Asianet News MalayalamAsianet News Malayalam

മാണ്ഡ്യയിൽ വെന്നിക്കൊടി പാറിക്കാൻ സുമലത; റിബൽ സ്റ്റാറിന്‍റെ റിബൽ വൈഫ് ഏഷ്യാനെറ്റ് ന്യൂസിനോട്

റിബൽ സ്റ്റാറിന്‍റെ ഭാര്യയാണ് അപ്പോൾ കുറച്ചൊക്കെ അദ്ദേഹത്തെ പോലെയാകണമല്ലോ, സ്ഥാനാ‌ർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സുമലതയുടെ മറുപടി ഭ‌ർത്താവിന്‍റെ ഓർമ്മകളെ കൂട്ടുപിടിച്ചാണ്.

sumalatha ambareesh opens up to asianet news on mandya candidature
Author
Bengaluru, First Published Mar 12, 2019, 6:33 PM IST

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ ഇപ്പോൾ താരം നടി സുമലത അംബരീഷാണ്. മണ്ഡ്യ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കാനുറച്ച് സുമലത മുന്നോട്ടുപോകുമ്പോൾ ജെഡിഎസ് ക്യാമ്പ് അങ്കലാപ്പിലാണ്. കുമാരസ്വാമിയുടെ മകൻ നിഖിലിന്  റിബൽ സ്റ്റാറിന്‍റെ  ഭാര്യ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സുമതല ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.

റിബൽ സ്റ്റാറിന്‍റെ ഭാര്യയാണ് അപ്പോൾ കുറച്ചൊക്കെ അദ്ദേഹത്തെ പോലെയാകണമല്ലോ, സ്ഥാനാ‌ർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സുമലതയുടെ മറുപടി ഭ‌ർത്താവിന്‍റെ ഓർമ്മകളെ കൂട്ടുപിടിച്ചാണ്. താൻ ഒരു റിബലല്ലെന്നും ആളുകൾ അങ്ങനെ കാണേണ്ടതില്ലെന്നും പറയുന്ന സുമലത, മത്സരിക്കുന്നത് മണ്ഡ്യക്ക് വേണ്ടിയാണെന്ന് ആവ‌ർത്തിക്കുന്നു. 

അംബരീഷിനോട് മണ്ഡ്യക്കും മണ്ഡ്യയിലെ ജനങ്ങൾക്കുമുള്ള അസീമമായ സ്നേഹമാണ് മത്സരിക്കാൻ കാരണം, ജനം തന്നിൽ അംബരീഷിനെയാണ് കാണുന്നത് ആ വിളി കേൾക്കാതിരിക്കാൻ ആകില്ല. അദ്ദേഹത്തിന്‍റെ പാരമ്പര്യം ഞാൻ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു. മാണ്ഡ്യയിലെ ജനങ്ങളുമായി അംബരീഷിനുള്ള വൈകാരിക ബന്ധം വോട്ടായി മാറുമെന്ന കണക്ക് കൂട്ടലിലാണ് സുമലത.

ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന്‍റെ സ്ഥാനാ‌ർത്ഥിയായി നിഖിൽ കുമാര സ്വാമി വരുമെന്ന വാ‌ർത്ത സുമലതയെ തെല്ലും ഭയപ്പെടുത്തുന്നില്ല. ജെഡിഎസ് എന്താണ് ചിന്തിക്കുന്നതെന്നറിയില്ല. എനിക്കൊപ്പം ജനമുണ്ട്, കോൺഗ്രസും സുമലതയുടെ ആത്മവിശ്വാസം വാക്കുകളിൽ പ്രകടമാണ്. 

എതിരാളി ആരായാലും നേരിടും. ഇത് തെരഞ്ഞടുപ്പാണ് ഒന്നും എളുപ്പമല്ലെന്നറിയാം പക്ഷേ മുന്നോട്ട് പോകുക തന്നെ വേണം, ജീവിതവും എളുപ്പമല്ലല്ലോ സുമതല വാചാലയായി. 

മാണ്ഡ്യക്ക് പകരം മൈസൂരുവെന്ന ഒത്തുതീർപ്പ് ഫോർമുല യാതൊരു സങ്കോചവും കൂടാതെ തള്ളുന്നു റിബൽ സ്റ്റാറിന്‍റെ റിബൽ വൈഫ്. മത്സരിക്കുന്നുണ്ടെങ്കിൽ അത് മാണ്ഡ്യയിൽ മാത്രം അക്കാര്യത്തിൽ ഒരു ഒത്തുതീ‌‌ർപ്പില്ലെന്ന് സുമലത വ്യക്തമാക്കുന്നു. 

കേരളം എന്നും സ്നഹം മാത്രമാണ് നൽകിയിട്ടുള്ളതെന്ന് കൂട്ടിച്ചേർത്ത സുമലത സ്നേഹവും പ്രാർത്ഥനയും എന്നുമുണ്ടാകണമെന്നും അഭ്യർത്ഥിച്ചു. 

Follow Us:
Download App:
  • android
  • ios