അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്
‘നാലാം മുറ’ എന്ന ചിത്രത്തെ കുറിച്ച് ബാസിദ് പറഞ്ഞ പ്രതികരണ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒന്ന് കണ്ണടച്ച് കേട്ടാൽ ഇത് സുരേഷ് ഗോപി ആണല്ലോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദ സാദൃശ്യമുണ്ട് അബ്ദുള്‍ ബാസിദിന്.
പരസ്പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. താരങ്ങളുടെ രൂപവും ശബ്ദവും അനുകരിക്കുന്ന നിരവധി പേരുടെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അനുകരണത്തിൽ മാത്രമല്ല ചിലർക്ക് യഥാർത്ഥ ജീവിതത്തിലും ഇത്തരം സാദൃശ്യങ്ങൾ ഉണ്ടാകാം. അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ സുരേഷ് ഗോപിയുടെ ശബ്ദവുമായി സാദൃശ്യമുള്ള ആളുടെ വീഡിയോ ആണിത്. ഇതിന്റെ യഥാർത്ഥ ഉടമയാകട്ടെ സിവിൽ എക്സൈസ് ഓഫീസർ ആയ അബ്ദുള്‍ ബാസിദും.
‘നാലാം മുറ’ എന്ന ചിത്രത്തെ കുറിച്ച് ബാസിദ് പറഞ്ഞ പ്രതികരണ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒന്ന് കണ്ണടച്ച് കേട്ടാൽ ഇത് സുരേഷ് ഗോപി ആണല്ലോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദ സാദൃശ്യമുണ്ട് അബ്ദുള്‍ ബാസിദിന്. ഒപ്പം സുരേഷ് ഗോപിയുടെ ചില മാനറിസങ്ങളും. സുരേഷ് ഗോപിയുടെ ഡ്യൂപ്പ് എന്ന പേരും ബാസിദിന് സോഷ്യൽ മീഡിയ നൽകി കഴിഞ്ഞു. ഈ അവസരത്തിൽ സുരേഷ് ഗോപിയുടെ ശബ്ദവുമായി ബന്ധമുണ്ടെന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് പറയുകയാണ് അബ്ദുള്‍ ബാസിദ്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"സുരേഷ് ഗോപി ചേട്ടന്റെ മാനറിസങ്ങളുമായി ബന്ധമുണ്ടെന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാണ്. ആ ശബ്ദത്തിലൂടെ നല്ലൊരു അഭിപ്രായം സമൂഹത്തിന് കൊടുക്കാൻ കഴിഞ്ഞു. യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് തന്നെ വലിയൊരു സന്തോഷമാണത്. സുരേഷ് ഗോപി ചേട്ടന്റെ മാനറിസങ്ങൾ എന്നും എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ വലിയൊരു ആരാധകൻ കൂടിയാണ് ഞാൻ. ഞാൻ യൂണിഫോം ഇടാൻ തുണങ്ങിയിട്ട് 15 വർഷമായി. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എന്നൊക്കെ പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളും തീപ്പൊരി വാക്കുകളുമാണ് നമ്മുടെ മനസ്സിൽ വരാറുള്ളത്. അദ്ദേഹത്തിന്റെ ആ ഒരു വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്ന ആള് തന്നെയാണ് ഞാനും", അബ്ദുള്‍ ബാസിദ് പറയുന്നു.
ചില വാക്കുകൾ പറയുമ്പോൾ സുരേഷ് ഗോപിയുടെ സ്റ്റൈലുണ്ടെന്ന് ബാസിദിന്റെ സുഹൃത്തുക്കളാണ് ആദ്യം പറയുന്നത്. അങ്ങനെ ഒരിക്കൽ അദ്ദേഹം സുരേഷ് ഗോപിയെ അനുകരിച്ച് നോക്കുകയും ചെയ്തു. യഥാർത്ഥത്തിൽ അവർ പറഞ്ഞാണ് സുരേഷേട്ടന്റെ ശബ്ദവുമായി തനിക്ക് സാമ്യമുണ്ടെന്ന് അറിയുന്നതെന്ന് അബ്ദുള്‍ ബാസിദ് പറയുന്നു. "സുരേഷേട്ടന്റെ ശബ്ദവുമായി വളരെ സാമ്യമുണ്ടെന്ന് എന്റെ സുഹൃത്തുക്കളൊക്കെ എപ്പോഴും പറയാറുണ്ട്. കോടീശ്വരൻ പരിപാടി സമയത്ത് ചിലർ വിളിച്ച് സംസാരിക്കാമോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അവ വിശ്വസിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. നാലാം മുറ പ്രതികരണത്തോടെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെ"ന്നും ബാസിദ്.
സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങൾ ഏതൊരു ഉദ്യോഗസ്ഥനും പ്രചോദനമാണെന്നും ബാസിദ് പറഞ്ഞു. "എല്ലാ വ്യക്തികളിലും ഒരു നന്മ ഉണ്ടാകും. ആ ഒരു നന്മ അദ്ദേഹത്തിലും ഉണ്ട്. സിനിമകളിലൂടെ ഏതൊരു തിന്മയ്ക്ക് എതിരെയും അദ്ദേഹം പറയുന്ന ഓരോ വാക്കുകളും യൂണിഫോമിട്ട ഏതൊരു ഉദ്യോഗസ്ഥനും പ്രചോദനം തന്നെയാണ്".
സുരേഷ് ഗോപിയെ നേരിൽ കണ്ട അനുഭവവും ബാസിദ് പങ്കുവച്ചു. "അടുത്തിടെ ഒരു ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി, അച്ഛനമ്മമാരുടെ വില മനസ്സിലാക്കാത്ത തലമുറയ്ക്ക് വേണ്ടി ഒരു ക്ലാസ് ചെയ്തിരുന്നു. പ്രോഗ്രാം വൈറലായി മാറി. ആ സമയത്ത് സുരേഷ് ഗോപി ചേട്ടന്റെ ഭാഗത്ത് നിന്നും ഒരു കാൾ വന്നു. ഈ വീഡിയോ കാണാതെ കേട്ടപ്പോൾ സുരേഷേട്ടനാണെന്ന് ചിലർ പറഞ്ഞതായും അദ്ദേഹം അറിഞ്ഞു. അങ്ങനെ അദ്ദേഹത്തിന് എന്നെ കാണണം എന്നൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇരിഞ്ഞാലക്കുടയിൽ വച്ച് ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോയി. കാരവാന്റെ ഉള്ളിൽ പരിപാടിയെ പറ്റി അദ്ദേഹം ഒരുപാട് സംസാരിച്ചു. ഇനിയും ഇത്തരം പ്രോഗ്രാമുകൾ ചെയ്യണം എന്നൊക്കെ പറഞ്ഞു. നമ്മുടെ രണ്ടാളുടെ ശബ്ദവും ഏകദേശം ഒരുപോലെ ആണല്ലോ എന്നും പറഞ്ഞു. എന്നെ കണ്ടപ്പോൾ തന്നെ ചെറിയ മാനറിസങ്ങൾ തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്", എന്ന് ബാസിദ് പറയുന്നു.
കലാകാരൻ കൂടിയായ അബ്ദുള്‍ ബാസിദ്, ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ക്യാംപെയ്നുകൾ നടത്തുന്നുണ്ട്. കൂടുതലും സ്കൂൾ കുട്ടികൾക്ക് ഇടയിലാണ് ക്ലാസുകൾ. "നമ്മുടെ ഈ യൂണിഫോം ഇട്ട് സമൂഹത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ പോരാടുമ്പോൾ, ഓരോ വീട്ടിലും അതിന്റെ ജാഗ്രത വരികയും അവബോധം സൃഷ്ടിക്കുകയും വേണമെന്നുള്ള ചിന്തയിലാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വലിയൊരു പങ്കുതന്നെ വഹിക്കാനാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ മയക്കുമരുന്ന് മാഫിയയെ മുഴുവനായും ഇല്ലാതാക്കാൻ സാധിക്കില്ല. എല്ലാവരും ഒന്നിച്ച് നിന്നപ്പോഴല്ലേ കൊവിഡിനെ തുരത്തിയത്. അതുപോലെ ഓരോരുത്തരും ലഹരിമാഫിയ്ക്ക് എതിരെ മുന്നിട്ടിറങ്ങണം"എന്നും അബ്ദുള്‍ ബാസിദ് പറയുന്നു.
പാലക്കാട് സ്വദേശിയായ അബ്ദുള്‍ ബാസിദ്, 2007ൽ ആണ് പെലീസ് സേനയിൽ ചേരുന്നത്. മൂന്നരവർഷത്തോളം അവിടെ ജോലി ചെയ്തു. ശേഷം പിഎസ് സി പരീക്ഷ എഴുതിയാണ് എക്സൈസിലേക്ക് എത്തുന്നത്. കാക്കിയോട് കുട്ടിക്കാലം മുതലേ വലിയ ക്രെയ്സ് ആയിരുന്നുവെന്നും തുടർച്ചയായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അബ്ദുള്‍ ബാസിദ് പറയുന്നു. ഇതിലൂടെ സമൂഹത്തിന് വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'90കളിൽ ഒരു എതിരാളി വന്നു, അയാളുടെ വിജയങ്ങളെ ഞാൻ ഭയന്നു': വിജയ് പറയുന്നു