'മായ'; യുട്യൂബില്‍ ശ്രദ്ധ നേടി അനി ഐ വി ശശിയുടെ ഷോര്‍ട്ട് ഫിലിം

അശോക് സെല്‍വനും പ്രിയ ആനന്ദും അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഹ്രസ്വചിത്രത്തില്‍ ഉള്ളത്. ഒരു യുവസംവിധായകനാണ് അശോക് സെല്‍വന്‍ അവതരിപ്പിക്കുന്ന കഥാപാത്രം

maya official tamil short film

അനി ഐ വി ശശി സംവിധാനം ചെയ്‍ത തമിഴ് ഹ്രസ്വചിത്രം 'മായ' യുട്യൂബില്‍ റിലീസ് ചെയ്‍തു. 2017ല്‍ ഒരുക്കിയ ചിത്രം ആ വര്‍ഷം ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‍കാരം നേടിയിട്ടുണ്ട്. ഗൗതം വസുദേവ് മേനോന്‍റെ നിര്‍മ്മാണക്കമ്പനിയായ ഒണ്‍ഡ്രഗ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ യുട്യൂബ് ചാനലിലൂടയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് അണിയറക്കാരുടെ തീരുമാനം.

അശോക് സെല്‍വനും പ്രിയ ആനന്ദും അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഹ്രസ്വചിത്രത്തില്‍ ഉള്ളത്. ഒരു യുവസംവിധായകനാണ് അശോക് സെല്‍വന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. സാമ്പത്തിക വിജയം ഉറപ്പുള്ള ഒരു ചിത്രത്തിനായി കഥ ആലോചിക്കുകയാണ് അയാള്‍. പല കഥകളെക്കുറിച്ചുള്ള ഈ കഥാപാത്രത്തിന്‍റെ ആലോചനകളിലൂടെയാണ് 'മായ' കടന്നുപോകുന്നത്. 

ഐ വി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും അനി ഐ വി ശശിയാണ്. ഛായാഗ്രഹണം ദിവാകര്‍ മണി. സംഗീതം റോണ്‍ ഇഥാന്‍ യോഹന്‍. ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്‍ണന്‍. പോസ്റ്റര്‍ ഡിസൈന്‍, ടൈറ്റില്‍സ് കല്യാണി പ്രിയദര്‍ശന്‍. അനി ഐ വി ശശിയുടെ ഫീച്ചര്‍ ചിത്രം 'നിന്നിലാ നിന്നിലാ' നേരത്തെ റിലീസ് ചെയ്യപ്പെട്ടിരുന്നു. പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ സഹ രചയിതാവും അസോസിയേറ്റ് ഡയറക്ടറുമാണ് ഐ വി ശശിയുടെ മകനായ അനി ഐവി ശശി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios