"നാന്‍ വരവാ... ഇറങ്ങി വരവാ..": പുതിയ പാട്ടിന്‍റെ വരിയില്‍ പറയും പോലെ, ഇറങ്ങുമോ വിജയ് രാഷ്ട്രീയത്തില്‍.!

തമിഴ്നാട്ടിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നതാണ്. അത് ജന്മദിനത്തോട് അനുബന്ധിച്ച് ശക്തമായിട്ടുണ്ട്. 

actor Vijay just hint at his political ambitions vvk
Author
First Published Jun 22, 2023, 9:02 PM IST

ചെന്നൈ: നാല്‍പ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ് നടന്‍ വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ  ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. അതിനാല്‍ തന്നെ ഈ ചിത്രത്തിലെ രണ്ട് അപ്ഡേറ്റുകളാണ് ജന്മദിനത്തില്‍ താരം ഇന്ന് ആരാധകര്‍ക്കായി നല്‍കിയിരിക്കുന്നത്. ജൂണ്‍ 22 അര്‍ദ്ധരാത്രി 12ന് തന്നെ ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അതിന് ശേഷം വൈകീട്ട് 'നാന്‍ വരവാ' എന്ന ലിയോ ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറക്കി. വിജയ് എന്ന ഇന്ന് തെന്നിന്ത്യന്‍ സ്ക്രീനിലെ ഏറ്റവും വിലയേറിയ സൂപ്പര്‍താരത്തിന്‍റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ഇതില്‍ നിന്ന് തന്നെ ആരാധകര്‍ക്ക് കിട്ടി.

എന്നാല്‍ വിജയ് എന്ന നടന്‍റെ ചുറ്റും വളരെയേറെ ശക്തമായ ചര്‍ച്ചകള്‍ വരുന്ന സമയത്ത് കൂടിയാണ് ഈ ജന്മദിനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ന് ദക്ഷിണേന്ത്യയിലെ സിനിമ രംഗത്ത് വിജയ് ഒരു വിജയ നാമം ആണ്. ഇത്രയും ഷുവര്‍ ബിസിനസ് നല്‍കുന്ന താരം ഇന്നത്തെ അവസ്ഥയില്‍ വേറെയില്ല. 118 കോടിയാണ് കഴിഞ്ഞ ചിത്രം വാരീസിന് വിജയ് പ്രതിഫലം വാങ്ങിയത് എന്നാണ് സിനിമ രംഗത്തെ സംസാരം. ഒരു ദക്ഷിണേന്ത്യന്‍ താരത്തിന്‍റെ ഏറ്റവും കൂടിയ പ്രതിഫലമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

ചില തമിഴ് സിനിമ അനലിസ്റ്റുകള്‍ വിജയ് ഇത്രയും തുക പ്രതിഫലം വാങ്ങുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. കാരണം ഒരു വിജയ് ചിത്രം നിര്‍മ്മാതാവിന് 200 കോടിയെങ്കിലും ടേബിള്‍ ബിസിനസ് നല്‍കും എന്നാണ് കണക്ക്. ഡിസ്ട്രീബ്യൂഷന്‍, ടിവി റൈറ്റ്സ്, ഒടിടി റൈറ്റ്സ്, ഓഡിയോ റൈറ്റ്സ് എല്ലാം ചേര്‍ത്താണ് ഇത്. പടത്തിന് നെഗറ്റീവ് റിവ്യൂ വന്നാല്‍ പോലും 100 കോടിയില്‍ ഏറെ കളക്ഷനും വിജയ് ചിത്രം നേടുന്നുവെന്നാണ് സമീപകാല കണക്കുകള്‍ പറയുന്നത്. അതിനാല്‍ തന്നെ വിജയ് എന്ന പേര് തന്നെ ചിത്രത്തിന്‍റെ വിജയ ഫോര്‍മുലയായി മാറുന്നു.

actor Vijay just hint at his political ambitions vvk

അതേ സമയം അടുത്ത പടം ലിയോ ഉണ്ടാക്കുന്ന ഹൈപ്പ് ഇപ്പോള്‍ തന്നെ വലുതാണ്. ലോകേഷ് എന്ന സംവിധായകന്‍ വിക്രത്തിന് ശേഷം എടുക്കുന്ന ചിത്രം, വിജയ് നായകന്‍, ലോകേഷിന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്ന സസ്പെന്‍സ് എല്ലാം വലിയ തോതില്‍ ചര്‍ച്ചയാകുന്നു. ഫാന്‍സിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പൊസറ്റീവ് റിവ്യൂ കിട്ടിയാല്‍ ബോക്സോഫീസ് തൂക്കാന്‍ പോകുന്ന സംഭവം. എന്തായാലും അടുത്ത ദീപാവലിക്ക് കാത്തിരിക്കാം.

എങ്കിലും വിജയ്ക്ക് ചുറ്റും നടക്കുന്ന ആ ചര്‍ച്ചയിലേക്ക് പോകാം. തമിഴ്നാട്ടിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നതാണ്. അത് ജന്മദിനത്തോട് അനുബന്ധിച്ച് ശക്തമായിട്ടുണ്ട്. കുറച്ച് ദിവസം മുന്‍പ് ചെന്നൈയില്‍ വിജയ് നേരിട്ട് മുന്‍കൈ എടുത്ത് ഒരു ചടങ്ങ് നടത്തി. തമിഴ്നാട് ബോര്‍ഡ് പരീക്ഷകളിലെ വിജയികളെ ആദരിക്കല്‍. മണിക്കൂറുകള്‍ വേദിയില്‍ നിന്ന്  തമിഴ്നാട്ടിലെ ഒരോ ജില്ലയില്‍ നിന്നുള്ള പരീക്ഷ ടോപ്പര്‍മാരെ വിജയ് ആദരിച്ചു. 

ശരിക്കും തമിഴ് നാട്ടിലെ, മാത്രമല്ല തമിഴ്നാട്ടിന് പുറത്തും സോഷ്യല്‍ മീഡിയ ട്രെന്‍റിംഗായി ആദരിക്കല്‍ വേദിയിലെ ദൃശ്യങ്ങള്‍. വിജയ് പരീക്ഷ വിജയികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കൊപ്പവും ചിലവഴിച്ച രസകരമായ രംഗങ്ങള്‍ റീല്‍സുകളിലും മറ്റും നിറഞ്ഞ് നിന്നും. ചടങ്ങിന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും യാത്ര ടിക്കറ്റും താമസവും ഭക്ഷണവും അടക്കം കോടികള്‍ നേരിട്ട് ചിലവഴിച്ചാണ് ഈ ചടങ്ങ്  വിജയ് നടത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. 

ഇതിന് പിന്നാലെ ആ വേദിയില്‍ വിജയ് നടത്തിയ പ്രസംഗവും വൈറലായി പണം വാങ്ങി വോട്ട് ചെയ്യരുത് എന്നാണ് വിജയ് പറഞ്ഞത്. അതേ വേദിയില്‍ വിജയിയോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പെണ്‍കുട്ടി അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും വൈറലായി. മൂന്ന് കൊല്ലം കഴിഞ്ഞ് ഞാന്‍ വോട്ട് ചെയ്യുമ്പോള്‍ ആ വോട്ടിന് ഒരു അര്‍ത്ഥം ഉണ്ടാകണമെങ്കില്‍ അണ്ണന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. ആ വീഡിയോയും വൈറലാണ്.

വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ?

actor Vijay just hint at his political ambitions vvk

തന്‍റെ ജന്മദിനത്തില്‍ ലിയോ ചിത്രത്തിലെ വിജയ് തന്നെ ആലപിച്ച ഗാനം പുറത്തുവന്നിട്ടുണ്ട്. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം 'നാന്‍ വരവാ... ഇറങ്ങി വരവാ.. തനിയാ വരവാ' എന്നാണ് തുടങ്ങുന്നത്. ഞാന്‍ വരട്ടെ,ഇറങ്ങി വരട്ടെ, തനിയെ വരട്ടെ എന്ന വാക്കുകള്‍ കൃത്യമായ ഒരു രാഷ്ട്രീയ സൂചനയല്ലെ എന്ന സംശയമാണ് തമിഴകത്ത് ഉയരുന്നത്. വിജയ് രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നുവെന്നത് 2021ന് ശേഷം പലപ്പോഴും സജീവമായ ഒരു വിഷയമാണ്. 

തമിഴകത്ത് സിനിമക്കാരുടെ രാഷ്ട്രീയം ഒരു പുതുമയുള്ള വിഷയം അല്ല. കരുണാനിധിയും എംജിആറും പിന്നീട് രണ്ട് വഴി പിരിഞ്ഞെങ്കിലും സിനിമ വഴി ദ്രാവിഡ രാഷ്ട്രീയത്തെ വഴി തെളിച്ച് വന്നവരാണ്. തങ്ങളുടെ സിനിമ താര പ്രഭയാണ് എംജിആറെ പുരൈച്ചി തലൈവറാക്കിയത്. പിന്നീട് ജയലളിതയെ  പുരൈച്ചി തലൈവിയാക്കിയത്. ശിവാജി ഗണേശന്‍ രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിട്ടുണ്ട്. വിജയകാന്തിന് സ്വന്തം പാര്‍ട്ടിയുണ്ട്. കമല്‍ഹാസന്‍ മക്കള്‍ മയ്യവുമായി ഇറങ്ങി. തന്‍റെ രാഷ്ട്രീയ വഴി തനി വഴിയായി വെട്ടിയെടുക്കാന്‍ നോക്കിയിട്ടും ഒന്നുമാകാതെ പോയത് രജനിക്കാണ്. അജിത്തിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ജയലളിതയ്ക്ക് താല്‍പ്പര്യമുണ്ടായി എന്നും ഒരു വാര്‍ത്ത കുറേക്കാലം കേട്ടിരുന്നു. ഇത്തരത്തില്‍ വിജയ് ഒരു രാഷ്ട്രീയ പാതയും ചര്‍ച്ചയാകുകയാണ് തമിഴകത്ത്.

മുകളില്‍ ലിയോയുടെ പാട്ടിലെ വരികള്‍ പോലെ തന്‍റെ രാഷ്ട്രീയ കാലടികള്‍ ശ്രദ്ധയോടെ വയ്ക്കുന്നുണ്ട് ഇളയ ദളപതിയില്‍ നിന്നും ദളപതിയായി മാറിയ വിജയ്. തമിഴ് രാഷ്ട്രീയത്തിലേക്ക് സില്‍വര്‍ സ്ക്രീനില്‍ നിന്നും ഇറങ്ങി ഗുണം പിടിച്ചവരും എല്ലാം പോയവരുമൊക്കെ ഉദാഹരണമായി എടുത്ത് വളരെ ശ്രദ്ധ പൂര്‍വ്വമാണ് രംഗത്ത് ഇറങ്ങുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നു.

മെറ്സല്‍ എന്ന ചിത്രത്തിലെ ജിഎസ്ടി ഡയലോഗും അതിനൊപ്പം ഉയര്‍ന്നുവന്ന വിവാദത്തിലും ശേഷമാണ് വിജയ് തന്‍റെ ഗിയര്‍ ഒന്ന് മാറ്റിയത്. വിജയ് താന്‍ ജോസഫ് വിജയ് ആണെന്ന പ്രഖ്യാപനം നടത്തിയതും. 2019 തെരഞ്ഞെടുപ്പ് ദിനം വോട്ട് ചെയ്യാന്‍ സൈക്കിള്‍ ചവുട്ടി പോയതും വിജയ് പരസ്യമായി ഒരു വാക്ക് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയ പ്രസ്താവനകളായി വായിക്കപ്പെട്ടു. സര്‍ക്കാര്‍ എന്ന സിനിമയുടെ കണ്ടന്‍റ് തന്നെ രാഷ്ട്രീയമായി വിലയിരുത്തപ്പെട്ടു എന്നതാണ് സത്യം. സൌജന്യങ്ങള്‍ വാങ്ങി വോട്ട് ചെയ്യുന്നതിനെ പരിഹസിച്ചത് വലിയ ചര്‍ച്ചയായിരുന്നു അന്ന്.

ഇതിനൊപ്പം തന്നെ തന്‍റെ ഫാന്‍സ് അസോസിയേഷന്‍റെ രാഷ്ട്രീയമായ രൂപീകരണത്തെ പല രീതിയില്‍ വിജയ് പിന്തുണച്ചതായി കാണാം. സ്വന്തം അച്ഛന്‍ സംവിധായകന്‍ ചന്ദ്രശേഖര്‍ അത്തരത്തില്‍ വിജയ് യുടെ പേരില്‍ രാഷ്ട്രീയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ പോയപ്പോള്‍ അതിനെ വിജയ് എതിര്‍ത്തു. ചന്ദ്രശേഖറും വിജയിയും അതിന് ശേഷം ഇതിന്‍റെ പേരില്‍ മിണ്ടാറില്ലെന്നാണ് കോളിവുഡിലെ സംസാരം. 

അതിന് ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് തന്‍റെ ആരാധകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ താരത്തിന്‍റെ ആരാധക സംഘടനയുടെ പേര് ഉപയോഗിക്കാതെ സ്വതന്ത്ര്യരായി നിന്ന് ജയിക്കാനാണ് പറഞ്ഞത്. ഇത്തരത്തില്‍ തമിഴ്നാട്ടില്‍30 ഓളം പഞ്ചായത്ത് അംഗങ്ങള്‍, കൌണ്‍സിലര്‍മാര്‍ ഒക്കെ വിജയ് ആരാധകരാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരെയെല്ലാം നേരിട്ട് കണ്ടു വിജയ്. തുടര്‍ന്ന് അംബേദ്ക്കര്‍ ദിനത്തില്‍ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനും. തന്‍റെ രാഷ്ട്രീയ പ്രവേശനം  സംബന്ധിച്ച് സര്‍വേ നടത്താനും എല്ലാം വിജയ് തയ്യാറായി എന്ന് പല സമയത്തായി വാര്‍ത്തകളില്‍ വന്നിട്ടുണ്ട്.

എന്തായിരിക്കും വിജയിയുടെ രാഷ്ട്രീയം?

actor Vijay just hint at his political ambitions vvk

വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വിജയ് വിദ്യാര്‍ത്ഥികളോട് നടത്തി പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. "നിങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചരിത്രം പഠിക്കണം. നമ്മുടെ നേതാക്കളെക്കുറിച്ച് പഠിക്കണം. അംബേദ്ക്കറെയും, കാമരാജിനെയും, പെരിയാറിനെയും പഠിക്കണം. എല്ലാം പഠിക്കണം എന്നിട്ട് നമ്മുക്ക് ആവശ്യമുള്ളത് എടുക്കണം" . സാധാരണ ഒരു തമിഴ് സൂപ്പര്‍താരം ഇത്തരം നേതാക്കളെ പരാമര്‍ശിച്ചാല്‍ ആണ്ണാദുരെ മുതല്‍ കരുണാനിധി, എംജിആര്‍ ചിലപ്പോ ജയലളിത വരെ നീണ്ടേക്കാം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ ലിസ്റ്റ് വെട്ടിച്ചുരുക്കിയത് വലിയ രാഷ്ട്രീയ സൂചനയാണ് എന്നാണ് വിലയിരുത്തല്‍.

മാത്രവുമല്ല പ്ലസ് ടു പത്ത് വിജയികളെയാണ് വിജയ് ആദരിച്ചതും. ആ ഒറ്റ ചടങ്ങില്‍ വിജയ് തമിഴ് നാട്ടില്‍ ഉണ്ടാക്കിയ അലയൊലി വലുതാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അടുത്ത മൂന്ന് നാല് കൊല്ലത്തിനുള്ളില്‍ വോട്ട് അവകാശം നേടാന്‍ പോകുന്നവരോട് വിജയ് കാശ് വാങ്ങി വോട്ട് ചെയ്യരുത് എന്ന് പറയുന്ന ഇംപാക്ട് എന്തായിരിക്കും എന്നതും തമിഴകത്ത് ചര്‍ച്ചയാണ്. അതിനാല്‍ തന്നെ യുവതലമുറയെ ലക്ഷ്യംവച്ചുള്ള ഒരു രാഷ്ട്രീയ പദ്ധതിയോടെ വിജയ് മുന്നോട്ട് നീങ്ങുന്നുവെന്ന് വിലയിരുത്തേണ്ടി വരും. ഒപ്പം തന്നെ വിജയ് വേദിയില്‍ പറഞ്ഞ മറ്റൊരു പ്രധാന ഡയലോഗ് 'അസുരന്‍' പടത്തിലെ വിദ്യാഭ്യാസം ആര്‍ക്കും തട്ടിപ്പറിക്കാന്‍ സാധിക്കില്ലെന്ന ഡയലോഗാണ്. അതിലും ഒരു രാഷ്ട്രീയം ഉണ്ടെന്ന് പറയാം. 

വിജയ് ഉടനടി രാഷ്ട്രീയത്തില്‍ ഇറങ്ങുമോ?, ഒരിക്കലും അതിന് സാധ്യത കാണുന്നില്ല എന്നതാണ് സത്യം. കാരണം സിനിമ രംഗത്തെ താരതിളക്കം ഇത്തരം കാര്യത്തിന് മാറ്റിവച്ച് പണികിട്ടിയ പലരുടെയും അനുഭവം  വിജയ്ക്ക് മുന്നിലുണ്ട്. അതിനാല്‍ വിജയ് ഇപ്പോള്‍ നടത്തുന്ന വലിയ തോതില്‍ ഒരു ഗ്രൌണ്ട് ടെസ്റ്റാണ്. തന്‍റെ അനുകൂലമായ സമയത്ത് മാത്രമായിരിക്കും വിജയിയുടെ രാഷ്ട്രീയ പ്രവേശം ഉണ്ടാകൂ എന്ന് വേണം അനുമാനിക്കാന്‍. വിജയ് രാഷ്ട്രീയത്തില്‍ വരുമോ എന്നത് തമിഴ് നാട്ടിലെ വിവിധ കക്ഷികള്‍ പല രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ തന്നെ 2026 ല്‍ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ് ആരാധകരെ വച്ച് ചിലപ്പോള്‍ ഒരു നിര്‍ണ്ണായക ശക്തി നമ്പര്‍ ആയിരിക്കാം പയറ്റുക എന്നാണ് തമിഴ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 

'എല്ലാ ഊരും നമ്മ റൂള്‍സ്'; പാടിത്തകര്‍ത്ത് ദളപതി, പിറന്നാള്‍ ദിനത്തില്‍ 'ലിയോ' ആദ്യ ഗാനം

ആ ഇരുപതുകാരനെ അന്ന് അവര്‍ പരിഹസിച്ചു, ഇന്ന് 'ദളപതി'യായി വാഴ്‍ത്തുന്നു

Follow Us:
Download App:
  • android
  • ios