സുശാന്ത് ആത്മഹത്യ ചെയ്‍തത് എന്തിന്? ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല
മരണത്തിൽ ഒരുപാട് രഹസ്യങ്ങൾ ഉള്ളതിനാൽ കുറ്റപത്രം ഇതുവരെ ഫയൽ ചെയ്‍തിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ വികാസ് സിംഗ് പറയുന്നു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‍പുത്തിന്റെ അകാല വിയോഗത്തിന് ഒരാണ്ട്. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ.
എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്‍നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്റെ വിയോഗ വാർത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും ദുഃഖത്തിലാഴ്ത്തി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. മുപ്പത്തിനാലാമത്തെ വയസ്സിലെ സുശാന്തിന്റെ മരണ, ബോളിവുഡിനെ ആകെ പിടിച്ചുലച്ചു. ബോളിവുഡിലെ മയക്കുമരുന്ന് കേസുകളും സ്വജനപക്ഷപാതവും അടക്കമുള്ളവ പുറത്തുവന്നു. സുശാന്തിന്റെ ഓർമ്മകൾക്ക് ഒരുവർഷം തികയുമ്പോഴും ദുരൂഹതകള്‍ ഇനിയും മാറാതെ നില്‍ക്കുന്നു. സുശാന്തിന്റെ സിനിമയ്‍ക്കകത്തെയും പുറത്തെയും ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം.
ബ്രില്യന്റ് സ്റ്റുഡന്റ്, മൂന്ന് ചേച്ചിമാരുടെ ഒരേയൊരു അനുജൻ
പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് - ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് 1986-ൽ സുശാന്ത് ജനിച്ചത്. മൂന്ന് ചേച്ചിമാരുടെ ഒരേയൊരു അനുജൻ. പഠിത്തത്തിൽ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. മറ്റാരെക്കാളും അവന് അമ്മയോട് വളരെ അടുപ്പമായിരുന്നു. 2002ൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു അമ്മയുടെ വിയോഗം. അമ്മയുടെ നഷ്‍ടം ആ കുഞ്ഞ് മനസ്സിനെ വല്ലാതെ അലട്ടി, എങ്കിലും പഠിത്തം വിട്ടുകളഞ്ഞില്ല. ശേഷം സുശാന്തിന്റെ കുടുംബം പട്‍ന വിട്ട് ദില്ലിയിലേക്ക് ചേക്കേറി. ദില്ലി സർവകലാശാലയുടെ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കോടെയാണ് ആ മിടുക്കൻ പാസ്സായത്.
ബ്രില്യന്റ് വിദ്യാർത്ഥിയായ സുശാന്ത്, ദേശീയ തലത്തിൽ ഫിസിക്സ് ഒളിമ്പ്യാഡിൽ വിന്നറായി. ഐഎസ്എം ധൻബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എൻട്രൻസുകളിലും പാസ്സായി. ദില്ലിയിൽ നിന്ന് പോകാൻ താല്‍പര്യം ഇല്ലാത്തതുകൊണ്ട് ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കോഴ്‌സിന് ചേർന്ന് പഠനം തുടങ്ങി. അങ്ങനെ പോകുന്നതിനിടെയാണ് സുശാന്ത് ആദ്യമായി ഡാൻസ് പഠിക്കാൻ തീരുമാനിക്കുന്നത്.
ശ്യാമക് ദാവറിന്റെ ശിഷ്യൻ, ഐശ്വര്യ റായുടെ പിന്നണി നർത്തകൻ
ശ്യാമക് ദാവർ എന്ന പ്രമുഖ ബോളിവുഡ് കൊറിയോഗ്രാഫറുടെ അക്കാദമിയിലാണ് സുശാന്ത് ഡാൻസ് പഠിക്കാൻ തുടങ്ങുന്നത്. ഇവിടെ ഒപ്പമുണ്ടായിരുന്ന ബാരി ജോണിന്റെ ആക്ടിങ് ക്ലാസിനും പോകുമായിരുന്നു. ആക്ടിങ് ക്ലാസിന് പോയപ്പോഴാണ്, തന്റെ ഭാവി എഞ്ചിനീയറിങ് അല്ല, നൃത്തവും അഭിനയവുമാണെന്ന് സുശാന്ത് മനസ്സിലാക്കിയത്. ബാരി എഴുപതുകളിൽ ദില്ലിയിൽ സ്ഥാപിച്ച തിയറ്റർ ആക്ടേഴ്‌സ് ഗ്രൂപ്പിൽ നിന്നുമാണ് ഷാരൂഖ് ഖാൻ, മനോജ് വാജ്‌പേയി തുടങ്ങിയ മഹാനടന്മാരെ ബോളിവുഡിന് സ്വന്തമാകുന്നത്.
