ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍, പിന്നിലും! 'മതിലുകളു'ടെ നിര്‍മ്മാണാനുഭവം പങ്കുവച്ച് സംവിധായകന്‍

"പൊക്കിക്കെട്ടിയ മതില്‍ എന്ന ബിംബം ബഷീറിന്‍റെ മതിലുകളെക്കൂടി അതിലേക്കു കൂട്ടിയിണക്കുന്ന ആലോചന കൊണ്ടുവന്നു. അഞ്ചുമിനിറ്റെന്നു കരുതിയ സിനിമ, ഭാവനയില്‍ ഫീച്ചര്‍ ഫിലിമായി വളര്‍ന്നു. ഇങ്ങനെ, സിനിമയുടെ രചനാരൂപം മനസ്സില്‍ വന്നു.."

anvar abdullah writes about making of the film mathilukal love in the time of corona
Author
Thiruvananthapuram, First Published Jun 24, 2021, 8:16 PM IST

'മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ' ഏകപാത്രമായി അഭിനയിക്കുക കൂടിച്ചെയുന്ന സംവിധായകനും ഛായാഗ്രാഹകനും മാത്രം ചിത്രീകരണത്തില്‍ പങ്കെടുത്ത സിനിമയാണ്. ഈ മാസം 11ന് റൂട്ട്‌സ് എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത്, വ്യാപകമായ വാര്‍ത്താശ്രദ്ധയും നിരൂപകപ്രശംസയും നേടിയ സിനിമയുടെ പ്രദര്‍ശനം നാളെ (25) മുതല്‍ അഞ്ചു പ്ലാറ്റ്‌ഫോമുകളിലായി വിപുലപ്പെടുകയാണ്. ഈ സാഹചര്യത്തില്‍, സിനിമയുടെ നിര്‍മാണാനുഭവ കൗതുകങ്ങള്‍ സംവിധായകന്‍ അന്‍വര്‍ അബ്‍ദുള്ളയുടെ ഓര്‍മക്കുറിപ്പിലൂടെ...

2020 ഏപ്രിലില്‍ പൊടുന്നനെ ലോകം മാറി. മാര്‍ച്ച് അവസാനമാണ്, കോഴിക്കോട് സര്‍വകലാശാലയിലെ റിഫ്രഷര്‍ കോഴ്‌സിനിടയില്‍വച്ചാണ് കൊറോണ എന്ന വാക്കു ഞാനാദ്യമായിക്കേള്‍ക്കുന്നത്. എന്തോ ഒരു മഹാരോഗം പകരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പകപ്പോടെയറിഞ്ഞു. ക്ലാസെടുക്കാന്‍ വന്ന അദ്ധ്യാപകന്‍റെ കൈയിലാണ് ആദ്യമായി സാനിറ്റൈസര്‍ കാണുന്നത്. എല്ലാവരും ഒരുതരം ഞെട്ടലിലായി. പിറ്റേന്ന് ക്ലാസ് അവസാനിക്കുകയാണ്; പക്ഷേ, അതു നടക്കുമോ എന്നു സംശയം. പിറ്റേന്നു ക്ലാസു നടന്നു. പിറ്റേന്നു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ റദ്ദുചെയ്തു. ഞാന്‍ തിരികെ എന്‍റെ ലാവണമായ മലയാളം സര്‍വ്വകലാശാലയില്‍ വന്നുചേര്‍ന്നു. അവിടെയും എല്ലാവരും ഭീതിയില്‍. ആര്‍ക്കും ഒന്നും അറിയില്ല. ചൈന ഒരു ഭൂതത്തെ കുടത്തില്‍നിന്നു തുറന്നുവിട്ടുവെന്നുമാത്രം എല്ലാവര്‍ക്കുമറിയാം. മാര്‍ച്ച് ഇരുപതിന്, മദ്ധ്യവേനലവധിക്കു പത്തുദിവസം മുന്നേ, സര്‍വകലാശാല പൂട്ടി. അങ്ങനെ, മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത ലോക വീട്ടുതടങ്കല്‍ ആരംഭിച്ചു. രണ്ടുമൂന്നുദിവസങ്ങള്‍ കഴിഞ്ഞ്, നാട്ടിലേക്ക്, കോട്ടയത്തേക്കു പോകാമെന്നു കരുതി. പക്ഷേ, ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ലക്ഷ്മണരേഖാ വിളംബരം വരികയും ചെയ്തതോടെ, അനന്യമായ ആ അനുഭവത്തിലേക്ക് എല്ലാവരെയുംപോലെ ഞാനും വീണുപോയി.

anvar abdullah writes about making of the film mathilukal love in the time of corona

 

മെല്ലെ ആ നാളുകളുടെ ഭീകരത കൂടിക്കൂടിവന്നു. പത്രത്തില്‍ ദിനവും കടുത്ത വാര്‍ത്തകള്‍. ആളുകള്‍ പരസ്പരം പേടിക്കുന്നതിന്‍റെയും സ്വന്തം വീട്ടില്‍പ്പോലും പ്രവേശനം തടയപ്പെടുന്നതിന്‍റെയും വിവരങ്ങള്‍. സായാഹ്നത്തിലെ വാര്‍ത്താസമ്മേളനം. നിരാശയുടെയും ദൈന്യത്തിന്‍റെയും ചിത്രങ്ങള്‍ വരച്ചിടുന്ന ദിനപത്രം. വീട്ടിനുപുറത്തെ നാട്ടുപാതയില്‍ മനുഷ്യരും വാഹനവും അപൂര്‍വം. കൊടിയ പകലുകള്‍, നെടിയ വേനല്‍. ഞാന്‍ മാത്രം മൂക്കും മുഖവും മൂടിക്കെട്ടി, കാറില്‍, ആഴ്ചയിലൊരിക്കല്‍ പുറത്തുപോകും. വണ്ടി നിറയെ തീറ്റസാമാനങ്ങള്‍ നിറച്ചു തിരിച്ചെത്തും. അഞ്ചു മാസത്തേക്കുള്ള അരിയും പയറും പരിപ്പും മറ്റും ഞാന്‍ സംഭരിച്ചിരുന്നു. അരി മാത്രം അന്‍പതുകിലോയിലധികം. ദിവസങ്ങള്‍ പോകെ, ഒരുപക്ഷേ, ഈ അടച്ചിരുപ്പു നീണ്ടാല്‍, ഗ്യാസുതീര്‍ന്നാലോ എന്നു ഭയന്ന്, ഞാന്‍ പറമ്പിലെല്ലാം നടന്ന്, ഓല, ചൂട്ട്, കൊതുമ്പ് എല്ലാം സംഭരിച്ചുകൂട്ടി. കുടിക്കാനുള്ള ചൂടുവെള്ളം തിളപ്പിക്കല്‍ ഗ്യാസില്‍നിന്നുമാറ്റി, പുറത്തു ഞാനും മകനുംകൂടി കൂട്ടിയ അടുപ്പില്‍, വിറകുതീയിലാക്കി. വണ്ടിയില്‍ ഫുള്‍ടാങ്ക് ഇന്ധനം കരുതി.

ദിവസങ്ങള്‍ മാരകമായ മടുപ്പോടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല; എഴുതാനോ വായിക്കാനോ സിനിമ കാണാനോ പാട്ടുകേള്‍ക്കാനോ ഒന്നും. ലോകം അവസാനിക്കുകയാണെന്നും, കുറഞ്ഞപക്ഷം, മനുഷ്യകുലമെങ്കിലും അന്ത്യംവരിക്കുകയാണെന്നും ഞാന്‍ ഭീതിയോടെ സങ്കല്പിച്ചു. ഒരു സൂക്ഷ്മാണു വിചാരിച്ചാല്‍, ജീവനറുതി വരുത്തി, ഭൂമിയെ ചൊവ്വ പോലാക്കാനാകുമെന്നത് ഞെട്ടലോടെ തിരിച്ചറിഞ്ഞു. മടുപ്പില്‍നിന്നു രക്ഷനേടാന്‍, പതിനാലുവയസ്സുകാരി മകള്‍ ദിയയും ഒന്‍പതുവയസ്സുകാരന്‍ മകന്‍ ദീപക്കും എന്തെങ്കിലും ചെയ്യാനാലോചിച്ചു. അപ്പോള്‍ ഭാര്യ സ്മിത നല്കിയ നിര്‍ദ്ദേശമാണ് മൊബൈലില്‍ സിനിമ ചെയ്യൂ എന്ന്. അതിന് സാങ്കേതികോപദേശകനായി എന്നെക്കൂടിയവര്‍ കൂട്ടി. അതിന് ഒരു കഥയുണ്ടാക്കുന്നതിന്‍റെ ആലോചനയാണ് എന്നെ മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണയിലേക്കെത്തിക്കുന്നത്. 

ഞങ്ങളുടെ വാടകവീട് അരയേക്കര്‍ പുരയിടത്തിലായിരുന്നു. സമീപത്തുള്ളവരെയാരെയും പുറത്തുകാണാന്‍ പോലുമില്ല. അതിനു കുറച്ചുമുന്‍പ് വീട്ടുടമസ്ഥര്‍ മതില്‍ ചുറ്റുമതില്‍ കുറേക്കൂടി പൊക്കിക്കെട്ടിയിരുന്നു. മറുവശം കാണാനാകില്ല. ആ വീടിനാണെങ്കില്‍ സകലയിടത്തും പൂട്ടും മറയുമൊക്കെയാണ്. ഇരുമ്പുമറവാതിലും ഗ്രില്ലുകളും നിരവധി പൂട്ടകളുമെല്ലാമുണ്ടായിരുന്നു. പണിതു പത്തുവര്‍ഷമായ ആ ഭവനം, ഒന്‍പതുവര്‍ഷമായി താമസമില്ലാതെ, ഭൂതംമൂടിക്കിടക്കുകയായിരുന്നു. മുകള്‍നിലയില്‍, ഉടമസ്ഥര്‍ക്കു മാറ്റാനാകാതെപോയ ആറു യമണ്ടന്‍ അലമാരകള്‍. അവയില്‍ നിറയെ, അജ്ഞാതവസ്തുവിശേഷങ്ങള്‍. കിണര്‍ തേവിയപ്പോള്‍, അറബിമന്ത്രങ്ങളെഴുതിയിട്ട, ആറ്, ആവാഹന ഒറോട്ടിച്ചട്ടികളാണ് പൊട്ടാതെ കിട്ടിയിരുന്നത്.

ഇങ്ങനൊരു വീട്ടില്‍, ഇത്തരമൊരു സാഹചര്യത്തില്‍, എന്നെപ്പോലൊരാള്‍ - എന്നുവെച്ചാല്‍, ഒറ്റയ്ക്കുകഴിയാന്‍ പേടിയുള്ളൊരാള്‍ - നിര്‍ബന്ധിതമായി ഏകാന്തവാസത്തിനു വിധിക്കപ്പെട്ടാലുള്ള അവസ്ഥ കഥയാക്കിയാലോ എന്ന ആലോചന എങ്ങനെയോ മനസ്സില്‍വന്നു. ഞാന്‍ ശരിക്കും പേടിത്തൂറിയായ, ഒറ്റയ്‌ക്കൊരു മുറിയില്‍ താമസിക്കാന്‍ പോലും പറ്റാത്ത ജീവിയാണ്. ഇന്നേവരെ ഞാന്‍ ഒരു വീട്ടില്‍ ഏകനായി രാത്രി കഴിച്ചിട്ടില്ല. അങ്ങനൊരാള്‍ക്ക് ഇതുപോലൊരു സമയത്ത് വീട്ടില്‍ കഴിയേണ്ട ഗതികേടു വരികയെന്നത്. പൊക്കിക്കെട്ടിയ മതില്‍ എന്ന ബിംബം ബഷീറിന്‍റെ മതിലുകളെക്കൂടി അതിലേക്കു കൂട്ടിയിണക്കുന്ന ആലോചന കൊണ്ടുവന്നു. അഞ്ചുമിനിറ്റെന്നു കരുതിയ സിനിമ, ഭാവനയില്‍ ഫീച്ചര്‍ ഫിലിമായി വളര്‍ന്നു. ഇങ്ങനെ, സിനിമയുടെ രചനാരൂപം മനസ്സില്‍ വന്നു.

anvar abdullah writes about making of the film mathilukal love in the time of corona

 

ഞാനും മക്കളും കൂടി മൊബൈല്‍ ഫോണില്‍ സിനിമ പൂര്‍ണമായും ചിത്രീകരിച്ചു. മകള്‍ ക്യാമറയും മകന്‍ സംവിധാനവും നിര്‍വഹിച്ചു എന്നുപറയാം. പക്ഷേ, രണ്ടാള്‍ക്കും ഇടയ്ക്കിടെ ബോറടിക്കും. അപ്പോഴവര്‍ സ്ഥലംവിടും. ഞാനാകട്ടെ, ഒരു തെര്‍മോക്കോള്‍ ബോക്‌സ് ഷേപ്പിലുള്ളത് കണ്ടെത്തി, അതിലൊരു വിടവുണ്ടാക്കി, ഫോണ്‍ അതില്‍ ഉറപ്പിക്കാവുന്ന വിധം ഒരു ട്രൈപ്പോഡ് ഉണ്ടാക്കി. അത് നിലത്തോ, മതിലിനുമുകളിലോ, വീട്ടിന്‍റെ പാരപ്പെറ്റിലോ, മേശമേലോ ടീപ്പോയിമേലോ മേശമേലിട്ട ടീപ്പോയിമേലോ മരക്കൊമ്പുകളിലോ കാറിനു മീതെയോ ഒക്കെ വച്ച്, കുട്ടികളില്ലാത്ത സമയത്തും ഷൂട്ടുചെയ്തുകൊണ്ടേയിരുന്നു. ക്യാമറ സെറ്റാക്കി, ഓണാക്കിയിട്ട് ഓടിപ്പോയി, അഭിനയിക്കും. പറമ്പില്‍ നടക്കുന്നതിന്‍റെ അതിവിദൂര ടോപ് ആങ്കിള്‍ ഷോട്ടൊക്കെ, ക്യാമറ സെറ്റു ചെയ്തുവച്ച്, ഓടിപ്പാഞ്ഞുപോയി, പറമ്പിലൂടെ ഒന്നുമറിയാത്തതുപോലെ നടന്നുകൊണ്ട് ഞാന്‍ ചിത്രീകരിച്ചു. വീട്ടിനുചുറ്റും കഥാപാത്രത്തിനു റിവേഴ്‌സ് ആയി കറങ്ങുന്ന ഷോട്ടു പോലെ, ചില വിചിത്രഷോട്ടുകള്‍ ദിയ കഷ്ടപ്പെട്ട് ചിത്രീകരിച്ചു. ഇതിനിടെ, വീട്ടില്‍ ഒരു കുടുംബം അതിന്‍റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എത്രയോ ഷോട്ടുകളില്‍, ആ ജീവിതം കയറിവന്നു. എത്രയോ തവണ, അവര്‍ക്കു ഞാനും എന്‍റെ ക്യാമറയും ശല്യമായി. ഒരുവിധം, അഞ്ചാറുദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇതുകൊണ്ട് സിനിമയായോ? ഇല്ല. എഡിറ്റുചെയ്താലല്ലേ സിനിമയാകൂ. അതിന് എനിക്ക് എഡിറ്റിംഗ് തീരെ അറിയില്ല. സത്യത്തില്‍, ഞാന്‍ ഒരു സാങ്കേതികവിരോധിയാണ്. യന്ത്രങ്ങള്‍ എനിക്ക് ചതുര്‍ത്ഥിയാണ്. ഒരു സാങ്കേതികവിദ്യയും എനിക്കു വഴങ്ങിത്തരില്ല. സിനിമയാകട്ടെ, നിരവധി സാങ്കേതികവിദ്യകളുടെ സംലയവും. അതുകൊണ്ടുതന്നെ, എന്നെ സംബന്ധിച്ച്, തീരെ വഴങ്ങിത്തരാത്ത ഒരു മാദ്ധ്യമമായാണ് സിനിമ തോന്നിയിട്ടുള്ളത്. ഹൈസ്‌കൂള്‍ ക്ലാസുമുതലേ, സിനിമാസംവിധായകനാകാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും, സാങ്കേതികസംഗതികളോടുള്ള ഈ വിടവ് എനിക്കു ബാദ്ധ്യതയായിരുന്നു. സിനിമയാകട്ടെ, നിത്യം അതിന്‍റെ സാങ്കേതികത മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

2004ല്‍ എഴുതിയ ഒബ്ലമോവ് എന്ന ഷോര്‍ട് ഫിലിം മുതല്‍ ഇതിനൊപ്പം കൂടിയതാണ്. അക്കാലത്തുതന്നെ പ്രമുഖസംവിധായകന്‍ ജയരാജിനൊപ്പം കൂടി. അദ്ദേഹത്തിന്‍റെ അദ്ഭുതത്തില്‍, അസിസ്റ്റന്‍റ് ആകാതെ നേരിട്ട് അസോസിയേറ്റായി. പിന്നെയും പല ശ്രമങ്ങള്‍, പിന്മാറ്റങ്ങള്‍, സിനിമാനിരൂപകന്‍റെ, ഉപജീവനാര്‍ത്ഥക്കൂറക്കുപ്പായമിട്ടുള്ള ഞാണിന്മേല്‍ക്കളി, ഒടുവില്‍, 2017ല്‍ നിഷാദ് എം.എ. സംവിധാനം ചെയ്ത കിണറിന്‍റെ തിരക്കഥാരചന (അജു കെ. നാരായണനുമൊത്തായിരുന്നു അത്. ഞങ്ങളുടെ ഇരട്ടത്തിരക്കഥാചരിത്രസംരംഭത്തിന് 2008ല്‍ മോഹന്‍ലാല്‍ വാക്കുനല്കിയതാണെന്നും ആന്റണി പെരുമ്പാവൂര്‍ തിരക്കഥ വായിച്ചുകേട്ട് സന്തുഷ്ടനായതാണെന്നും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കുമോ?) സംഭവിക്കുന്നു. തുടര്‍ന്ന്, ഞാന്‍ അജുവുമൊത്ത് സമക്ഷം എന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നു. അതുപക്ഷേ, എന്‍റെ വാപ്പിച്ചയുടെ മരണത്തെത്തുടര്‍ന്ന്, എനിക്ക് വളരെ നേരിയ തോതിലേ പറ്റിയുളളൂ. തുടര്‍ന്ന്, എം.ആര്‍. ഉണ്ണിയുമായിച്ചേര്‍ന്ന് ട്രിപ്പ് എന്ന ചിത്രം ഞാന്‍ എഴുതി സംവിധാനം ചെയ്യുന്നു. അത്, ഏതാണ്ട് ഞാന്‍ തന്നെ, സംവിധാനച്ചുമതല നിറവേറ്റിയ ചിത്രമായിരുന്നു. അങ്ങനൊരു ചിത്രം ചെയ്യണോ എന്ന ചോദ്യത്തിന് ഞാന്‍ സ്വയം കണ്ടെത്തിയ ഉത്തരം, ഈ മാദ്ധ്യമം എനിക്കു വഴങ്ങുമോ എന്നറിയാനുള്ള പരീക്ഷ എന്നതായിരുന്നു. വഴങ്ങിയെന്നു വിചാരിക്കുമ്പോഴും വഴുതിപ്പോകുന്ന രീതിയാണീ മാദ്ധ്യമത്തിന്‍റേത്. ശരിക്കും, മെരുങ്ങാത്ത കുതിര. ക്ഷമയോടെ, നിരന്തരം ശ്രമിച്ചാല്‍, കൗശലം വശത്താക്കിയാല്‍, ഏറ്റവും സുഗമമായും നിസ്സാരമായും ഓടിച്ചുകൊണ്ടുനടക്കാന്‍ പറ്റുന്ന കാടന്‍കുതിര. ട്രിപ്പു കഴിഞ്ഞപ്പോള്‍, ഞാനൊരാളോടു പറഞ്ഞത്, സ്‌കൂളില്‍പഠിക്കുമ്പോള്‍തൊട്ട് പ്രേമം തോന്നിയവളോട് മുപ്പതുവര്‍ഷത്തോളം, അതറിയിക്കാതെ നടന്ന്, നിശ്ശബ്ദം പ്രേമിക്കുകയും, അവളെ കാണുമ്പോഴെല്ലാം, അവിടന്ന് കടന്നുകളയുകയും ചെയ്ത്, ഒടുവില്‍, അവളോടു പ്രേമം പറയാന്‍ വൈകി ഒരവസരം കിട്ടിയപ്പോള്‍, അതുകേള്‍ക്കാന്‍ അവള്‍ കാത്തുനില്‍ക്കവേ, ആരുമില്ലാതെ കൈവന്ന ആ മഹാവസരത്തില്‍, ഒന്നും നോക്കാതെ, അവളെക്കയറി കെട്ടിപ്പിടിച്ചുമ്മവയ്ക്കുകയും, അവള്‍ കുതറിച്ചാടി സ്ഥലംവിടുകയും ചെയ്ത അവസ്ഥയെന്നാണ്. ഏതിനും, ട്രിപ്പ്, സിനിമ ചെയ്യാനാകും എന്ന ആത്മവിശ്വാസം നല്കി.

anvar abdullah writes about making of the film mathilukal love in the time of corona

 

എങ്കിലും, ടെക്‌നോളജി വശത്താക്കുക പ്രശ്‌നം തന്നെ. സിനിമയ്ക്കാണെങ്കില്‍ എഡിറ്ററെ വയ്ക്കാം. ഇപ്പോള്‍, എന്തുചെയ്യും? ഞാന്‍ ചില എഡിറ്റര്‍മാരുടെയും യൂട്യൂബര്‍മാരുടെയും സഹായത്തോടെ, ഡാവിഞ്ചി റിസോള്‍വ് ഡൗണ്‍ലോഡ് ചെയ്തുപഠിച്ച് മെല്ലെ എഡിറ്റിംഗ് തുടങ്ങി. ദേഷ്യവും കലിയും നിറഞ്ഞ അത്യദ്ധ്വാനം. മെല്ലെ, അതു സന്തുഷ്ടിയിലേക്കും സംതൃപ്തിയിലേക്കും വഴിമാറി. ഉറക്കമിളച്ചിരുന്ന് ഞാന്‍ മതിലുകള്‍ എഡിറ്റുചെയ്തുതീര്‍ത്തു. അക്കാലം, കൂടെ ഉറക്കമിളച്ചിരുന്നത്, ഒന്‍പതുകാരന്‍ ദീപക്കാണ്. ആ ഉറക്കമിളയ്ക്കല്‍ അവന് ഒരസുഖം സമ്മാനിച്ചതാണ് മറക്കാനാകാത്ത ദുഃസ്മരണ. എഡിറ്റിംഗ് ഭംഗിയായി. പക്ഷേ, സിനിമയുടെ ശബ്ദങ്ങള്‍ സൃഷ്ടിക്കാനും അതിനോടു ചേര്‍ക്കാനും എന്‍റെ സാങ്കേതികവൈദഗ്ദ്ധ്യം പോരെന്നുറപ്പായിരുന്നു. അങ്ങനെ റോ ആയ ആ മതിലുകള്‍ ഞാനും കുടുംബവും കണ്ടു. തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെങ്കിലും ചെയ്ത് യൂട്യൂബ് സിനിമയാക്കുകയെന്നതായി ലക്ഷ്യം. അതിനിടെ, ഞാനീ സിനിമ ഛായാഗ്രാഹകന്‍ മുഹമ്മദിനെക്കാണിച്ചു. മുഹമ്മദ് സിനിമ വലിയ രീതിയില്‍ വീണ്ടും ചെയ്തുകൂടേയെന്നു ചോദിച്ചതിനെത്തുടര്‍ന്ന്, ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന്, ഫോര്‍കെ റെസല്യൂഷനിലേക്ക് സിനിമ പൂര്‍ണമായും മാറ്റിച്ചെയ്യുവാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടുപേര്‍ മാത്രം ചിത്രീകരിച്ച മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ എന്ന സിനിമയുണ്ടായി. കൂടെ, ദീപക്കും ദിയയും ഉണ്ടായിരുന്നത് പ്രത്യേകം പറയണം. പിന്നില്‍, സ്മിതയുടെ പിന്തുണയും.

ഇതൊന്നും, ഒരു സാഹസികതയ്ക്കുവേണ്ടി മനപ്പൂര്‍വം ചെയ്തതല്ല. ലോക്ഡൗണ്‍ കാലമായിരുന്നതുകൊണ്ട്, ആളുകളെ സഹകരിപ്പിക്കാന്‍ സാദ്ധ്യമായിരുന്നില്ല. മൊബൈലില്‍ സിനിമ ചിത്രീകരിച്ചതു ധൈര്യമായി. ഞാന്‍ വണ്ടിയെടുത്തുപോയി, മുഹമ്മദിനെ കൂട്ടിക്കൊണ്ടുവന്നു; ഒരൊളിയാത്ര. കാനന്‍ വണ്‍ ഡി എക്‌സ് ക്യാമറയും അദ്ദേഹത്തിന്‍റെ സ്വന്തം ലൈറ്റിംഗ് ഉപകരണങ്ങളും മാത്രം. മതിലിന് ഈ പൊക്കം മതിയോ എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. രണ്ടുവരി പൊക്കിക്കെട്ടിയാലോ എന്നാലോചിച്ചെങ്കിലും ആളെക്കിട്ടില്ലെന്നതിനാല്‍ അതുപേക്ഷിച്ചു. ആദ്യം ചില ഷോട്ടുകളില്‍ ഞാന്‍, ഏറെ കഷ്ടപ്പെട്ട്, കാലുകള്‍ അകത്തിനിന്ന് അഭിനയിച്ചു. സിനിമയില്‍ ചില ഷോട്ടുകളില്‍, മുഖത്തെ ക്ലേശം കണ്ടാല്‍ ആ സന്ദര്‍ഭം ഓര്‍മവരും. ലോംഗ് ഷോട്ടുകളില്‍ ആ വിദ്യ പറ്റില്ല. അതിനായി, ഒരു കുഴിയെടുത്ത് അതിലിറങ്ങിനിന്ന്, താഴെ കുഴികാണാത്തവിധം, കട്ടിംഗ് എഡ്ജ് വരുത്തി, ചിത്രീകരിക്കുകയായിരുന്നു പോംവഴി. നാലഞ്ചുദിവസം ഞങ്ങളുടെ വീട്ടില്‍ താമസിച്ച് മുഹമ്മദ് മതിലുകളെ ക്യാമറയിലാക്കി. ഇടയ്ക്ക് മഴ പെയ്തിരുന്നില്ലെങ്കില്‍, മൂന്നു ദിവസം കൊണ്ട് ഷൂട്ടിംഗ് തീരുമായിരുന്നു. മഴപെയ്തു കുഴി നിറഞ്ഞപ്പോള്‍, കട്ടച്ചെളിവെള്ളത്തിലിറങ്ങിനിന്നായി അഭിനയം. അതേസമയം, ചില ഷോട്ടുകളില്‍ കുഴി കാണാത്തവിധം, ചപ്പിലകള്‍കൊണ്ട്, ഒരു മറയും സൃഷ്ടിക്കേണ്ടിയിരുന്നു. സിനിമ കാണുന്നതുപോലെ, അത്ര എളുപ്പമായിരുന്നില്ല ചിത്രീകരണം. ഇതില്ലൊം ഞങ്ങള്‍ രണ്ടുപേരും ദിയയും ദീപക്കും മാത്രം.

anvar abdullah writes about making of the film mathilukal love in the time of corona

 

ആദ്യം സ്‌ക്രിപ്റ്റ് എഴുതിയിരുന്നില്ല. മൊബൈലില്‍ ചിത്രീകരിച്ച സിനിമയെ ബേസ് ചെയ്ത് സ്‌ക്രിപ്റ്റ് കുറിപ്പുകളാക്കി. ഷൂട്ടിംഗ് അതീവ രസകരമായിരുന്നു. ഏകകഥാപാത്രത്തെ ഞാന്‍ തന്നെ അവതരിപ്പിക്കുന്നതുകൊണ്ട്, പലപ്പോഴും ഓപ്പറേറ്റിംഗ് സംവിധായകന്‍റെ അധികഭാരവും മുഹമ്മദ് വഹിച്ചു. എന്‍റെ കഥാപാത്രം മതിലിനപ്പുറം കൊതുമ്പുയരുന്നതു നോക്കിയിരിക്കുന്ന ഒരു ദൃശ്യം ചിത്രീകരിക്കാന്‍, ക്യാമറ പ്രവര്‍ത്തിപ്പിച്ചശേഷം, മുഹമ്മദു തന്നെ, മതിലിനപ്പുറം പോയി, കൊതുമ്പു പൊക്കേണ്ടിവന്നു. ഇതിലും കൗതുകകരമായ സംഗതി, ഇതെല്ലാം നടക്കുമ്പോള്‍, ഞങ്ങള്‍ക്കിടയില്‍ ജീവിതവും നടക്കുന്നുണ്ട്. എന്‍റെ ഉമ്മിച്ചയും ഭാര്യയും വീട്ടുസഹായിനിയുംകൂടി വീട്ടുകാര്യങ്ങളെല്ലാം നോക്കുകയും ഞങ്ങള്‍ക്കുകൂടിയുള്ള ഭക്ഷണമുണ്ടാക്കിത്തരികയും ചെയ്യുന്നുണ്ട്. അവര്‍ തുണി കഴുകി വിരിക്കുന്നുണ്ട്, കുട്ടികളുടെ വിക്‌ടേഴ്‌സ് ക്ലാസും മറ്റും നടക്കുന്നുണ്ട്. വീട്ടിന്‍റെ മുറ്റവും പറമ്പും മുകള്‍നിലയിലെ ഒരു മുറിയും സ്വീകരണമുറിയും മാത്രമേ കാര്യമായി ഉപയോഗിച്ചിട്ടുള്ളൂ. അതിനപ്പുറം കടന്നാല്‍ ഫ്രെയിമില്‍ ശങ്കര്‍ദാസു വരും എന്നതാണവസ്ഥ. തുണി കഴുകിവിരിക്കുന്നതൊക്കെ ഫ്രെയിമില്‍ വരാതെയും നോക്കണം. മതിലിന് കല്പിതമായ ഒരു പൊക്കം തോന്നിക്കാന്‍, ഒരു കുഴിയുണ്ടാക്കി, അതിലിറങ്ങിനിന്നാണ് ചിലനേരം അഭിനയിച്ചിരുന്നത്. ശരിക്കും വളരെ അദ്ധ്വാനം നിറഞ്ഞ ഷൂട്ടിംഗായിരുന്നു. പക്ഷേ, അതു രസകരവും ആസ്വാദ്യവുമായിരുന്നു. മുഹമ്മദുമായി എനിക്കുള്ള ആത്മബന്ധവും വീട്ടുകാരുടെ സഹനവും ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സാദ്ധ്യമാകുമായിരുന്നില്ല. ആ വീടിനുപകരം, ഞാന്‍ മറ്റൊരുതരം വീട്ടിലായിരുന്നെങ്കില്‍, ഇങ്ങനൊരു ആലോചനയേ ഉണ്ടാകുമായിരുന്നില്ല. രസകരമായൊരോര്‍മ മഴയുമായി ബന്ധപ്പെട്ടാണ്. സിനിമയിലുടനീളം ഞങ്ങള്‍ക്കു വരണ്ട അവസ്ഥ വേണം. അതേസമയം, രണ്ടുതവണ - ഒരിക്കല്‍ പകലും പിന്നൊരിക്കല്‍ രാത്രിയും - ഘോരമഴയും വേണം. വരണ്ട അവസ്ഥ വേണ്ടപ്പോള്‍ മഴ പെയ്തുകളഞ്ഞു. അതോടെ, രാവിലെ ഷൂട്ടിന് വെയില്‍ വന്ന് പുല്‍ക്കാടുകളും നിലവും ഉണങ്ങാന്‍ കാത്തിരിക്കേണ്ടിവന്നു. മഴ വേണ്ട സമയത്ത് പെയ്യുന്നുമില്ല. രാത്രിമഴയ്ക്കായി ക്യാമറ സെറ്റു ചെയ്ത്, രണ്ടു രാത്രിയെങ്കിലും മാറിമാറി ഉറക്കമിളച്ചു കാത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. അതുപോലെ, ജിംബല്‍ ഉപയോഗിച്ചെടുക്കേണ്ട സുപ്രധാനമായ ഒരൊറ്റഷോട്ട്, ജിംബല്‍ വരുത്താന്‍ മാര്‍ഗമില്ലാത്തതുകൊണ്ട് മുഹമ്മദ് അതിസാഹസികമായി തന്‍റെ ശരീരം കൊണ്ടു നിര്‍വഹിച്ചു. ആ ഷോട്ടിനിടെ, ദൂരെ മതിലിന്‍റെ വിടവിലൂടെക്കാണുന്ന പാതയില്‍, ആകസ്മികമായി മനുഷ്യരോ വണ്ടികളോ പ്രത്യക്ഷപ്പെട്ടാല്‍, റീഷൂട്ടു വേണ്ടിവരും. പക്ഷേ, എല്ലാം ഒറ്റട്ടേക്കില്‍ ഓക്കേയായി.

സിനിമയില്‍ ഒന്നുരണ്ടിടത്ത്, ഭക്ഷണമിട്ടുകൊടുക്കുന്ന സ്ഥലത്ത് കാക്കകളുംമറ്റും ധാരാളമായി വരണം. ഞാന്‍ കുറേക്കാലമായി അവിടെ ഒരു പ്രത്യേകമരച്ചുവട്ടില്‍ ദിവസം രണ്ടുനേരവും കിളികള്‍ക്കു ഭക്ഷണമിട്ടുകൊടുക്കാറുണ്ടായിരുന്നു. കാക്കകളും അണ്ണാരക്കണ്ണന്മാരും മൈനകളും ഉപ്പന്‍പക്ഷികളും കുയിലുകളും കൊക്കുകളും, പരുന്തും വരെ സ്ഥിരസന്ദര്‍ശകരായിരുന്നു. ഞാന്‍ പുറത്തിറങ്ങിയാല്‍ത്തന്നെ കാക്കകള്‍ പല ഭാഗത്തുനിന്നും വരുമായിരുന്നു. അതുകൊണ്ട്, ഞാന്‍ മുഹമ്മദിനോടു പറഞ്ഞിരുന്നു, ആ ഷോട്ട് പേടിക്കേണ്ട. ഞാന്‍ ചോറുമായിറങ്ങിയാലുടന്‍ കാക്കകള്‍ വരുമെന്ന്. പക്ഷേ, ക്യാമറ വെച്ചിട്ട് ചോറിട്ടാല്‍ ഒറ്റക്കാക്കയും വരില്ല. ഒരുതരം നിസ്സഹകരണപ്രസ്ഥാനം. അവസാനം മടുത്ത് ക്യാമറ മാറ്റിയാല്‍, അവ വരികയും ചെയ്യും. ഇതു പലവട്ടം തുടര്‍ന്നു. അതുപോലെ, അവസാനം ഒരു കാക്കക്കലാപം വേണം. ഇതും കാക്കകള്‍ സഹകരിക്കുന്നില്ല. അങ്ങനെ ബാക്കിയെല്ലാം ഷൂട്ടിംഗ് തീര്‍ന്നിട്ടും ഈ രണ്ടു കാക്കഷോട്ടുകള്‍ക്കായി മുഹമ്മദും ഞാനും വെറുതെ കാത്തിരുപ്പുതുടങ്ങി. മുഹമ്മദു പോയാല്‍ പിന്നെ വരാന്‍ പറ്റിയില്ലെങ്കിലോ? മൂന്നുദിവസമായിട്ടും ഒരുരക്ഷയുമില്ലാതെ, മുഹമ്മദ് പോകാമെന്നു തീരുമാനിച്ചു. ക്യാമറയെല്ലാം ഒരുക്കിക്കഴിഞ്ഞപ്പോള്‍, പെട്ടെന്ന്, കാക്കകള്‍ നിസ്സഹകരണപ്രസ്ഥാനം പിരിച്ചുവിട്ടിട്ട് വരുന്നു, ചോറുതിന്നുന്നു, ക്യാമറയിലേക്കു നോക്കുന്നു. അതുകഴിഞ്ഞ്, അല്പനേരത്തിനകം ഞങ്ങള്‍ ഉദ്ദേശിച്ചപോലെതന്നെയുള്ള ഒരു കാക്കക്കലാപം അവരവിടെ അരങ്ങേറ്റി. ആ കാക്കകളോട് എത്ര നന്ദിപറഞ്ഞാലും തീരുകില്ല. അതുപോലെ, ഒരു പാറ്റശ്ശവം ഉറുമ്പുകള്‍ കൊണ്ടുപോകുന്ന ഒരു ദൃശ്യം വേണം. എന്‍റെ ഗതിയെന്ന നോവലില്‍ ഞാന്‍ 13 കൊല്ലം മുന്‍പ് സങ്കല്പിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചപ്പോള്‍ യാദൃച്ഛികമായി അങ്ങനൊരു കാഴ്ച എനിക്കു ലഭിക്കുകയും ചെയ്തിരുന്നു. അതു ചിത്രീകരിക്കാന്‍ പക്ഷേ, ഒരു പാറ്റയെക്കൊല്ലാന്‍ എനിക്കു താല്പര്യമില്ലായിരുന്നു. എനിക്കു പാറ്റകളെ വലിയ ഇഷ്ടവുമാണ്. ആകസ്മികമായി ഒരു പാറ്റശ്ശവം ലഭിക്കാന്‍ ഷൂട്ടു നടന്ന ദിവസങ്ങള്‍ മുഴുവന്‍ ശ്രമിച്ചിട്ടും നടക്കാതെ, നിവൃത്തിയില്ലാതെ അവസാനം ഞാനൊരു പാറ്റയെ വേദനയോടെ കൊന്നു. ഇന്നും അതിന്‍റെ മുഖം എന്‍റെ മനസ്സിലുണ്ട്. കാക്കകളോടു നന്ദി പറയുന്നതിലും ആഴത്തില്‍, ആ പാറ്റയുടെ ആത്മാവിനോട് ഞാന്‍ മാപ്പിരക്കുകയും ചെയ്യുന്നു. അതിന്‍റെ മരണം വേദനിപ്പിച്ച എല്ലാപ്പാറ്റകളോടും ഞാന്‍ മൗനമായി മാപ്പിരക്കുന്നു. ഈ സിനിമ ഒരു ജീവിക്കും ദ്രോഹം ചെയ്തില്ല എന്നു നോട്ടീസ് വയ്ക്കുമ്പോഴും അതു കാണുമ്പോഴുമെല്ലാം ഞാനാപ്പാറ്റയെ ഓര്‍ത്ത്, കുഞ്ജരയെന്ന് ഒച്ചതാഴ്ത്തുന്നു. പറഞ്ഞുവന്നത്, ഇങ്ങനെയെല്ലാം കൗതുകകരവും ക്ലേശകരവും തമാശയും സങ്കടവും നിറഞ്ഞതും പ്രകൃതിയും മനുഷ്യരും ഇതരജീവജാലങ്ങളും അബോധമായിത്തന്നെ സഹകരിച്ചതുമായ സിനിമയാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്.

anvar abdullah writes about making of the film mathilukal love in the time of corona

 

ഒരു കശുമാങ്ങ വേണമായിരുന്നു ഷൂട്ടിംഗിന്. ആ സമയമായപ്പോള്‍, എല്ലാ കശുമാങ്ങയും തീര്‍ന്നു. ഒടുവില്‍, പൊന്നാനിയില്‍ പരീക്ഷപ്പേപ്പര്‍ നോക്കാന്‍ പോയ, കുടുംബസുഹൃത്ത് സിന്ധൂസുരേഷ് വഴിയരികില്‍ കണ്ട ഒരൊറ്റക്കശുമാങ്ങ പറിച്ച്, ചോറ്റുപാത്രത്തിലാക്കിക്കൊണ്ടുത്തന്നത്, ഫ്രിജ്ജില്‍വച്ചുപയോഗിച്ചു. ഒരു മാങ്ങ കിട്ടാനില്ല. അതും ഒരാള്‍, യാദൃച്ഛികമായി ദൂരെനിന്ന് എത്തിച്ചുതന്നു. ഷോട്ടുകള്‍ക്കു വ്യത്യസ്തത പകരാന്‍ ആകെയുപയുക്തമായ ഒരു കുതിരയേണിയും എക്സ്റ്റന്‍ഷന്‍ പവര്‍ ബോക്‌സും കുടുംബസുഹൃത്തായ ശ്യാം എന്നയാളുടെ വീട്ടില്‍നിന്നെത്തിച്ചു. ഈ സിനിമയില്‍ പുറത്തുനിന്നു വാങ്ങിയുപയോഗിച്ചതായി ഒരു പ്രോപ്പര്‍ട്ടി പോലുമില്ല. ഇന്‍ഡിപ്പന്‍ഡന്‍റ് സിനിമയുടെയും മിനിമല്‍ സിനിമയുടെ പല വേര്‍ഷന്‍സും വന്നിട്ടുണ്ടാകാം; പക്ഷേ, ഇത്രയും കൂടിയ വേര്‍ഷന്‍ ഉണ്ടാകില്ല. അതായത്, അവൈലബിള്‍ പ്രോപ്പര്‍ട്ടി, അവൈലബിള്‍ ആര്‍ടിസ്റ്റുകള്‍, അവൈലബിള്‍ ലൊക്കേഷന്‍, അവൈലബിള്‍ അദര്‍ തിംഗ്‌സ്... ഒരു ചെമ്പനീര്‍പ്പൂപ്പാത്രവും അതില്‍നിന്നൊരു പ്ലാസ്റ്റിക് ചെമ്പനീര്‍പ്പൂവും വേണമായിരുന്നു. അതുമാത്രമാണ്, പുറത്തൊരു കടയില്‍പ്പോയി കാശുകൊടുത്തുവാങ്ങിയത്. അങ്ങനെ പ്രോപ്പര്‍ട്ടിക്കായി ഈ സിനിമയില്‍ ചെലവായത് കേവലം 169 രൂപയാണ്. എന്‍റെ ഉദ്ദേശ്യം, ഉള്ള വസ്തുക്കള്‍ക്ക് അര്‍ത്ഥം കല്പിക്കുക എന്നതായിരുന്നു. അങ്ങനെ, ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്ന പാവക്കുട്ടികള്‍ക്കും പുസ്തകങ്ങള്‍ക്കും അലമാരകള്‍ക്കും ഇരുമ്പുമറയ്ക്കും ഗ്രില്ലുകള്‍ക്കും പൂട്ടുതാഴുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും കുടുംബഫോട്ടോ പതിച്ച പിടിപോയ ചായക്കോപ്പയ്ക്കും സെന്‍ സന്ന്യാസിബൊമ്മകള്‍ക്കും പഴഞ്ചെരിപ്പുകള്‍ക്കും കുട്ടികള്‍ വരച്ച ചായച്ചിത്രങ്ങള്‍ക്കും, അവര്‍ വരച്ച കുത്തിവരകള്‍ നിറഞ്ഞ കടലാസുകള്‍ക്കും ലൈറ്റുകള്‍ക്കും തെരുവിന്‍റെയും തെരുവുവിളക്കുകളുടെയും സംവിധാനങ്ങള്‍ക്കും പത്രങ്ങള്‍ക്കും വരെ അര്‍ത്ഥകല്പനയോടെ ഈ സിനിമയില്‍ സ്ഥാനം ലഭിച്ചു. പറമ്പിനും പുല്‍ക്കൂട്ടത്തിനും കശുമാവിനും കശുവണ്ടികള്‍ക്കും ചാരുകസേരയ്ക്കും മഴയ്ക്കും അടുക്കളയിലെ പാറ്റകള്‍ക്കും മദ്യക്കുപ്പികള്‍ക്കും ഒക്കെ ഒരു കഥാപാത്രസ്ഥാനം കൈവന്നു. ഒരു വാഴക്കുല പക്ഷികള്‍ ഭക്ഷിച്ചവശേഷിപ്പിച്ചുതന്നത്, പ്രേമത്തിന്‍റെയും മോഹത്തിന്‍റെയും കരിഞ്ഞ സ്വപ്നത്തിന്‍റെ അന്ധാളിപ്പായി മാറി. അങ്ങനെ, ക്യാമറാമാനു നല്കുന്ന പ്രതിഫലവും അഗണ്യമായ ഭക്ഷണച്ചെലവുമല്ലാതെ മറ്റൊരു ചെലവുമില്ലാതെയാണ് ഷൂട്ടിംഗ് അവസാനിച്ചത്.

അടുത്ത ഘട്ടം എഡിറ്റിംഗാണല്ലോ. അതിന് ഇത്തവണ ഞാനും എന്‍റെ ഡാവിഞ്ചി റിസോള്‍വും പോരാ. ഞാന്‍ സ്വതന്ത്രമായിച്ചെയ്യുന്ന ആദ്യസിനിമയില്‍ എഡിറ്ററാക്കും എന്നു ഞാന്‍ രാജ്‍കുമാര്‍ വിജയിന് വാക്കുകൊടുത്തിരുന്നു. അതിനാല്‍, അദ്ദേഹത്തെ വിളിച്ചു. പക്ഷേ, ഒരു ദുര്‍ഘടം; രാജിന്‍റെ കൈയില്‍ സിസ്റ്റമില്ല. ഏതായാലും വാക്കാണല്ലോ പ്രധാനം. കൊറോണ വട്ടമൊടിച്ച അവസ്ഥയിലാണുതാനും, രാജ്. അപ്പോഴേക്കും ശതാബ്ദി മാത്രം ഓടിത്തുടങ്ങിയിരുന്നു. ഏതായാലും രാജ് അതില്‍ക്കയറിവന്നു. ഒരു വീടും തിരൂരുള്ള മനാഫ് എന്ന സ്റ്റുഡിയോയുടമയുടെ പക്കല്‍നിന്ന് ഒരു സിസ്റ്റവും വാടകയ്‌ക്കെടുത്തു. അവിടെ രാജ് ജോലിതുടങ്ങി.  മറ്റൊരു ഒളിപ്രവര്‍ത്തനം. കൊറോണാക്കാലത്ത് ഒരപരിചിതന്‍ അങ്ങനെ താമസിക്കുന്നത് നാട്ടുകാര്‍ക്ക് അത്ര ദഹിക്കുമോ? വല്ല പോലീസ് അന്വേഷണവും വരുമോ? നാട്ടുകാരനായ ഫൈസല്‍ നാട്ടുകാരെ വിവരം ധരിപ്പിച്ച്, കുഴപ്പങ്ങളൊന്നുമില്ലാതെ എഡിറ്റിംഗ് തീര്‍ന്നു. ആ ദിവസങ്ങളില്‍ രാജ് രാവിലെകളില്‍ വല്ല ബ്രഡ്ഡും കഴിച്ചു. ഉച്ചയ്ക്ക് ഞാന്‍ വീട്ടില്‍ നിന്ന് ഇടറോഡിലൂടെ കാറില്‍, ഭക്ഷണവുമായിച്ചെല്ലും. അതുതന്നെ ഉച്ചയ്ക്കും രാത്രിയും കഴിച്ചാണ് രാജിന്റെ ഒളിവുവാസവും മതിലുകളുടെ സിമിന്റുതേപ്പും പുരോഗമിച്ചത്.

പിന്നെ, ഇളവുകള്‍ വന്നപ്പോള്‍, കോഴിക്കോട് യൂണിറ്റി സ്റ്റുഡിയോയില്‍പ്പോയി, ഡബ്ബിംഗ് നടത്തി. സ്റ്റുഡിയോയിലെങ്ങും ആരും വരാത്ത ആ ദിവസങ്ങളില്‍, ദൂരെനിന്നു ബൈക്കില്‍ വന്ന്, സ്റ്റുഡിയോ തുറന്ന്, ഞങ്ങള്‍ക്കു മാത്രമായി ആ ജോലി ചെയ്തുതന്നെ ഷൈജുവിനോടു നന്ദി. നാരായണിക്കു ശബ്ദം പകര്‍ന്ന ഹേമയെ, കാറിലെത്തിച്ചു ശബ്ദം വാങ്ങിച്ചു തിരികെക്കൊണ്ടാക്കി. എല്ലാത്തിലുമുണ്ട്, അല്പം സാഹസം. ഒരുദിവസം ഡബ്ബിംഗ് കഴിഞ്ഞു, താമസസ്ഥലമായ മുഹമ്മദിന്‍റെ വീട്ടിലെത്തുമ്പോഴാണറിയുന്നത്, അവിടെ അന്നര്‍ദ്ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക് ഡൗണാണ്. ഒരു രാഷ്ട്രീയസുഹൃത്തിനെ വിളിച്ചന്വേഷിച്ചപ്പോള്‍, വെളുപ്പിനെ പോലീസ് വന്ന് റോഡുകള്‍ അടച്ചുകെട്ടുമെന്നറിഞ്ഞു. അതിനാല്‍, വണ്ടി രാത്രിതന്നെ, കുറച്ചുദൂരെ, ട്രിപ്പിള്‍ ലോക് ഡൗണ്‍ സ്ഥലത്തിനുപുറത്ത്, വഴിയോരത്തു പാര്‍ക്ക് ചെയ്തിട്ട്, വെട്ടംവീഴുംമുന്‍പേ എണീറ്റുനടന്നുപോയി, കാറില്‍ സ്ഥലംവിട്ടു. സ്റ്റുഡിയോ തുറക്കാന്‍ പത്തുമണിയെങ്കിലുമാകും. അതുവരെ കാറില്‍ വെറുതെ ചുറ്റിക്കറങ്ങി. അതിന്ന് രസകരമായൊരോര്‍മ. 

anvar abdullah writes about making of the film mathilukal love in the time of corona

 

അടുത്തപടിയായ സംഗീതവും ശബ്ദവും മിശ്രണവും വെല്ലുവിളിയായി. രാജ്‍കുമാര്‍ സംഗീതത്തിന് ഒരു പാറ്റേണ്‍ ട്രാക്കിട്ട് റഫറന്‍സ് വച്ചിരുന്നു. അത് ഒറിജിനലായി രാജിനു ചെയ്യാനാകുമോ എന്നാരാഞ്ഞു. രാജതേറ്റു. അയാള്‍, എറണാകുളത്തും കുറവിലങ്ങാട്ടും ചില സുഹൃത്തുക്കളുടെ സ്റ്റുഡിയോകളും അവരുടെ പരിചയത്തിലുള്ള ചില ഉപകരണസംഗീതക്കാരുടെ സഹായത്തിലും അതു തയ്യാറാക്കിത്തന്നു. ശബ്ദങ്ങള്‍ക്കായി വിഷ്ണുവും അജയും എവിടൊക്കെയോ എങ്ങനൊക്കെയോ ബൈക്കില്‍ അലഞ്ഞ് അതും തീര്‍ത്തു. പക്ഷേ, മിശ്രണത്തിന്‍റെ സമയമായപ്പോള്‍, വീണ്ടും രോഗം വര്‍ദ്ധിക്കുകയും ചില കടുത്ത നിയന്ത്രണങ്ങളുണ്ടാകുകയും ചെയ്തു. കോഴിക്കോട്ടെ, എഡിറ്റ് ലാന്‍ഡ് സ്റ്റുഡിയോ ഉടമ ബോബി രക്ഷയ്‌ക്കെത്തി. സ്റ്റുഡിയോ തുറന്നുതരും. അകത്തുകയറി, ഷട്ടറിട്ടശേഷം, ഒച്ചയും അനക്കവുമില്ലാതെ ജോലിചെയ്യണം. എല്ലാ സംഗതികളും വിഷ്ണുവും അജയും അങ്ങനെതന്നെ ചെയ്തു. രണ്ടുദിവസം ഞാനും മുഹമ്മദും ബാലുവും കൂടി അവിടെത്തി, അതു പക്കാ ഫൈനല്‍ ഫിക്‌സു ചെയ്തു. ആ സ്റ്റുഡിയോ സത്യത്തില്‍ ഫൈവ് പോയിന്‍റ് വണ്‍ മിക്‌സിംഗിനു വേണ്ട എല്ലാ മൈന്യൂട്ട് ഉപകരണങ്ങളുമുള്ളതായിരുന്നില്ല. വിഷ്ണുവും അജയും അവരുടെ വിരലുകളുടെ പണിതീരുന്നവിധം, പണിയെടുത്താണ് ഈ പ്രതിസന്ധി തരണം ചെയ്തത്. മുഹമ്മദിന്‍റെ വീട്ടില്‍ താമസിച്ച്, പാചകവും വാചകവും പങ്കിട്ട്, ഒരുല്ലാസവേളയായാണ് ഈ സമയം കടന്നുപോയത്.

ഇനി വേണ്ടത് ഡി.ഐ., കളറിംഗ് പരിപാടികളാണ്. അതിന് മുഹമ്മദിന്‍റെ പരിചയത്തില്‍ തിരുവനന്തപുരം ഡി ക്ലൗഡില്‍ ഏര്‍പ്പാടുചെയ്തു. ചിറയിന്‍കീഴിലെ, മുഹമ്മദിന്‍റെ കുടുംബവീട് അവിടെ സഹായമായി. അവിടെത്താമസിച്ച്, മുഹമ്മദിന്‍റെ ഉമ്മയുടെ പെങ്ങളുടെയും അടുക്കളപ്പണിക്കു ഭാരമായി, അവസാനപണികള്‍ തീര്‍ത്തു സിനിമ സജ്ജമായി.

സത്യത്തില്‍ ഇങ്ങനൊരു സിനിമ സാദ്ധ്യമാണോ എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ സിനിമ. സാദ്ധ്യമാണെന്നത് വ്യക്തമാക്കാന്‍ സിനിമയുടെ പിന്നിലെ കഥ ഇങ്ങനെ പ്രകാശിപ്പിക്കുകയാണ്. ഈ സിനിമയ്ക്കുള്ള പ്രധാനപരാധീനത, ഇതിന്‍റെ ചിത്രീകരണം മറ്റൊരു വിധമായിരുന്നെങ്കില്‍, പ്രയോഗിക്കാമായിരുന്ന എത്രയോ ഷോട്ടുശൈലികള്‍ പരിമിതപ്പെടുത്തേണ്ടിവന്നിട്ടുണ്ട് എന്നതാണ്. അതുപോലെ, ഒരു മികച്ച നടനെ ഉപയോഗപ്പെടുത്തി, ഇത് എത്രയോ മഹത്തരമാക്കാമായിരുന്നു. ശബ്ദത്തിന്‍റെ കാര്യത്തിലും പരിമിതികള്‍, ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ക്കൊപ്പമെത്തിയില്ല. ഇതൊക്കെ പരിമിതികളും പരാധീനതകളുമായി അവശേഷിക്കുമ്പോഴും മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ എന്നെ/ ഞങ്ങളെ സംബന്ധിച്ച് വിജയവൈജയന്തിയാണ്. എവറസ്റ്റിനു മുകളിലെ കൊടിനാട്ടലാണ്. ഇതൊക്കെയും കേവലം രണ്ടുപേര്‍ മാത്രം നടത്തിയ അസാമാന്യയാത്രയാണ്. ലോകസിനിമയില്‍ത്തന്നെയൊരുപക്ഷേ, ആദ്യം. രണ്ടുപേരെന്നു ഞാന്‍ പറയുമ്പോഴൊക്കെ, അതു സാങ്കേതികപ്രവര്‍ത്തകരെന്നു മാത്രം കരുതിയാണ്. ഒന്‍പതുവയസ്സുള്ള ദീപക്കും പതിന്നാലു വയസ്സുള്ള ദിയയും കൂടെയുണ്ടായിരുന്നു. അവര്‍ ഇതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ തന്നെയാണ്. 

anvar abdullah writes about making of the film mathilukal love in the time of corona

 

അതുപോലെ, ചിത്രീകരണാനന്തരമുള്ള എല്ലാ മേഖലകളിലും വിദഗ്ദ്ധര്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. പ്രൊഫഷനല്‍ സ്റ്റുഡിയോകള്‍ തന്നെയാണ് ലാബുകളായിത്തീര്‍ന്നത്. അതിനെല്ലാം അവരാവശ്യപ്പെട്ട പ്രതിഫലം നല്കിത്തന്നെയാണ് സിനിമ പൂര്‍ത്തിയായത്. ഷൂട്ടിംഗിന് പണച്ചെലവ് പ്രയോഗത്തില്‍വന്നില്ലെങ്കിലും തത്ത്വത്തിലതുണ്ട്; ചിത്രീകരണാനന്തരജോലികള്‍ക്ക് തത്ത്വത്തിലും പ്രയോഗത്തിലും. സ്വന്തം സംവിധാനങ്ങളുപയോഗപ്പെടുത്തിയില്ലായിരുന്നെങ്കിലും ആളുകള്‍ തങ്ങള്‍ക്കര്‍ഹിക്കുന്നതിലും കുറഞ്ഞ പ്രതിഫലം മാത്രം ഈടാക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍, സാമാന്യം നല്ല നിര്‍മാണച്ചെലവു വരാവുന്ന ഈ സിനിമ. അതുപോലെ, എഴുത്തിനും സംവിധാനത്തിനും അഭിനയത്തിനും പ്രതിഫലം നിശ്ചയിക്കുകയുമാണെങ്കിലും. അഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് പൂര്‍ത്തിയായത്. അതും സെന്‍സറിംഗിനും അതിനുള്ള യാത്രകള്‍ക്കും താമസത്തിനുമായി എഴുപത്തയ്യായിരം ചെലവാക്കിയതടക്കം. എഡിറ്റിംഗിനു വന്ന അധികച്ചെലവും ചെലവായവയിലെ അസറ്റുകളും കിഴിച്ചാല്‍, മൂന്നര-നാലുലക്ഷം എന്നും പറയാം. ഇങ്ങനെ, സിനിമ സാദ്ധ്യമാകുമെന്നും അതു നിരൂപകപ്രശംസയും സാധാരണക്കാരുടെ അഭിനന്ദനവും നേടും എന്നതും തെളിയിക്കുന്നതിലൂടെ, സ്വതന്ത്രസിനിമാസ്വപ്നാടകരുടെ വഴിയില്‍ ഒരു ചൂണ്ടിയായിതു മാറിയേക്കുമെന്നതാണ് ഏറ്റവും വലിയ കൃതാര്‍ത്ഥത.

ഈ സിനിമ സാക്ഷാല്‍ക്കരിക്കാന്‍ കൂടെയുണ്ടായ സകലരെയും, എന്‍റെ മക്കള്‍ മുതല്‍, സിനിമയെ പ്രദര്‍ശനത്തിന്‍റെ ഭ്രമണപഥത്തിലെത്തിച്ച ആത്മമിത്രം ബാലു മുരളീധരന്‍ നായര്‍ വരെ, ഇതില്‍ വന്നുപോകുന്ന പൂവല്ലിപുല്ലുപുഴുപല്ലിപിപീലികാന്തം, സകലജീവജാലങ്ങളെയും കടപ്പാടോടെ സ്മരിച്ചുകൊണ്ട്, ഈ സിനിമയും ഇതിന്‍റെ ആധാരമായ രചനയും, അതിനെ മുഖ്യമായും പ്രചോദിപ്പിച്ച ബഷീറിനും, പിന്നെ, ഇപ്പേര്‍പ്പെട്ടവര്‍ക്കെല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios