Asianet News MalayalamAsianet News Malayalam

ആര്‍തര്‍ ഫ്‌ളെക്കിനും സി.കെ.രാഘവനും തമ്മിലെന്ത്? 'ജോക്കര്‍' വീണ്ടും കാണുമ്പോള്‍

പക്ഷെ ജോക്കര്‍ എന്ന സിനിമ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു വായനയാണ്. സിനിമ കഴിയുമ്പോഴാണ് അറിയുക വായിച്ചത് സാമ്പ്രദായിക മഹാഭാരതമല്ല, മറിച്ച് 'രണ്ടാമൂഴം' ആണെന്ന്. രണ്ടാമൂഴമെന്ന എം ടി കൃതി വായിച്ചുകഴിയുമ്പോള്‍ യുധിഷ്ഠിര സങ്കല്പത്തിന് എന്ത് സംഭവിക്കുന്നുവോ അതാണ് ബാറ്റ്മാന് സംഭവിക്കുന്നതും ജോക്കര്‍ നേടുന്നതും.

comparison between joker and munnariyippu
Author
Thiruvananthapuram, First Published Oct 14, 2019, 7:27 PM IST

എന്തുകൊണ്ടാണ് ലോകത്ത് സ്ത്രീ കോമാളികള്‍ ഇല്ലാത്തത് ? കോമാളികളാവുക എന്നത് പുരുഷന്റെ മാത്രം വിധിയാവുന്നത് എന്തുകൊണ്ടാണ്? മുതലാളിത്തം ഏറ്റവും അസ്ഥിരമാക്കുക പുരുഷനെയാണ്. രണ്ടു ജോലികളേ ജോക്കറിന് സാധ്യമായിട്ടുള്ളൂ. ഒന്നുകില്‍ കുട്ടികളുടെ മുന്നില്‍ കോമാളി കളിക്കുക. അല്ലെങ്കില്‍ മുതലാളിത്തത്തിന്റെ ഏക കലാരൂപമായ പരസ്യപ്പലക പിടിച്ചു നില്‍ക്കുന്നവനാവുക. ഒരു വ്യക്തി എന്ന നിലയിലുള്ള അസ്ഥിത്വമില്ല. നിറയെ സങ്കടം വരുമ്പോള്‍ ചിരിയാണ് വരിക. ഉറക്കെയുള്ള ചിരി. അത് കരച്ചിലിലേക്കും വീണ്ടും ചിരിയിലേക്കുമൊക്കെ തെന്നി മാറും.

comparison between joker and munnariyippu

 

അഹിംസയുടെ ആള്‍രൂപമായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനമായ ഈ ഒക്ടോബര്‍ രണ്ടിനാണ് ടോഡ് ഫിലിപ്‌സിന്റെ ജോക്കര്‍ എന്ന ഹോളിവുഡ് സിനിമ ഇന്ത്യയില്‍ എത്തിയത്. ആദ്യ പ്രദര്‍ശനം സെപ്റ്റംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. മികച്ച സിനിമക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി അവിടെ. മികച്ച പ്രതികരണമായിരുന്നു ആ സമയത്ത് സിനിമാ നിരൂപകരില്‍ നിന്നും ലഭിച്ചത്. അഞ്ചില്‍ അഞ്ച് മാര്‍ക്കും കൊടുത്തു പല പത്രങ്ങളും. എന്നാല്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തുമ്പോഴേക്കും വിമര്‍ശനങ്ങളുടെ ഗതി മാറി. സംവിധാനത്തെയും അഭിനയത്തേയും ക്യാമറയെയും വാനോളം പുകഴ്ത്തിയ മാധ്യമങ്ങളില്‍ പലതും-ഗാര്‍ഡിയന്‍ അടക്കം- റേറ്റിംഗ് അഞ്ചില്‍ നിന്ന് രണ്ടിലേക്ക് കുറച്ചു. ഇതെന്ത് സിനിമയെന്നും ഇതിലൊന്നും ഇല്ലെന്നും മാത്രമല്ല ഇത് അപകടകരമായ സിനിമയാണെന്നും എഴുതപ്പെട്ടു. എന്നാല്‍ ഈ എഴുത്തുകള്‍ മറികടന്നുകൊണ്ട് സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ആദ്യ ദിനം നാല്‍പതു ലക്ഷം ഡോളറും ആദ്യ വാരം 96 ലക്ഷം ഡോളറും ജോക്കര്‍ അമേരിക്കയില്‍ നിന്ന് മാത്രം നേടി.

കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രധാന പട്ടണങ്ങളിലെ ചില തീയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം നിരൂപകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിട്ടത്. എന്നാല്‍ സാധാരണ മനുഷ്യര്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ സിനിമ ഗംഭീരം എന്ന് എഴുതി നിറച്ചു. കേരളത്തിലെ ചെറുപട്ടണങ്ങളിലെ തീയറ്ററുകളിലേക്ക് ജോക്കര്‍ പടര്‍ന്നു. ആദ്യ റിലീസ് സെന്ററുകളില്‍ രണ്ടാം വട്ടം കാണാനെത്തിയവരുടെ വരി നീളുന്നു. ദ ഹിന്ദു അടക്കമുള്ള പത്രങ്ങളിലെ പ്രതിലോമ നിരൂപണങ്ങള്‍ മറികടന്ന് ജോക്കര്‍ കുതിക്കുകയാണ്. എന്തുകൊണ്ടാണിത്? എന്താണ് ജോക്കര്‍ പറയാന്‍ ശ്രമിക്കുന്നത്? കേരളത്തില്‍ എങ്ങനെയാവും ഈ സിനിമ വായിക്കപ്പെടുന്നത്?

.............................................................................

ഒരു നൂറ്റാണ്ട് ആവാറായി ബാറ്റ്മാന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം സൃഷ്ടിക്കപ്പെട്ടിട്ട്. ഇത്രനാളിനിടക്ക് ബാറ്റ്മാന്റെ ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ജോക്കര്‍.

comparison between joker and munnariyippu

 

ഭ്രാന്തിന്റെ രാഷ്ട്രീയം പറയുന്ന ഒരു ചെറുകഥയുണ്ട്. 'മരുഭൂമിയിലെ ടാഗോര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ഖലീല്‍  ജിബ്രാന്‍ എഴുതിയത്: ഒരു ചെറു രാജ്യം. അവിടത്തെ രാജകൊട്ടാരം ഒരു കോട്ടയ്ക്കുള്ളില്‍. രാജാവും മന്ത്രിമാരും പരിചാരകരും ആ കോട്ടയ്ക്കുള്ളില്‍ താമസം. എല്ലാവര്ക്കും ആവശ്യമുള്ള വെള്ളത്തിനായി ഒരൊറ്റ കിണര്‍. എല്ലാവരും അന്നന്ന് കോരുന്ന ജലം ഉപയോഗിക്കും. രാജാവിന് മാത്രം തലേന്നേ വെള്ളം ശേഖരിച്ചു വയ്ക്കും. സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ കുടിക്കൂ. ഒരിക്കല്‍ ഒരു മന്ത്രവാദി രാത്രി ആരും കാണാതെ കിണറ്റില്‍ വിഷം കലക്കി. വെള്ളം കുടിക്കുന്നവര്‍ക്കൊക്കെ ഭ്രാന്താകും. പിറ്റേന്ന് രാജാവൊഴിച്ചു ബാക്കിയെല്ലാവരും വെള്ളം കുടിച്ചു. അന്ന് വൈകുന്നേരം ആകുമ്പോഴേക്ക് ജനങ്ങള്‍ തീരുമാനത്തിലെത്തി- രാജാവിന് ഭ്രാന്താണ്.

ഭ്രാന്ത് എന്നത് നേര്‍ത്ത ന്യൂനപക്ഷമായിപോകുന്നതിന്റെ പ്രശ്‌നമാണ്.

തീയറ്ററുകളിലേക്ക്  ജനം ഓടിയെത്തിയത് പക്ഷെ ജോക്കര്‍ എന്ന സിനിമ മറ്റൊരു ബാറ്റ്മാന്‍ ചലച്ചിത്രമാണെന്നു കരുതി. ഒരു നൂറ്റാണ്ടാവാറായി ബാറ്റ്മാന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം സൃഷ്ടിക്കപ്പെട്ടിട്ട്. ഇത്രനാളിനിടക്ക് ബാറ്റ്മാന്റെ ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ജോക്കര്‍. കോമാളിയെ പോലെ വേഷം കെട്ടി മനുഷ്യരെ നിരനിരയായി കൊല്ലുന്ന ജോക്കറിന് എതിരേയായിരുന്നു ബാറ്റ്മാന്റെ  വിജയങ്ങളില്‍ ഏറെയും. പക്ഷെ ജോക്കര്‍ എന്ന സിനിമ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു വായനയാണ്. സിനിമ കഴിയുമ്പോഴാണ് അറിയുക വായിച്ചതു സാമ്പ്രദായിക മഹാഭാരതമല്ല മറിച്ചു 'രണ്ടാമൂഴം' ആണെന്ന്. രണ്ടാമൂഴമെന്ന എം ടി കൃതി വായിച്ചുകഴിയുമ്പോള്‍ യുധിഷ്ഠിര സങ്കല്പത്തിന് എന്ത് സംഭവിക്കുന്നുവോ അതാണ് ബാറ്റ്മാന് സംഭവിക്കുന്നതും ജോക്കര്‍ നേടുന്നതും. ഏറെ നാളായി നിലനിന്ന വില്ലന്‍ കഥാപാത്രത്തിന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി അവന്‍ സഹിച്ച അപമാനങ്ങളെ പരിചയപ്പെടുത്തുന്നു. കൊലപാതകങ്ങള്‍ നിറയെ ചെയ്തുകഴിഞ്ഞിട്ടും സിനിമ അവസാനിക്കുമ്പോഴേക്ക് അവന്റെ നൃത്തത്തിന് ചുറ്റും നിരവധി ആളുകള്‍ നിറയുന്നു.

.....................................................................

ഈ അസത്യങ്ങള്‍ക്കിടയില്‍ ബോധം നിലനിര്‍ത്തുമ്പോഴാണ് ജിബ്രാന്റെ കഥയിലെപ്പോലെ ഒരാള്‍ക്ക് ഭ്രാന്താവുന്നത്. കോമാളിയാകുന്നതും.

comparison between joker and munnariyippu

 

നഗരം മാലിന്യത്താല്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനെതിരെ തെരുവില്‍ സമരമുയരുന്നുണ്ട്. ശുചീകരണ ജോലിക്കാര്‍ സമരത്തിലാണ്. എലികളെക്കൊണ്ട് നഗരം നിറയുന്ന അവസ്ഥയിലാണ്. കോമാളിയായി വേഷം കെട്ടുന്ന ഫ്ളക് പിടിച്ചുകൊണ്ടിരുന്ന പരസ്യപ്പലക കുട്ടികള്‍ തട്ടിയെടുത്ത് ഓടുന്നത് മുതല്‍ എന്തും, എപ്പോഴും സംഭവിക്കാമെന്ന മട്ടില്‍ സിനിമ തുടങ്ങുകയാണ്. പിന്നാലെ ഓടുന്ന ഫള്കക്കിനെ അതേ പലകകൊണ്ട് കുട്ടികള്‍ അടിച്ചു വീഴ്ത്തുന്നു. നിലത്തിട്ട് തൊഴിക്കുന്നു. ഇതെല്ലാമറിഞ്ഞാണ് സഹപ്രവര്‍ത്തകന്‍ ഫ്ളക്കിന് തോക്ക് കൊടുക്കുന്നത്, ഫ്ളക്കിനത് ആവശ്യമായി തോന്നിയില്ലെങ്കിലും.

ആദ്യ കൊല നടക്കുന്നത് ട്രെയിനിലാണ്. ട്രെയിനില്‍ ഒറ്റക്കായിപ്പോയ യുവതിയെ ഭ്രാന്തമായ ചേഷ്ടകളോടെ ഉപദ്രവിക്കാന്‍ ശ്രമിച്ച തെമ്മാടികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതാണ്. നന്നായി തല്ലു കിട്ടി. പിടി വിടുമെന്ന് തോന്നിയപ്പോഴാണ് തോക്കെടുത്തത്. മൂന്നു പേര്‍ വെടി കൊണ്ട് വീണു. സിനിമ റിലീസ് ആകുന്നതിന് രണ്ടാഴ്ച്ച മുന്നേയാണ് മദ്ധ്യപ്രദേശിലെ ഭാവ്‌കേഡിയില്‍ ബന്ധുക്കളായ 12 വയസ്സുള്ള റോഷ്നിയും 10 വയസ്സുള്ള അവിനാശും തല്ലിക്കൊല്ലപ്പെട്ടത്. വീടിനു പുറത്തൊരിടത്ത് വെളിക്കിരുന്നു എന്നതായിരുന്നു തെറ്റ്. ഫ്‌ലെക്കിനെ പോലെ അവരുടെ കയ്യിലാണ് തോക്കുണ്ടായിരുന്നതെങ്കില്‍ അവരായേനെ ജോക്കര്‍. കളിയുടെ കണക്കു തെറ്റിക്കുന്ന ചീട്ടാണ് ജോക്കര്‍.

അമ്മയോടൊപ്പമാണ്  ഫ്ളക്കിന്റെ താമസം.വൃദ്ധയായ അമ്മയെ ശുശ്രൂഷിക്കുക എന്നത് ഫ്‌ലക്കിന്റെ ജോലിയാണ്. അത് നന്നായി ചെയ്യുന്നുമുണ്ട്. അമ്മയാകട്ടെ മറ്റൊരു ലോകത്താണ്. മേയറായി മത്സരിക്കുന്ന തോമസ് വെയിനിന്റെ വീട്ടില്‍ ജോലി നോക്കിയിരുന്ന കാലത്തെ മുന്‍ നിര്‍ത്തി അയാളോട് സഹായം ചോദിച്ച് കത്തെഴുതി മറുപടി കാത്തിരിക്കുകയാണ് അവര്‍. ഫ്ളക്കിനോടുള്ള അമ്മയുടെ ഇടപെടലുകളിലെ പ്രത്യേകത, അത് അമ്മ എന്ന നേര്‍ക്ക് നേരെയുള്ള ബന്ധത്തേയും പരിചയത്തേയും മുന്‍ നിര്‍ത്തിയല്ല മറിച്ച് ഒരു കോമാളിയോടുള്ള പൊതുബോധത്തെ ആസ്പദമാക്കിയുള്ളത് മാത്രമാണ് എന്നതാണ്. അനിശ്ചിതത്വങ്ങളിലൂടെയാണ് ജോക്കറിലെ ജീവിതം മുന്നോട്ട് പോകുന്നത്. മുന്നോട്ട് കരുതാനും സംവിധാനം ചെയ്യാനും കഴിയാതെ ആകസ്മികതകളിലൂടെ മുന്നോട്ട് പോകുന്നതാണത്. നിറയെ അപമാനിതനായി സ്വന്തം അസ്തിത്വം നഷ്ട്ടപെട്ടുപോകുന്ന ജോക്കറിന്റെ പ്രതികരണങ്ങളെ ജനസഞ്ചയം ഏറ്റെടുത്ത് തെരുവിലാകെ കോമാളികള്‍ നിറയുകയും അവര്‍ നിയമം കയ്യിലെടുക്കുകയും ചെയ്യുന്നതാണ് സിനിമയുടെ രാഷ്ട്രീയം. കേരളത്തിന്റെ സാമൂഹ്യ പ്രതലത്തില്‍ ആദ്യമായി സീരിയല്‍ കില്ലറായി ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടതിന്റെ വാര്‍ത്തകള്‍ നിറഞ്ഞുകവിയുന്നതിനിടയിലാണ് മലയാളികള്‍ തിയറ്ററില്‍ പോയി ജോക്കര്‍ കാണുന്നതും. വാര്‍ത്തകളില്‍ വരുന്നതൊക്കെ തന്നെ കുറേ കാലമായി സ്ത്രീ പ്രേക്ഷകര്‍ക്കായി അവരുടെ സ്വീകരണ മുറികളിലേക്ക് നേരിട്ട് ടെലിവിഷന്‍ സീരിയലുകള്‍ എത്തിച്ചു കൊടുത്ത കഥകള്‍ തന്നെയാണ്. എല്ലാ പത്രങ്ങള്‍ക്കും ചാനലുകളും  ചാനലുകള്‍ക്ക് സീരിയലുകളും ഉള്ളത് കൊണ്ട് ഈ നേര്‍ബന്ധം ആരും കാണില്ലെന്ന് ശഠിക്കുന്നുണ്ടെങ്കിലും.

..........................................................................

ജോക്കര്‍ എന്ന സിനിമക്ക് മലയാള സിനിമയില്‍ വേരുകളുണ്ടോ?. ഉണ്ട്. 2014 ല്‍ പുറത്തിറങ്ങിയ, വേണു സംവിധാനം ചെയ്ത, ഉണ്ണി ആര്‍ തിരക്കഥയെഴുതിയ 'മുന്നറിയിപ്പ് ' എന്ന സിനിമയാണത്.

comparison between joker and munnariyippu

 

ജോക്കര്‍ എന്ന സിനിമക്ക് മലയാള സിനിമയില്‍ വേരുകളുണ്ടോ?. ഉണ്ട്.2014 ല്‍ പുറത്തിറങ്ങിയ വേണു സംവിധാനം ചെയ്ത, ഉണ്ണി ആര്‍ തിരക്കഥയെഴുതിയ 'മുന്നറിയിപ്പ് ' എന്ന സിനിമയാണത്. ആ സിനിമയെ പക്ഷേ അന്ന് മുഖ്യധാര നിരൂപകര്‍ കണ്ടത് മമ്മൂട്ടി എന്ന ഉജ്ജ്വല നടനെ താരപരിവേഷത്തില്‍ നിന്ന് മുക്തനാക്കി അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയ്ക്ക് ഇടം നല്‍കിയ ചിത്രം എന്ന നിലക്കാണ്. ജോക്കറിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ ആ സിനിമയുടെ മൂല്യം ഇന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. രണ്ടു സിനിമയിലും നായകന്‍ ( അഥവാ പ്രതിനായകന്‍ ) ഒരേ പോലെ അനുഭവിക്കുന്ന ഒരു സ്വാസ്ഥ്യമുണ്ട്. ഓരോ കൊലയ്ക്ക് ശേഷവും. കൊല കഴിഞ്ഞാല്‍ ജയിലിലേക്കോ മാനസിക കേന്ദ്രത്തിലേക്കോ ഒക്കെ പോകുന്നത് അത്ര മേല്‍ സമാധാനത്തോടെയാണ്. സ്വാതന്ത്ര്യത്തിലേക്കാണ് ആ യാത്ര. ജയിലും ആശുപത്രിയും തടവിടങ്ങളല്ല. സ്വാതന്ത്ര്യം എന്നത് എവിടേയും ഇറങ്ങി നടക്കലല്ല. അത് ഒരു മാനസികാവസ്ഥയാണ്. അങ്ങോട്ട് പോയി ആക്രമിച്ചിട്ടല്ല, ഇങ്ങോട്ട് വന്ന് ആക്രമിക്കപ്പെടുമ്പോഴുള്ള നിസ്സഹായതയില്‍ നിന്നാണ് ഓരോ കൊലപാതകവും സംഭവിക്കുന്നത്. ആരോടും വഴക്കിന് പോകാത്തവരും കുട്ടികളോട് എളുപ്പം ചങ്ങാത്തത്തിലാവുന്നവരുമാണ് രണ്ടു സിനിമയിലെയും നായകര്‍. പിന്നീട് ഇങ്ങോട്ട് നമ്മള്‍ കേരളത്തില്‍ കാണാന്‍ തുടങ്ങിയ പെട്രോളൊഴിച്ചും കുത്തിയും സയനൈഡ് ഉപയോഗിച്ചും ഉള്ള കൊലകളുടെ മുന്നറിയിപ്പായിരുന്നു 'മുന്നറിയിപ്പ് ' എന്ന സിനിമ.

എന്തുകൊണ്ടാണ് ലോകത്ത് സ്ത്രീ കോമാളികള്‍ ഇല്ലാത്തത്? കോമാളികളാവുക എന്നത് പുരുഷന്റെ മാത്രം വിധിയാവുന്നത് എന്തുകൊണ്ടാണ്? മുതലാളിത്തം ഏറ്റവും അസ്ഥിരമാക്കുക പുരുഷനെയാണ്. രണ്ടു ജോലികളേ ജോക്കറിന് സാധ്യമായിട്ടുള്ളൂ. ഒന്നുകില്‍ കുട്ടികളുടെ മുന്നില്‍ കോമാളി കളിക്കുക. അല്ലെങ്കില്‍ മുതലാളിത്തത്തിന്റെ ഏക കലാരൂപമായ പരസ്യപ്പലക പിടിച്ചു നില്‍ക്കുന്നവനാകുക. ഒരു വ്യക്തി എന്ന നിലയിലുള്ള അസ്ഥിത്വമില്ല. നിറയെ സങ്കടം വരുമ്പോള്‍ ചിരിയാണ് വരിക. ഉറക്കെയുള്ള ചിരി. അത് കരച്ചിലിലേക്കും വീണ്ടും ചിരിയിലേക്കുമൊക്കെ തെന്നി മാറും. ചുറ്റുമുള്ളവര്‍ വല്ലാതെ ബേജാറാവുമ്പോള്‍ എടുത്തുകൊടുക്കാന്‍ ഒരു കാര്‍ഡ് സൂക്ഷിച്ചിട്ടുണ്ട്. അതിലെഴുതിയിരിക്കുന്നത് - 'ഞാന്‍ ഒരവസ്ഥയിലാണ് '. ഈ ഒരവസ്ഥയില്‍ എപ്പോഴെങ്കിലും കുടുങ്ങാത്തവര്‍ ഉണ്ടാകില്ല. സ്വന്തം ചിന്ത, ബോധം, തിരിച്ചറിവുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി ചലിക്കുന്ന മനുഷ്യരുടെ ഇടയില്‍ പെടുമ്പോള്‍. അങ്ങനെയൊരവസ്ഥ തിരിച്ചറിയാന്‍ പോലുമാകാതെ ലോകം ചുറ്റും ചലിച്ചു കൊണ്ടിരിക്കുമ്പോള്‍, ചുറ്റും ആഘോഷങ്ങള്‍ നിറയുമ്പോള്‍. സിസെക് നിരീക്ഷിക്കുന്നുണ്ട് മുതലാളിത്തം നിങ്ങളെ നിര്ബന്ധിച്ച് ആഘോഷിപ്പിക്കും എന്ന്. ഇവിടടുത്ത് അതിരപ്പള്ളിയിലും വാഴച്ചാലിലും കാണാമത്. ആളുകള്‍ കഷ്ടപ്പെട്ട് ആഘോഷിക്കുന്നത്. ഒരവധി കിട്ടിയാല്‍ ജീവിക്കുന്ന ഇടത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പ്രകൃതിയിലെത്തി ആഘോഷിക്കേണ്ടി വരുന്നവര്‍. ഈ അസത്യങ്ങള്‍ക്കിടയില്‍ ബോധം നിലനിര്‍ത്തുമ്പോഴാണ് ജിബ്രാന്റെ കഥയിലെപ്പോലെ ഒരാള്‍ക്ക് ഭ്രാന്താവുന്നത്. കോമാളിയാകുന്നതും.

ഈ ലോകത്ത് ഇത്തിരി കൂടി കരുണയാണ് ജോക്കര്‍ എന്ന സിനിമ ആവശ്യപ്പെടുന്നത്. അത് വേണ്ടുവോളമില്ലേ എന്ന് ആശ്ചര്യപ്പെടുന്നവരുമുണ്ടാവാം. പക്ഷേ ഇപ്പോഴെത്തിയ ഒരു വാര്‍ത്ത കേള്‍ക്കു. എം ഹരിദാസ് എന്നയാള്‍ പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്. കുറുമ്പ എന്ന ആദിമവാസി വിഭാഗത്തിലെ അംഗമാണ് ആദ്ദേഹം. ഒപ്പം ജോലി ചെയ്യുന്നവര്‍ ഹരിദാസ് എന്നതിന് പകരം ആദിവാസി എന്നാണ് വിളിക്കുക.നിറയെ ഒറ്റപ്പെടുത്തലുകള്‍. തന്റെ ഭാര്യയെ കണ്ട് ഭീഷണിപ്പെടുത്തുന്ന സഹപ്രവര്‍ത്തകര്‍. അപമാനത്തിന്റെ കൊടുംതാഴ്ച്ചയില്‍ നിന്ന് അദ്ദേഹം പരാതി പറയുകയാണ്. അധികാരികളില്‍ നിന്ന് മറുപടി വരും വരെ  ലീവെടുത്ത് വീട്ടിലിരിക്കുകയാണ്. മുതലാളിത്തത്തിന്റെ ഗംഭീര ആഘോഷങ്ങള്‍ക്ക് വെളിയില്‍ നിരന്തരമായി അപമാനിക്കപ്പെടുന്ന, മറ്റുള്ളവരേക്കാള്‍ താഴ്ന്ന ജീവിതം പേറുന്ന നിരവധി ഹരിദാസുമാരാണ് ഇവിടെ. അമേരിക്കയിലെടുത്ത ജോക്കര്‍ എന്ന സിനിമയില്‍ വെളുപ്പ്, കറുപ്പ് എന്നീ രണ്ടു നിറങ്ങളാണ് ശ്രദ്ധയോടെ നിരൂപകര്‍ പരിശോധിച്ചതെങ്കില്‍ ഇവിടെ വെളുപ്പിനും കറുപ്പിനുമിടയിലുള്ള നിരവധി ഷേഡുകളില്‍ ഈ സിനിമ വായിച്ചെടുക്കേണ്ടി വരും.

 

.............................................................................

കഥ തുടങ്ങുന്നത് എണ്‍പതുകളിലെ ഒരു ഒക്ടോബര്‍ 15 നാണ്. സിനിമയുടെ ബൗദ്ധിക പരിസരം നിര്‍ണ്ണയിക്കുന്ന ചിന്തകള്‍ ഉത്പാദിപ്പിച്ച രണ്ടു മനുഷ്യരുടെ ജന്മദിനമാണത്.

comparison between joker and munnariyippu

 

 

സ്‌ക്രീനില്‍ കാണുന്ന എല്ലാ കൊലപാതകങ്ങളും നടന്നതാണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്, സൂക്ഷ്മമായി വായിച്ചില്ലെങ്കില്‍. ഫ്രിഡ്ജിനുള്ളിലെ അറകളൊക്കെ പുറത്താക്കി സ്വയം അതിനകത്ത് കയറി വാതില്‍ അടയ്ക്കുന്നതോടെ അവസാനിക്കുന്നു കൊലകള്‍. അതിനു ശേഷം തന്നെ ടെലിവിഷന്‍ ഷോയില്‍ വിളിച്ചു വരുത്തി അപമാനിക്കാന്‍ ശ്രമിച്ച അവതാരകനടക്കം എല്ലാരും കൊല്ലപ്പെടുന്നത് ഫ്രിഡ്ജിനകത്തിരിക്കുന്ന ജോക്കറിന്റെ മനസ്സിലാണ്. അവിടെ നിന്ന് കൈയ്യാമം വെച്ച് മാനസിക ആശുപത്രിയില്‍ വിളറിവെളുത്ത അവസ്ഥയില്‍ എത്തിക്കപ്പെട്ടപ്പോള്‍ ഡോക്ടറായ സ്ത്രീയോട് പറയുന്നുണ്ട് - എനിക്കൊരു തമാശ പറയാനുണ്ട്. പറയാന്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ നന്നായി ആലോചിച്ചു മറുപടി പറയുന്നുണ്ട് - 'പക്ഷേ നിങ്ങള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല'. ഈ ഉത്തരം പലപ്പോഴും പറയണമെന്ന് കരുതുന്ന പലരുമുണ്ട് ഈ ഭൂമിയില്‍ എന്നിടത്താണ് സിനിമയുടെ ജനപ്രീതി നിശ്ചയിക്കപ്പെടുന്നത്.

കഥ തുടങ്ങുന്നത് എണ്‍പതുകളിലെ ഒരു ഒക്ടോബര്‍ 15 നാണ്. സിനിമയുടെ ബൗദ്ധിക പരിസരം നിര്‍ണ്ണയിക്കുന്ന ചിന്തകള്‍ ഉത്പാദിപ്പിച്ച രണ്ടു മനുഷ്യരുടെ ജന്മദിനമാണത്. ഫ്രഡറിക് നീച്ചേയുടെയും മിഷേല്‍ ഫൂക്കോയുടെയും. ദൈവത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് മാത്രം ലോകത്തെ വിശദീകരിക്കണമെന്ന് നിര്‍ബന്ധിച്ച ശരി തെറ്റുകളെ വിശകലനം ചെയ്ത, സ്വയം ഭ്രാന്തിലേക്ക് നടന്നു കയറിയ നീച്ചേയും തെരുവിലെ മാനസിക രോഗികളെയൊക്കെ ആവാഹിച്ചെടുത്ത് തെരുവുകളെ സുന്ദരമാക്കിയ മാനസിക അസൈലങ്ങളുടെ പിറവിയെക്കുറിച്ചും അധികാര ഘടനകളെക്കുറിച്ചും അപഗ്രഥിക്കുകയും ഭ്രാന്ത് എങ്ങനെയാണ് ഒരു സാമൂഹ്യ നിര്‍മ്മിതിയാകുന്നതെന്ന് വിശദീകരിക്കുകയും ചെയ്ത ഫൂക്കോയും .സംഗീതത്തോടൊപ്പം, സിനിമാറ്റോഗ്രഫിയോടൊപ്പം, സംവിധാന മികവിനൊപ്പം സിനിമയുടെ പല തലങ്ങളിലുള്ള ആസ്വാദ്യത  ഭദ്രമാക്കിയത്  ഈ രണ്ടു പേരുടെയും ഡെഡ്ലി കോമ്പിനേഷനാണ്. 

Follow Us:
Download App:
  • android
  • ios