സുശാന്തിലെ പ്രതിഭയെ ശ്യാമക് ദാവാറിന് വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെയാണ് ശ്യാമക് ദാവർസ് സ്റ്റാൻഡേർഡ് ഡാൻസ് ട്രൂപ്പിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്. വീട്ടുകാർ എഞ്ചിനീയറാകാൻ വിട്ട പയ്യൻ അതുകളഞ്ഞ് ശ്യാമക് ദാവറുടെ സംഘത്തോടൊപ്പം 2006ൽ ഓസ്‌ട്രേലിയയിലേക്ക് പോയി. കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സുശാന്തും ആടിത്തകർത്തു. അന്ന് സുശാന്തിനൊപ്പം ചുവടുവച്ചതാകട്ടെ താരസുന്ദരി ഐശ്വര്യ റായിയും. ഡാൻസ് കഴിയാറാകുമ്പോൾ തന്നെ എടുത്തുയർത്തിയ കൂട്ടത്തിലെ വെളുത്തു മെലിഞ്ഞ ആ പയ്യൻ, ബോളിവുഡിലെ പ്രിയതാരമാകുമെന്ന് ഐശ്വര്യ സ്വപ്‍നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.
സിനിമാ-സീരിയിൽ ജീവിതം
സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ 2008ൽ എന്ന സീരിയലിലൂടെ ആയിരുന്നു സുശാന്തിന്റെ മിനിസ്‍ക്രീനിലെ അരങ്ങേറ്റം. സുശാന്ത് അഭിനയിച്ച നാടകം കണ്ട ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിലെ കാസ്റ്റിംഗ് മെമ്പറാണ് താരത്തെ ഓഡിഷന് വിളിക്കുന്നത്. ആ ഓഡിഷൻ സുശാന്തിന്റെ ജീവിതത്തിലെ മറ്റൊരു ടേണിംഗ് പോയിന്റ് ആയിരുന്നു. അങ്ങനെ 'കിസ് ദേശ് മേം ഹേ മേരാ ദിൽ' അഭിനയിച്ചു. പരമ്പരയുടെ തുടക്കത്തിൽ തന്നെ സുശാന്തിന്റെ കഥാപാത്രം മരിക്കുന്നുണ്ടെങ്കിലും ചുരുങ്ങിയ നാളത്തെ പ്രകടനം ആസ്വാദക ഹൃദയങ്ങളിൽ അവനെ പ്രതിഷ്ഠിച്ചു. പിന്നീടുള്ള എപ്പിസോഡുകളിൽ ആത്മാവിന്റെ രൂപത്തിൽ സുശാന്തിനെ കൊണ്ടുവന്നു. അത്രയധികം ആരാധകരുണ്ടായിരുന്നു ആ കഥാപാത്രത്തിന്.
ജൂൺ 2009 ൽ 'പവിത്ര രിഷ്‍താ' എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്. ഇതിനിടയിൽ 'ഝലക് ദിഖ്‌ലാ ജാ' എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‍കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി.
റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‍ച വച്ചത്. ആമിർ ഖാനും അനുഷ്‍ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
‘എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’യിൽ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകൻ നീരജ് പാണ്ഡെ തന്നെ ഒരവസരത്തിൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി. വെറും ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി അവിസ്‍മരണീയമായ റോളുകളിൽ പകർന്നാടിയ സുശാന്ത് സിംഗ് രാജ്‍പുത് എന്ന യുവപ്രതിഭ, ചെയ്‍തുതീർക്കാൻ നിരവധി റോളുകൾ ബാക്കിവച്ചാണ് കളമൊഴിഞ്ഞത്.
ബോളിവുഡിനെ ഞെട്ടിച്ച മരണ വാർത്ത
സുശാന്തിന്റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്‍ത് ഒരാഴ്‍ച കഴിയുമ്പോഴായിരുന്നു സുശാന്തിന്റെ മരണവാർത്തയും പുറത്തുവന്നത്. എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ച താരത്തിന്റെ വിയോഗം സിനിമാ ലോകത്തെ ആകെ കണ്ണീരണിയിച്ചു. മരണത്തിന് മുമ്പുള്ള ആറുമാസങ്ങളിൽ ഈ യുവനടൻ ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന റിപ്പോർട്ടുകളും പുറകെ വന്നു. മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് സുശാന്ത് ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജർ, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആൾ എന്നിവരുമുണ്ടായിരുന്നു. ഇവരാരും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അന്നേദിവസം, ഒമ്പതുമണിയോടെ സഹോദരിയുമായി സുശാന്ത് ഫോണിൽ സംസാരിച്ചിരുന്നു. അതിനു ശേഷം തന്റെ കരിയറിന്റെ തുടക്കം മുതൽ പരിചയമുള്ള മഹേഷ് ഷെട്ടി എന്ന നടനുമായും ഫോണിൽ സംസാരിച്ചു. 'കിസ് ദേശ് മേം ഹോഗാ മേരാ ദിൽ' എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തായിരുന്ന മഹേഷിനോടായിരുന്നു സുശാന്തിന്റെ അവസാനത്തെ സംഭാഷണം. പത്ത് മണിയോടെ ഭക്ഷണം കഴിക്കാൻ ജോലിക്കാർ വിളിച്ചുവെങ്കിൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. ഇവർ എത്തി വാതിൽ തുറന്നപ്പോൾ സുശാന്ത് ഫാനിൽ തൂങ്ങി നിൽക്കുന്ന കാഴ്‍ചയാണ് കണ്ടത്.
അമ്മയുടെ വിയോഗത്തോടെയാണ് സുശാന്ത് ഡിപ്രഷനിലേക്ക് പോയതെന്ന വാർത്തകളും പുറത്തുവന്നു. സുശാന്ത് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് എന്നും നൽകിയിട്ടുള്ളത് അമ്മയ്ക്കായിരുന്നു. തനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന, തന്റെ സങ്കടങ്ങൾ പങ്കിട്ടിരുന്ന അമ്മയുടെ അവിചാരിത വിയോഗം വലിയൊരു ശൂന്യതയാണ് തന്റെ ജീവിതത്തിലുണ്ടാക്കിയത് എന്നും പല അഭിമുഖങ്ങളിലും സുശാന്ത് പറഞ്ഞിരുന്നു.
വിവാദത്തിലേക്ക്
സുശാന്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങാൻ തുടങ്ങിയത്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു. സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ താരത്തിന്റെ മുൻ മാനേജർ ദിഷയുടെ മരണത്തെ കുറിച്ചും ആന്വേഷണം തുടങ്ങി. ബോളിവുഡിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സുശാന്തിനെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ കൂടി പരിഗണിച്ചായിരുന്നു അന്വേഷണം.
മരണത്തിൽ ഏക്താ കപൂറടക്കമുള്ളവർക്കെതിരെ അഭിഭാഷകൻ സുധീർ കുമാർ ഓജ കേസ് നൽകിയിരുന്നു. കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്‍ജയ് ലീല ബൻസാലി, ഏക്താ കപൂർ, കങ്കണ എന്നിവർക്കെതിരെയാണ് അഭിഭാഷകൻ കേസ് കൊടുത്തത്. ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവരും രംഗത്ത് എത്തി. അങ്ങനെയാണ്, നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിയിലേക്ക് അന്വേഷണം നീങ്ങുന്നത്. മരിക്കും മുൻപ് രാത്രി സുശാന്ത് റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെന്നും പക്ഷെ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, അവസാന നാളുകളിൽ തങ്ങൾ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഈ അന്വേഷണം പിന്നീട് ബോളിവുഡിലെ ഉന്നതരിലേക്കും എത്തി.
ഇതിനിടയിൽ കേസ് അന്വേഷിക്കാൻ എത്തിയ എസ് പി ബിനയ് തിവാരിയെ നിർബന്ധിത ക്വാറന്റീനിലാക്കിയത് വിവാദത്തിന് വഴിവച്ചു. സംഭവത്തിൽ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി. മുംബൈ പൊലീസിനെതിരെ തുറന്നടിച്ച സുശാന്തിന്റെ അച്ഛൻ, പ്രധാന പ്രതി ഇപ്പോഴും പുറത്താണെന്നും ആരോപിച്ചു. ശേഷം സുശാന്ത് കേസ് സിബിഎക്ക് കൈമാറുകയും ചെയ്‍തു.
ഇതിനിടെയാണ് സുശാന്ത് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷകൻ വെളിപ്പെടുത്തുന്നത്. ലഹരി വസ്‍തുക്കൾ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകൾ എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് സുശാന്തിന് നൽകിയെന്ന സൂചനയും ഈ ചാറ്റുകളിലുണ്ടായിരുന്നു. പിന്നാലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കേസെടുത്തു. ബോളിവുഡിലെ മയക്കുമരുന്നിന്റെ ഉറവിടത്തിലേക്കും ഈ അന്വേഷണം നീങ്ങുകയും ദീപിക പദുകോൺ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്‍തു.
ഇതിനിടയിൽ സുശാന്ത് സ്ഥിരമായി ലഹരി വസ്‍തുക്കൾ ഉപയോഗിച്ചിരുന്നതായി റിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്യുകയും താരത്തെ അറസ്റ്റ് ചെയ്‍ത് റിമാൻഡ് ചെയ്യുകയും ചെയ്തു. സുശാന്തിന് ലഹരിമരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. അതേസമയം സുശാന്തിന്റേത് കൊലപാതകമാണെന്ന വാദം ദില്ലി എയിംസിലെ ഡോക്ടർമാരുടെ സംഘം തള്ളിയിരുന്നു.
മാർച്ചിൽ ലഹരി മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പികയും ചെയ്‍തു. റിയ ചക്രബർത്തി, സഹോദരൻ ഷൗവിക് ചക്രബർത്തി അടക്കം 33 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. ലഹരി ഇടനിലക്കാരാണ് പ്രതികളിൽ കൂടുതൽ പേരും. 12000 പേജുള്ള കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എൻഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതം സുശാന്തിൻറെ മരണത്തോടെ പ്രശ്‍നവത്ക്കരിക്കപ്പെട്ടു. സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് ഹിന്ദി സിനിമാ ലോകത്തെ സ്വജനപക്ഷപാതമാണ് എന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ അടക്കം വന്നിരുന്നു. വിവാദവുമായി. പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്ക് സിനിമാ മേഖലയിൽ നേരിടേണ്ടി വന്ന പ്രശ്‍നങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്.
സ്വജനപക്ഷപാതത്തെക്കുറിച്ച് ചർച്ചകൾ സജീവമായ സമയത്ത് മലയാളസിനിമയിലും ഇതുണ്ടെന്ന വെളിപ്പെടുത്തലുമായി നീരജ് മാധവും എത്തുന്നത്. നടൻ വിഷ്‍ണു പ്രസാദും മലയാളസിനിമയിലെ സ്വജനപക്ഷപാതത്തിൻറെ ഇരയാണ് താനെന്ന് പറഞ്ഞ് എത്തിയിരുന്നു. സുശാന്തിന്റെ ഓർമ്മകൾക്ക് ഒരാണ്ട് ആവുമ്പോഴും താരത്തിന്റെ മരണത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ ബോളിവുഡിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
സുശാന്തിന്റെ മരണത്തെക്കുറിച്ച് ഒരു ഏജൻസിയും വ്യക്തമായ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണത്തിൽ ഒരുപാട് രഹസ്യങ്ങൾ ഉള്ളതിനാൽ ചാര്‍ജ് ഷീറ്റ് ഇതുവരെ ഫയൽ ചെയ്‍തിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ വികാസ് സിംഗ് പറയുന്നു. എല്ലാം നടന്നത് അടച്ചിട്ട ഒരു മുറിയിലാണെന്നും നീതിക്കായി സുശാന്തിന്റെ കുടുംബം ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേരളവും സുശാന്തും
ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ആരാധകരുണ്ടായിരുന്ന താരമായിരുന്നു സുശാന്ത്. പികെയും കേദാർനാഥും എം എസ് ധോണിയുമൊക്കെ കണ്ട് ഈ നടനെ മനസിൽ കൊണ്ടുനടന്നവുടെ കൂട്ടത്തിൽ മലയാളികളും ഉണ്ട്. പ്രിയതാരത്തിന്റെ അകാല വിയോഗം മലയാള സിനിമയെയും പിടിച്ചുലച്ചിരുന്നു. സുശാന്തിനോട് മലയാളികൾക്ക് ഉണ്ടാവേണ്ട കടപ്പാടിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് താരത്തിന്റെ മരണത്തിന് പിന്നാലെ പ്രചരിച്ചിരുന്നു. പ്രളയകാലത്ത് കേരളത്തിന് സഹായവുമായി എത്തിയവരുടെ കൂട്ടത്തിൽ സുശാന്തും ഉണ്ടായിരുന്നു എന്നതായിരുന്നു അത്. ഒരു ആരാധകനാണ് കേരളത്തിന് നൽകേണ്ട സഹായത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഭക്ഷണപദാർഥങ്ങൾ നൽകി സഹായിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും എന്നാൽ അതിനുള്ള പണമില്ലെന്നും സുശാന്തിനെ ടാഗ് ചെയ്‍തുകൊണ്ട് അറിയിക്കുകയായിരുന്നു. അതിന് സുശാന്ത് നൽകിയ മറുപടി ഏറെ ശ്രദ്ധ നേടി.
"നിങ്ങളുടെ പേരിൽ ഒരു കോടി ഞാൻ സംഭാവന നൽകും. ആവശ്യമുള്ള സുഹൃത്തുക്കൾക്ക് അത് നേരിട്ടെത്തുമെന്ന് ഉറപ്പാക്കും. പിന്നീട് താങ്കളെ അഭിനന്ദിച്ചുകൊണ്ട് അത് ഇൻസ്റ്റഗ്രാമിലൂടെ ഞാൻ പങ്കുവെക്കുകയും ചെയ്യും. ഇത് ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി", എന്നായിരുന്നു സുശാന്തിൻറെ മറുപടി സന്ദേശം. അതൊരു പാഴ്‍വാക്കല്ലായിരുന്നു. പറഞ്ഞ പണം അയച്ചതിനുശേഷം ഇൻസ്റ്റഗ്രാമിലൂടെനന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നൽകിയതിന്റെ സ്‍ക്രീൻഷോട്ടും സുശാന്ത് പങ്കുവച്ചു. 'എന്റെ കേരളം' (My Kerala) എന്ന ഹാഷ്‍ടാഗും സുശാന്ത് ഇതോടൊപ്പം പങ്കുവച്ചിരുന്നു.
ആത്മവിശ്വാസത്തിന്റെ പ്രതീകം
പരാജയങ്ങളെ ഭയമില്ലാത്ത, കരിയറിൽ വിജയത്തിന്റെ കൊടുമുടി ചുംബിച്ച പച്ചയായ മനുഷ്യനായിരുന്നു സുശാന്ത് സിംഗ് രാജ്‍പുത്. അസാമാന്യമായ ആത്മവിശ്വാസമായിരുന്നു ഈ താരത്തിന്റെ കൈമുതൽ. സിനിമകൾ കിട്ടാത്ത കാലം വരുമ്പോൾ സീരീസിലും സീരിയലിലും അഭിനയിക്കും. അതും കിട്ടാതെ വന്നാൽ തിയേറ്റർ ചെയ്യും. ഞാൻ തുടങ്ങിയ കാലത്ത് എനിക്ക് ഒരു നാടകം കളിച്ചാൽ 250 രൂപയാണ് കിട്ടിയിരുന്നത്. അന്നും ഞാൻ ഹാപ്പി ആയിരുന്നു. കാരണം, അഭിനയം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. അതുകൊണ്ട് പുറത്താക്കപ്പെടുമോ എന്ന പേടി തനിക്കില്ലെന്നായിരുന്നു പഴയൊരു അഭിമുഖത്തിൽ സുശാന്ത് പറഞ്ഞത്. സുശാന്ത് സിംഗ് ആത്മഹത്യ ചെയ്‍തത് എന്തിന് എന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ചോദിക്കുന്നതും ഇതുകൊണ്ടുതന്നെ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona