യങ്ങളില്‍ ആറെണ്ണം പരാജയപ്പെട്ടു. പരാജയ നിരക്ക് 40 ശതമാനമാണ്. 2023 മെയ് 29 ന് ജിഎസ്എല്‍വിയുടെ അവസാന വിക്ഷേപണം വിജയകരമായിരുന്നു, എന്നാൽ അതിന് മുമ്പുള്ള 2021 ഓഗസ്റ്റ് 12 ലെ വിക്ഷേപണം പരാജയമായിരുന്നു. അതുകൊണ്ടാണ് ഈ റോക്കറ്റ് വികൃതിക്കുട്ടി എന്ന് അറിയപ്പെടുന്നത്. 

അതേസമയം ലോഞ്ച് വെഹിക്കിൾ മാർക്ക്-3 അല്ലെങ്കിൽ 'ബാഹുബലി റോക്കറ്റ്' ഏഴ് ദൌത്യങ്ങളും വിജയിച്ച് 100 ശതമാനം വിജയം സ്വന്തമാക്കി. ഐഎസ്ആര്‍ഒയുടെ തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റേതാകട്ടെ (പിഎസ്എൽവി) 95 ശതമാനമാണ് വിജയ നിരക്ക്, 60 വിക്ഷേപണങ്ങളിൽ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്.

ശനിയാഴ്ച വിക്ഷേപിക്കുന്ന ഉപഗ്രഹം നിരവധി പ്രത്യേകതകള്‍ ഉള്ളതാണ്. കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.  2,274 കിലോഗ്രാം ഭാരമുണ്ട് ഉപഗ്രഹത്തിന്. ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമാണം. ഇതിന് പൂർണമായും ധനസഹായം നൽകുന്നത് ഭൗമശാസ്ത്ര മന്ത്രാലയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത മുന്നറിയിപ്പിനുമായി കരയുടെയും സമുദ്രത്തിന്‍റെയും ഉപരിതലം നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് പുതിയ കാലാവസ്ഥാ ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഎസ്ആർഒ അധികൃതർ പറഞ്ഞു. സൈക്ലോണ്‍ പ്രവചനം ഉള്‍പ്പെടെ കൂടുതല്‍ കൃത്യമായി നടത്താൻ കഴിയുമെന്ന് സമുദ്ര ശാസ്ത്ര വിദഗ്ധൻ ഡോ. എം രവിചന്ദ്രൻ പറഞ്ഞു. ഇൻസാറ്റ്-3ഡി, ഇൻസാറ്റ്-3ഡിആർ, ഓഷ്യൻസാറ്റ് എന്നിവയാണ് നിലവില്‍ ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios