കെ ജി വിജയന് പാട്ടിലൂടെ പ്രണാമവുമായി മകന്‍ മഞ്ജുനാഥ്; വീഡിയോ

അച്ഛനും വല്യച്ഛനും ചിട്ടപ്പെടുത്തിയ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നായ ‘ഹൃദയം ദേവാലയം..’പാടിക്കൊണ്ടാണ് ഈ ഇളമുറ ഗായകന്‍റെ ഹൃദയാഞ്ജലി

kg vijayan son manjunath vijayan tribute song video
Author
Thiruvananthapuram, First Published Jun 20, 2021, 1:34 PM IST

സ്വരരാഗതാളലയങ്ങളുടെ ശീവേലിയായ സംഗീതത്തെ ലോകം നമിക്കുന്ന ദിനമാണ് ജൂൺ 21. ജീവിതഗാനം പൂർത്തിയാക്കാനാവാതെ മടങ്ങിയ അച്ഛനു സംഗീതദിനത്തോടനുബന്ധിച്ച് പാട്ടിലൂടെ പ്രണാമമർപ്പിക്കുകയാണു യുവഗായകനും സംഗീതസംവിധായകനുമായ മഞ്ജുനാഥ്, കർണാടക സംഗീതത്തിലെ അപൂർവ സഹോദരങ്ങളായ ജയവിജയന്മാരിൽ കെ ജി വിജയന്‍റെ മകൻ. അച്ഛനും വല്യച്ഛനും ചിട്ടപ്പെടുത്തിയ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നായ ‘ഹൃദയം ദേവാലയം..’പാടിക്കൊണ്ടാണ് ഈ ഇളമുറ ഗായകന്‍റെ ഹൃദയാഞ്ജലി. കൊവിഡ് നിയന്ത്രണങ്ങളുടെ കാലമായതിനാൽ പാടി വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്യുകയായിരുന്നു ഗാനം. മഞ്ജുനാഥിന്‍റെ പാട്ട് ആസ്വദിച്ച് തൊട്ടടുത്ത് തന്നെ വല്യച്ഛൻ പത്മശ്രീ കെ ജി ജയനെയും ദൃശ്യങ്ങളിൽ കാണാം. 1979 ൽ  ‘തെരുവുഗീതം’ എന്ന ചിത്രത്തിനു വേണ്ടി ജയവിജയന്മാർ ഈണം നൽകി ഗാനഗന്ധർവൻ യേശുദാസ് അനശ്വരമാക്കിയ ഗാനമാണിത്.

പോയവസന്തം

അച്ഛൻ വിജയനും വല്യച്ഛൻ ജയനുമാണ് മഞ്ജുനാഥിനു സംഗീതത്തിലെ ആദ്യ ഗുരുക്കന്മാർ. കോട്ടയം മീനച്ചിലാറിന്‍റെ തീരത്തുള്ള കുടുംബവീടായ 'കടമ്പൂത്ര മഠ'ത്തിൽ ശ്രുതിസംഗീതമില്ലാതെ ഒരു ദിനവും കടന്നുപോയില്ല. ദൂരദേശങ്ങളിലെ കച്ചേരി കഴിഞ്ഞ് ജയവിജയന്മാർ വീട്ടിലെത്തിയാൽ പിന്നെ അവിടെ വീണ്ടും സ്വരരാഗഗംഗാപ്രവാഹമായി. ചെമ്പൈ സ്വാമി, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങിയ മഹാഗുരുക്കന്മാരും അക്കാലത്ത് ആ സംഗീതകുടുംബത്തിൽ അതിഥികളായി എത്തിയിരുന്നു.

അതിനിടെ അപ്രതീക്ഷിതമായാണ് വിധിയുടെ അപശ്രുതി. 1988 ജനുവരി ഒൻപതിന് കെ ജി വിജയൻ സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായി. തമിഴ്നാട്ടിലെ ഡിൻഡിഗലിലെ അയ്യപ്പ ക്ഷേത്രത്തിൽ കച്ചേരിക്കു പോകവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദിവസങ്ങൾക്കു ശേഷം പമ്പാ നദിയിൽ മകരസംക്രമസന്ധ്യയിൽ ചിതാഭസ്മം നിമഞ്ജനം ചെയ്തു. അങ്ങനെ ആ നാദശരീരം പമ്പയില്‍ അലിഞ്ഞു. ജീവിതം മുഴുവൻ അയ്യപ്പസംഗീതത്തിനായി മാറ്റിവച്ച ഭക്തനു മരണത്തിലും കാലം കാത്തുവച്ച പുണ്യം.

