Asianet News MalayalamAsianet News Malayalam

ട്രെയ്‌ലര്‍ സ്‌പെഷ്യല്‍ ഷോയ്ക്ക് രണ്ട് രൂപ ടിക്കറ്റ്! തമിഴ്‌നാട്ടിലെ പുതിയ ട്രെന്റിനൊപ്പം വിജയ്‌യുടെ 'ബിഗില്‍'

അജിത്ത്കുമാറിന്റെ അവസാനം പുറത്തിറങ്ങിയ 'നേര്‍കൊണ്ട പാര്‍വൈ'യാണ് ട്രെയ്‌ലറുകളുടെ തീയേറ്റര്‍ സ്‌പെഷ്യല്‍ ഷോകള്‍ക്ക് തുടക്കം കുറിച്ച ചിത്രം. 

bigil trailer special shows in theatres new trend in tamilnadu
Author
Chennai, First Published Oct 15, 2019, 1:45 PM IST

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ സിനിമകളുടെ ട്രെയ്‌ലറും പോസ്റ്ററുമടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. സിനിമകളുടെ പ്രൊമോഷന് നിര്‍മ്മാതാക്കള്‍ ഇത് ഗുണപരമായി ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്തേക്ക് കടന്ന്, സൂപ്പര്‍താര സിനിമകളുടെ ട്രെയ്‌ലറുകള്‍ ആരാധകര്‍ ആഘോഷമാക്കുന്നത് പുതിയ ട്രെന്റ് ആവുകയാണ് തമിഴ്‌നാട്ടില്‍. ചെന്നൈ ഉള്‍പ്പെടെ പല നഗരങ്ങളിലെ തീയേറ്ററുകളിലും ആരാധകരെ മുന്നില്‍ക്കണ്ട് അവരുടെ പ്രിയതാരങ്ങളുടെ ട്രെയ്‌ലറുകളുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗുകള്‍ സംഘടിപ്പിക്കുന്നു. വിജയ്‌യുടെ 'ബിഗില്‍' ആണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം.

വിജയ്‌യുടെ ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുന്ന 'ബിഗിലി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ ശനിയാഴ്ചയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. ഇതുവരെ യുട്യൂബില്‍ ലഭിച്ച കാഴ്ചകള്‍ 2.6 കോടിക്ക് മുകളിലും. ആരാധകര്‍ക്കിടയിലുള്ള വന്‍ പ്രീ-റിലീസ് ഹൈപ്പ് മുന്നില്‍ക്കണ്ട് അനേകം തീയറ്ററുകള്‍ ട്രെയ്‌ലറിന്റെ സ്‌പെഷ്യല്‍ ഷോകള്‍ സംഘടിപ്പിച്ചു. അവയൊക്കെ വന്‍ വിജയങ്ങളുമായി. ചെന്നൈ ക്രോംപെട്ടിലുള്ള വെട്രി സിനിമാസ്, തിരുനെല്‍വേലിയിലെ റാം മുത്തുറാം സിനിമാസ് തുടങ്ങിയ തീയേറ്ററുകളിലൊക്കെ ഇത്തരത്തിലുള്ള ട്രെയ്‌ലര്‍ സ്‌പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. 

ആരാധകരെ ആകര്‍ഷിക്കാനുള്ള ശ്രമമെന്ന നിലയില്‍ ട്രെയ്‌ലറുകള്‍ക്ക് പ്രത്യേക പ്രദര്‍ശനം മറ്റ് ചില തീയേറ്ററുകളും നേരത്തേ തുടങ്ങിയിരുന്നെങ്കിലും വെട്രി സിനിമാസ് ആണ് അതിന് ആദ്യമായി ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപയാണ് വെട്രി സിനിമാസ് ട്രെയ്‌ലര്‍ ഷോ ടിക്കറ്റിന് ഈടാക്കുന്നത്. എന്നാല്‍ ആരാധകരില്‍ മിക്കവരും ജിഎസ്ടി അടക്കം 30-35 രൂപ നല്‍കി ഓണ്‍ലൈനിലാണ് പലപ്പോഴും ടിക്കറ്റുകള്‍ വാങ്ങുന്നതെന്ന് വെട്രി തീയേറ്റര്‍ ഉടമ രാകേഷ് ഗൗതമനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2.41 മിനിറ്റാണ് 'ബിഗില്‍' ട്രെയ്‌ലറിന്റെ ദൈര്‍ഘ്യമെങ്കില്‍ ഒരു രൂപ ടിക്കറ്റിന് അര മണിക്കൂറോളം നീളുന്ന ഷോയാണ് പല തീയേറ്ററുകളും സംഘടിപ്പിക്കുന്നത്. ഒന്നിലധികം തവണ ട്രെയ്‌ലറും ഒപ്പം വിജയ്‌യുടെ മറ്റ് ജനപ്രിയ സിനിമകളിലെ രംഗങ്ങളും പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും. അജിത്ത്കുമാറിന്റെ അവസാനം പുറത്തിറങ്ങിയ 'നേര്‍കൊണ്ട പാര്‍വൈ'യാണ് ട്രെയ്‌ലറുകളുടെ തീയേറ്റര്‍ സ്‌പെഷ്യല്‍ ഷോകള്‍ക്ക് തുടക്കം കുറിച്ച ചിത്രം. 

Follow Us:
Download App:
  • android
  • ios