'അയ്യപ്പന്‍ നായര്‍' കൊണ്ടുവന്ന ആദ്യ ദേശീയ പുരസ്‍കാരം; അഭിനയവഴിയിലെ ബിജു മേനോന്‍ വഴക്കം
ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍റെ സിനിമാ അരങ്ങേറ്റം
സിനിമയ്ക്ക് പുറത്ത്, സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ ബോധപൂര്‍വ്വമുള്ള പ്രതിച്ഛായാ നിര്‍മ്മിതിയെ മിക്ക താരങ്ങളും ഗൌരവത്തിലെടുക്കുമ്പോള്‍ അവയ്ക്കൊക്കെ പുറത്തുനില്‍ക്കുന്ന ഒരാളായാണ് ബിജു മേനോനെ (Biju Menon) സഹപ്രവര്‍ത്തകര്‍ തന്നെ അവതരിപ്പിക്കാറ്. മികച്ച കഥാപാത്രങ്ങളെ പലകുറി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവ എണ്ണത്തില്‍ എന്തുകൊണ്ട് കുറയുന്നു എന്ന ചോദ്യത്തിന് തന്‍റെ മടിയാണ് കാരണമെന്ന് തുറന്നുപറയാന്‍ മടി കാട്ടാത്ത ആളുമാണ് ബിജു മേനോന്‍. പുരസ്‍കാര നേട്ടങ്ങളിലെ പ്രതികരണങ്ങളിലും അളവില്‍ കവിഞ്ഞ സന്തോഷമൊന്നും പ്രകടിപ്പിക്കാത്ത അദ്ദേഹത്തിന് ആദ്യ ദേശീയ പുരസ്‍കാരം പക്ഷേ അങ്ങനെ ആവില്ല. ഉറ്റ സുഹൃത്ത് അവസാനമായി ചെയ്‍ത സിനിമയിലെ ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ചതിനാണ് പുരസ്‍കാരം എന്നത് ബിജു മേനോന് ഉള്ളറിഞ്ഞ് ആഹ്ലാദിക്കാനുള്ള അവസരമാണ്.
തിരക്കഥാകൃത്തായി 2007ല്‍ അരങ്ങേറിയെങ്കിലും 2015ല്‍ സംവിധായകനായെങ്കിലും സച്ചിയെന്ന ചലച്ചിത്രകാരന് ഏറ്റവുമധികം പ്രേക്ഷകാംഗീകാരം നേടിക്കൊടുത്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പുറമേക്ക് പരുക്കനായ അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനെ അവതരിപ്പിക്കാന്‍ ഉറ്റ സുഹൃത്തായ ബിജുവിനെത്തന്നെയാണ് സച്ചി തീരുമാനിച്ചത്. ബിജു മേനോന്‍റെ കരിയറിലെ ജനപ്രിയ കഥാപാത്രങ്ങളില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട്. ഒന്ന് മധുരനൊമ്പരക്കാറ്റിലും മേഘമല്‍ഹാറിലും പ്രണയവര്‍ണ്ണങ്ങളിലുമൊക്കെ കണ്ട അല്‍പം ഉള്‍വലിവുള്ള കഥാപാത്രങ്ങള്‍, രണ്ട് പത്രത്തിലും ശിവത്തിലും മേരിക്കുണ്ടൊരു കുഞ്ഞാടിലും സീനിയേഴ്സിലുമൊക്കെ കണ്ടതുപോലെ എക്സ്ട്രോവെര്‍ട്ടുകള്‍ ആയവര്‍. പില്‍ക്കാലത്ത് ഇവയ്ക്ക് നടുവില്‍ ചുവടുറപ്പിച്ച, തികച്ചും സാധാരണക്കാരെന്ന് തോന്നുന്ന ചില കഥാപാത്രങ്ങളെയും ബിജു അവതരിപ്പിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജുവിലെ ടൈറ്റില്‍ റോള്‍ പോലെ. എന്നാല്‍ മുന്‍ മാതൃകകളുടെ ഈ ചതുരങ്ങളിലൊന്നും നില്‍ക്കാതെ തനതായ വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു സച്ചി സൃഷ്ടിച്ച അയ്യപ്പന്‍ നായര്‍. ബിജുവിനെ നടന്‍ ഇതുവരെ കടന്നുപോകാത്ത ഒരു വഴി. അതുവഴിയുള്ള നടത്തം അദ്ദേഹത്തിലെ അഭിനേതാവിന്‍റെ മറ്റൊരു തലവും പ്രേക്ഷകര്‍ക്ക് ദൃശ്യപ്പെടുത്തി.
ALSO READ : ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട്; ബിജു മേനോന്‍റെ പ്രതികരണം
ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍റെ സിനിമാ അരങ്ങേറ്റം. ശ്രദ്ധേയ ചിത്രങ്ങളിലെ പ്രാധാന്യമുള്ള വേഷങ്ങളിലാണ് തുടര്‍ വര്‍ഷങ്ങളില്‍ അദ്ദേഹത്തെ കണ്ടത്. ഹൈവേ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, അഴകിയ രാവണന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കളിയാട്ടം, പത്രം തുടങ്ങി തൊണ്ണൂറുകളിലെ ആ ലിസ്റ്റ് നീളുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യം തേടിയെത്തുന്നത് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ അഖിലചന്ദ്രനെ അവതരിപ്പിച്ചതിനാണ്. രണ്ടായിരങ്ങളിലേക്ക് കടക്കുമ്പോഴും സൂപ്പര്‍താര ചിത്രങ്ങളിലെ ശ്രദ്ധേയ റോളുകളില്‍ പല സംവിധായകരുടെയും ആദ്യ പരിഗണനകളിലൊന്ന് ബിജു മേനോന്‍ ആയിരുന്നു. പട്ടാളത്തിലെ ബെന്നി, ചാന്തുപൊട്ടിലെ ഫ്രെഡ്ഡി, വടക്കുംനാഥനിലെ പ്രഭാകര പിഷാരടി തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ആ ഗണത്തിലുണ്ട്.
ALSO READ : മികച്ച നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി
മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയര്‍ പരിശോധിക്കുമ്പോള്‍ തന്‍റെ ഓണ്‍സ്ക്രീന്‍ പ്രതിച്ഛായയേക്കാള്‍ തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന, പുതുമ പകരുന്ന കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ താല്‍പര്യം കാട്ടിയ ഒരു നടനെ കാണാം. മഴയിലെ രാമാനുജ ശാസ്ത്രികളെ അവതരിപ്പിച്ചയാള്‍ തന്നെയാണ് കണ്ണെഴുതി പൊട്ടുംതൊട്ടിലെ ഉത്തമനെയും ഇവറിലെ പാമ്പ് ജോസിനെയും ഭരതന്‍ എഫക്റ്റിലെ ടൈറ്റില്‍ കഥാപാത്രത്തെയും മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസിനെയും ഏറ്റവുമൊടുവില്‍ ആര്‍ക്കറിയാമിലെ 72 കാരന്‍ ഇട്ടിയവിരയയെയുമൊക്കെ അവതരിപ്പിച്ചത്.
കഴിഞ്ഞ തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു ശേഷം തൊട്ടുപിന്നാലെ മികച്ച സഹനടനുള്ള ദേശീയ പുരസ്‍കാരവും തേടിയെത്തുന്നു എന്നത് ബിജു മേനോനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ആഹ്ലാദത്തിനുള്ള വക നല്‍കുന്ന ഒന്നാണ്. കരിയറിലെ മൂന്നാമത്തെ സംസ്ഥാന പുരസ്‍കാരം ആര്‍ക്കറിയാമിലെ ഇട്ടിയവിരയെ അവതരിപ്പിച്ചതിനായിരുന്നു.