kg vijayan son manjunath vijayan tribute song video

 

പാട്ടിന്‍റെ പൈതൃക വഴി

സംഗീതവഴിയിൽ ജയ - വിജയങ്ങൾ തേടുകയാണ് മഞ്ജുനാഥും. നാല് മലയാള സിനിമകൾക്ക് ഈണം നൽകിക്കഴിഞ്ഞു. പിതൃസഹോദര പുത്രൻ മനോജ് കെ ജയൻ, വിനീത് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ക്ലിയോപാട്ര (2013) ആണ് ആദ്യ ചിത്രം. ഇതിൽ കെ എസ് ചിത്ര ആലപിച്ച ‘‘ആതിര തിങ്കളേ പാൽക്കുടം താ...’’ എന്ന ഗാനം  ശ്രദ്ധേയമായി. ‘ദൂരെ’, ‘കുപ്പിവള’ തുടങ്ങിയ സിനിമകൾക്കും സംഗീതം നൽകി. ‘കുപ്പിവള’യിലെ "കലയുടെ കവിത തൻ..." എന്ന് ആരംഭിക്കുന്ന ഗാനത്തിനു വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പുരസ്കാരം ലഭിച്ചു. ഈ ഗാനത്തിലൂടെ മധു ബാലകൃഷ്ണനു മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചു. ഇതേ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാനും മഞ്ജുനാഥിന് അവസരം ലഭിച്ചു. ചിത്രീകരണത്തിലിരിക്കുന്ന ‘ഉടുമ്പ് ബിജു’വാണ് സംഗീതം നൽകിയ പുതിയ സിനിമ. ഇതിനായി എം ജി ശ്രീകുമാർ ആലപിച്ച ഒരു ഗാനം റെക്കോർഡ് ചെയ്തു കഴിഞ്ഞു.

ഭക്തി തന്നെ സംഗീതം

നിരവധി ഭക്തിഗാന കാസറ്റുകൾക്കും മഞ്ജുനാഥ് ഈണം നൽകിയിട്ടുണ്ട്. ‘ദിവ്യവിരുന്ന്’ എന്ന ക്രിസ്തീയ ഭക്തിഗാന സമാഹാരം ആയിരുന്നു ആദ്യത്തേത്. പിന്നീട്  ‘പ്രിയസഖി’ എന്ന ഹിറ്റ് വിഡിയോ ആൽബം. ഇതിലെ, ‘ഹൃദയവനി തേടി...’ എന്ന പാട്ട് പാടുകയും ചെയ്തു. 

അയ്യപ്പഭക്തിഗാനരംഗത്തും പടിചവിട്ടി. ‘വൃശ്ചികമാസം’ ആയിരുന്നു ആദ്യ കാസറ്റ്. ഇക്കാലയളവിൽ ഇറങ്ങിയ ‘ശ്രീകോവിൽ’ എന്ന ഭക്തിഗാന കാസറ്റിൽ പാടി. എസ് രമേശൻ നായരുടെ രചനയിൽ മഞ്ജുനാഥ് ഈണം നൽകിയ ‘സന്താനഗോപാല മൂർത്തേ’ എന്ന പൂർണത്രയീശ  ഭക്തിഗാന സമാഹാരവും ഹിറ്റായി. മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, രാജലക്ഷ്മി എന്നിവരാണ് ഇതിലെ ഗായകർ. 

അയ്യപ്പ ഭക്തിഗാനശാഖയോട് പ്രത്യേക താല്പര്യമുണ്ട് മഞ്ജുനാഥിന്. ഈ രംഗത്ത് ജയവിജയ പാരമ്പര്യം പിന്തുടരണമെന്നാണ് ആഗ്രഹവും.

കെ.ജി.വിജയൻ എന്ന, ഗന്ധർവലോകത്തേക്ക് മടങ്ങിയ ഗായകനെ ഇന്ന് അധികമാരും ഓർക്കുന്നുണ്ടാവില്ല. "ജയവിജയ" എന്നത് കെ ജി ജയന്‍റെ അപരനാമമാണ് എന്ന് കരുതുന്നവരും ഇന്ന് ഏറെ. എന്നാൽ, കാലപ്രവാഹത്തെ മറികടന്നെത്തുന്ന ജയവിജയ ഗാനങ്ങൾ വിജയന്‍റെ ഓർമ്മകളെയും ഒപ്പംകൂട്ടുന്നു. 

"

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios