Asianet News MalayalamAsianet News Malayalam

മോദിയുടെ പ്രതിയോഗിയാകാൻ രാഹുൽ പ്രാപ്തനാണോ? ശരദ് പവാർ പറയുന്നു

" ഇത്തവണ മോദി-രാഹുൽ പോരാട്ടമല്ല, മോദിക്കെതിരെ രംഗത്തുള്ളവരുടെ നിരയിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധി " ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അനൂപ് ബാലചന്ദ്രൻ ശരദ് പവാറുമായി നടത്തിയ അഭിമുഖം. 

is rahul gandhi ready to take on modi sharad pawar interview
Author
Mumbai, First Published Apr 13, 2019, 11:27 AM IST

മുംബൈ: ഈ ലോകസഭ തെരഞ്ഞെടുപ്പിൽ നടക്കുന്നത് മോദി-രാഹുൽ പോരാട്ടമല്ലെന്നും മോദിക്കെതിരെ രംഗത്തുള്ളവരുടെ നിരയിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധിയെന്നും പറയുന്നു എൻസിപി അധ്യക്ഷൻ ശരദ് പവാർ. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ കഷ്ടപ്പെടുന്നുണ്ടെന്ന് അംഗീകരിച്ച ശരത് പവാർ  പ്രതിപക്ഷ സഖ്യം കൂട്ടിയിണക്കാനും രാഹുൽ ശ്രമിച്ചുവെന്ന് സമ്മതിക്കുന്നു.

ആ ശ്രമത്തിൽ രാഹുൽ ഗാന്ധി മാത്രമല്ല. നരേന്ദ്രമോദിക്കെതിരെ നേതാക്കളുടെ വലിയ നിര തന്നെ പ്രതിപക്ഷത്തുണ്ടെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ബിജെപി സർക്കാരിനെ മാറ്റിനിർത്താൻ കഴിഞ്ഞാൽ രാജ്യത്തിന് നല്ലതാണെന്നും പറയുന്ന പവാർ ബിജെപി ഇതര സർക്കാരുണ്ടായാൽ പ്രധാനമന്ത്രി പദം താൻ ആവശ്യപ്പെടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ശരദ് പവാറുമായി അനൂപ് ബാലചന്ദ്രൻ നടത്തിയ അഭിമുഖത്തിന്‍റെ പൂർണ്ണരൂപം

is rahul gandhi ready to take on modi sharad pawar interview

താങ്കൾ വീണ്ടും സഖ്യം കൂട്ടിയിണക്കി, എന്താണ് മഹാരാഷ്ട്രയിൽ സഖ്യത്തിന്‍റെ സാധ്യകൾ?

എൻസിപിയും കോണ്‍ഗ്രസും ഒത്തൊരുമിച്ചാണ് മുന്നേറുന്നത്.കർഷക പാർട്ടിയും മറ്റ് ചെറുകക്ഷികളും സഖ്യത്തിൽ ചേർന്നിട്ടുണ്ട്.മത്സരരംഗത്ത് പ്രധാനമായും എൻസിപിയും കോണ്‍ഗ്രസുമാണ്.

ലക്ഷദ്വീപിലും എൻസിപി മത്സരിക്കുന്നുണ്ടല്ലോ?

എൻസിപിയുടെ സിറ്റിംഗ് സീറ്റാണ് ലക്ഷദ്വീപ് അവിടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി. കോണ്‍ഗ്രസ് സഖ്യ തത്വങ്ങൾ മാനിക്കുന്നില്ല ഇതിൽ അസന്തുഷ്ടനാണ്.

താങ്കൾ മുതിർന്ന യുപിഎ നേതാവാണ് മോദിരാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നു. പ്രധാനമന്ത്രി കസേര താങ്കൾ ലക്ഷ്യമിടുന്നുണ്ടോ?

പ്രധാനമന്ത്രിയാകാനില്ല. ഭൂരിപക്ഷം കിട്ടിയാൽ എല്ലാ പാർട്ടികളും കൂടിയാലോചിച്ച് നേതാവിനെ തീരുമാനിക്കും. 2004ലും  ഞങ്ങൾ ചെയ്തത് ഇതാണ്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ എങ്ങനെ കാണുന്നു.മോദിയുടെ പ്രതിയോഗിയാകാൻ രാഹുൽ പ്രാപ്തനാണോ?

നരേന്ദ്രമോദിക്കെതിരെ നേതാക്കളുടെ വലിയ നിരയുണ്ട്.അതുകൊണ്ട് ഇത് ഒരു വിഷയമല്ല. എന്തായാലും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ കഷ്ടപ്പെടുന്നുണ്ട്. സഖ്യം കൂട്ടിയിണക്കാനും ശ്രമിച്ചു. ബിജെപി സർക്കാരിനെ കൂട്ടായ പ്രവർത്തനത്തിലൂടെ മാറ്റിനിർത്താൻ കഴിഞ്ഞാൽ രാജ്യത്തിന് നല്ലതാണ്. ഒരാളല്ല എല്ലാരും ആ നിലക്കാണ് പ്രവർത്തിക്കുന്നത്. രാഹുലും വലിയ പങ്ക് വഹിക്കുന്നു

2019ൽ പ്രതിപക്ഷത്തിന് ബിജെപിക്കെതിരെ വലിയ കൂട്ടായ്മ ആവശ്യമാണ്.എന്നാൽ രാഹുൽ വയനാട്ടിൽ ഇടത് പാർട്ടിക്കെതിരെ മത്സരിക്കുകയാണ്?

കേരളത്തിൽ ഇടതുപാർട്ടികൾ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തിൽ ഇടത് പാർട്ടികൾ ബിജെപിക്കെതിരാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കുക എന്നത് എല്ലാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്തു. രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നു. ഉമ്മൻചാണ്ടിയാണ് തീരുമാനത്തിൽ പങ്ക് വഹിച്ചു

താങ്കൾ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെട്ടിരുന്നോ?

വയനാട്ടിൽ മത്സരിക്കരുത് എന്ന് അഭ്യർത്ഥിച്ചിരുന്നു. രണ്ട് സീറ്റിൽ മത്സരിക്കുന്നതിനെ എതിർത്തില്ല. തൊട്ടപ്പുറത്തെ കർണ്ണാടകയിൽ മത്സരിക്കുന്നതായിരുന്നു രാഹുലിന് നല്ലത്.

പ്രാദേശിക കക്ഷികളോടുള്ള താങ്കളുടെ സന്ദേശം എന്താണ്?

സ്വന്തമായി കരുത്ത് തെളിയിക്കുക എന്നത് എല്ലാ പാർട്ടികൾക്കും പ്രധാനമാണ്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ മാറ്റിനിർത്താൻ എല്ലാ പാർട്ടികളും ഒന്നിക്കണം.

കേരളത്തിലേക്ക് വന്നാൽ എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി തീരും മുമ്പ് ഇനിയും എൻസിപി മന്ത്രിസ്ഥാനത്തിൽ മാറ്റമുണ്ടാകുമോ?

ഇപ്പോൾ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ, ഈ സമയത്ത് അതെപ്പറ്റി ആലോചിക്കുന്നില്ല. ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന നീക്കത്തിന് ഇപ്പോഴില്ല. ഒരുകാര്യം പറയാം. ശശീന്ദ്രനാണ് ഇപ്പോൾ മന്ത്രി, അദ്ദേഹം പദവികൾ നിർവ്വഹിക്കുന്നുണ്ട്.

"

Follow Us:
Download App:
  • android
  • ios